terrorist-drown

ശ്രീനഗർ: ജമ്മു കാശ്മീരിലെ നിയന്ത്രണ രേഖയ്ക്കടുത്തുള്ള ബന്ദിപ്പൂർ ജില്ലയിലെ കിഷൻഗംഗ നദിയിൽ നിന്നും രണ്ട് ഹിസ്‌ബുൾ മുജാഹിദീൻ ഭീകരരുടെ മൃതദേഹങ്ങൾ കണ്ടെടുത്ത് സുരക്ഷാ ഉദ്യോഗസ്ഥർ. പാക് അധീന കാശ്മീരിൽ നിന്നും ഇവർ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിക്കുന്നതിനിടെയാണ് പുഴയിൽ മുങ്ങി മരിച്ചതെന്നാണ് പ്രാഥമിക വിവരം.

ഭീകരവാദികളിൽ സമീർ അഹ്മദ് ഭട്ട് എന്ന പേരിൽ തിരിച്ചറിഞ്ഞിട്ടുള്ളയാൾ സ്വദേശം പുൽവാമ ജില്ലയിലെ ഡാങ്ങേർപൂരിൽ നിന്നും വരുന്നുവെന്നും നിസാർ അഹ്മദ് റാത്തർ എന്ന് പേരുള്ള രണ്ടാമത്തെ ഭീകരൻ പുൽവാമയിലെ തന്നെ ട്രാളിൽ നിന്നുമുള്ളയാളാണെന്നും സുരക്ഷാ ഉദ്യോഗസ്ഥർ കണ്ടെത്തിയിട്ടുണ്ട്.

രണ്ടുപേരും 2018ൽ പുൽവാമയിൽ നിന്നും കാണാതായവരാണെന്നും വിവരം ലഭിച്ചു. നാല് റിസ്റ്റ് വാച്ചുകൾ, 116 എ.കെ റെഡ് ഡോട്ട് സൈറ്റുകൾ(ആർ.ഡി.എസ്), 9 എം.എം ആർ.ഡി.എസ്, ഒരു ഗ്രനേഡ് എന്നിവ കണ്ടെടുത്തിട്ടുണ്ട്.ഒപ്പം ഇരുവരുടെയും പക്കൽ നിന്നും ആധാർ കാർഡും ഡ്രൈവിംഗ് ലൈസൻസും ലഭിച്ചിട്ടുണ്ട്.