ന്യൂഡൽഹി : റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ് നോൺ ടെക്നിക്കൽ പോപ്പുലർ കാറ്റഗറീസ്, ഐസൊലേറ്റഡ് ആൻഡ് മിനിസ്‌റ്റീരിയൽ, ലെവൽ വൺ കാറ്റഗറികളിലെ ഒഴിവുകളിലേക്കുള്ള കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷകൾ ഡിസംബർ 15 മുതൽ ആരംഭിക്കുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി പിയൂഷ് ഗോയൽ ട്വിറ്ററിലൂടെ അറിയിച്ചു.
റെയിൽവേ ബോർഡ് ചെയർമാൻ വി.കെ. യാദവ് പരീക്ഷകളുടെ തീയതി പ്രഖ്യാപിക്കുന്ന വീഡിയോയും പിയൂഷ് ഗോയൽ ട്വിറ്ററിലൂടെ പുറത്തുവിട്ടിട്ടുണ്ട്. ' 1,40,640 ഒഴിവുകളിലേക്ക് 2019 ഫെബ്രുവരി 23നാണ് വിജ്ഞാപനം നടത്തിയത്. 2 കോടിയോളം ഉദ്യോഗാർത്ഥികളിൽ നിന്നുള്ള അപേക്ഷകളാണ് റെയിൽവേയ്ക്ക് ലഭിച്ചത്. 2019 മാർച്ച്1നും 31നും ഇടയിലായിരുന്നു അപേക്ഷകൾ ക്ഷണിച്ചിരുന്നത്. അപേക്ഷകളുടെ സൂഷ്മ പരിശോധനകൾ പൂർത്തിയായി. കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ ഇതുവരെ പരീക്ഷകൾ നടത്തിയിട്ടില്ല. മൂന്ന് കാറ്റഗറികളിലേക്കുള്ള പരീക്ഷകളും ഡിസംബർ 15ന് ആരംഭിക്കും. പരീക്ഷാക്രമത്തെ സംബന്ധിച്ച വിശദവിവരങ്ങൾ ഉടൻ തന്നെ പുറത്തുവിടും. ' റെയിൽവേ ബോർഡ് ചെയർമാൻ അറിയിച്ചു.
ഗാർഡ്, ഓഫീസ് ക്ലാർക്ക്, കൊമേഴ്ഷ്യൽ ക്ലാർക്ക് തുടങ്ങിവ പോസ്റ്റുകളാണ് നോൺ ടെക്നിക്കൽ പോപ്പുലർ കാറ്റഗറിയിലുള്ളത്. 35,208 ഒഴിവുകളാണ് ഈ കാറ്റഗറിയിൽ. മെയിന്റെയിനേഴ്സ്, പോയിന്റ്സ്മാൻ എന്നിവരാണ് ലെവൽ വണിൽ ഉൾപ്പെടുന്നത്. ഈ കാറ്റഗറിയിൽ 1,03,769 ഒഴിവുകളുണ്ട്. ഐസൊലേറ്റഡ് ആൻഡ് മിനിസ്റ്റീരിയൽ കാറ്റഗറിയിൽ 1,663 ഒഴിവുകളാണുള്ളത്. ഈ വർഷം ജൂണിനും സെപ്റ്റംബറിനും ഇടയിൽ പരീക്ഷകൾ നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ കൊവിഡ് സാഹചര്യത്തിൽ നീട്ടി വയ്ക്കുകയായിരുന്നു.