riyad

റിയാദ്: ലോകത്ത് കൊവിഡ് കേസുകള്‍ വര്‍ദ്ധിക്കുകയാണ്. രോഗമുക്തി നേടുന്നവരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടെങ്കിലും മരണനിരക്ക് പിടിച്ച് നിര്‍ത്താന്‍ സാധിക്കാത്തതാണ് തിരിച്ചടിയാകുന്നത്. കൊവിഡ് ബാധിതരുടെ എണ്ണത്തിലും വര്‍ദ്ധന തുടരുകയാണ്. കൊവിഡ് പ്രതിരോധിക്കാന്‍ വാക്സിന്‍ കണ്ടെത്തുകയല്ലാതെ മറ്റ് മാര്‍ഗമില്ലെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നുണ്ട്. കൊവിഡ് വ്യാപനം വന്‍ സാമ്പത്തിക പ്രതിസന്ധിയാണ് വിവിധ രാജ്യങ്ങളിലുണ്ടാക്കിയത്.

തൊഴില്‍ മേഖലയില്‍ കൂടുതല്‍ പ്രവാസികള്‍ ജോലി ചെയ്യുന്ന ഗള്‍ഫ് മേഖലയിലും തിരിച്ചടി രൂക്ഷമാണ്. ഇതിനിടെ സൗദി അറേബ്യ സ്വദേശിവത്കരണം ശക്തമാക്കുകയാണെന്ന റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്. പ്രവാസികള്‍ കൂടുതലായി എത്തുന്ന സൗദി അറേബ്യയയില്‍ സ്വദേശിവത്കരണം ശക്തമാക്കാന്‍ തൊഴില്‍ മന്ത്രാലയം ഒരുങ്ങുന്നുവെന്നാണ് സൂചന.

70ലക്ഷത്തിലധികം പ്രവാസികള്‍ സൗദിയില്‍ ജോലി ചെയ്യുന്നുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 86 ശതമാനം ആളുകള്‍ വീടുകളില്‍ ഡ്രൈവര്‍മാരായും സഹായികളായും ജോലി ചെയ്യുന്നുണ്ട്. വീട്ടു വേലക്കാരുടെ കണക്ക് 68 ശതമാനമാണെന്നും തൊഴില്‍ മന്ത്രാലയത്തിന്റെ രേഖകളില്‍ നിന്ന് വ്യക്തമാണ്. നിര്‍മ്മാണ മേഖലയിലും ഓഫീസുകളിലും ജോലി ചെയ്യുന്നവരുടെ എണ്ണവും ഉയര്‍ന്ന നിലയിലാണ്.

വിദേശ രാജ്യങ്ങളില്‍ നിന്നായി ജോലിക്കായി ആളുകളെ റിക്രൂട്ട് ചെയ്യുന്നതില്‍ നാലാം സ്ഥാനത്താണ് സൗദിയുടെ സ്ഥാനം. ഇക്കാര്യത്തില്‍ ബ്രിട്ടനാണ് ഒന്നാമതുള്ളത്. റഷ്യ, ജര്‍മ്മനി എന്നീ രാജ്യങ്ങളാണ് പിന്നാലെയുള്ളത്. നിര്‍മ്മാണ മേഖലയിലടക്കമുള്ള ജോലികള്‍ക്കായിട്ടാണ് സൗദിയിലേക്ക് കൂടുതല്‍ ആളുകള്‍ എത്തുന്നത്. രാജ്യത്തെ പ്രവാസി ജോലിക്കാർ വര്‍ഷത്തില്‍ 26 ശതകോടി രൂപ വേതനമായി കൈപ്പറ്റുന്നുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.