യു.എസ് ഓപ്പൺ : ജോക്കോവിച്ചും ഒസാക്കയും ക്വിറ്റോവയും നാലാം റൗണ്ടിൽ
ഹാർഡ് കോർട്ടിൽ ജോക്കോവിച്ചിന്റെ 600-ാം കരിയർ വിജയം
ന്യൂയോർക്ക്: യു.എസ് ഓപ്പൺ ഗ്രാൻഡ് സ്ലാം ടെന്നിസ് ടൂർണമെന്റിൽ ടോപ്പ് സീഡ് നൊവാക്ക് ജോക്കോവിച്ച് നാലാം റൗണ്ടിലെത്തി. കഴിഞ്ഞ ദിവസം മൂന്നാം റൗണ്ട് പോരാട്ടത്തിൽ ജർമ്മൻ താരം ജാൻ-ലിയന്നാർഡ് സ്‌ട്രഫിനെ നേരിട്ടുള്ള സെറ്റുകളിൽ 6-3,6-3,6-1ന് കീഴടക്കിയാണ് ജോക്കോവിച്ചിന്റെ മുന്നേറ്രം. ഹാർഡ് കോർട്ടിൽ ജോക്കോവിച്ചിന്റെ 600-ാം കരിയർ ജയമാണിത്. ഗ്രാൻഡ് സ്ലാമിൽ 150 വിജയങ്ങളും ജോക്കോ പൂർത്തിയാക്കി. മൂന്ന് തവണ വിംബിൾഡൺ ചാമ്പ്യനായിട്ടുള്ള ജോക്കോവിച്ചിനെതിരെ സ്‌ട്രഫിന് ഒരുഘട്ടത്തിൽ പോലും അധിപത്യം പുലർത്താനായില്ല. ഇതുവരെ കരിയറിലെ അഞ്ച് തവണ ഇരുവരും മുഖാമുഖം വന്നിട്ടുണ്ടെങ്കിലും ജോക്കോവിച്ചിനെതിരെ ഒരു സെറ്റ് മാത്രം നേടാനെ ജർമ്മൻ താരത്തിനായിട്ടുള്ളൂ. 2020ൽ ജോക്കോവിച്ചിന്റെ തുടർച്ചയായ ഇരുപത്തിയാറാം വിജയം കൂടിയാണിത്.
വനിതാ സിംഗിൾസിൽ ജാപ്പനീസ് സൂപ്പർതാരം നവോമി ഒസാക്കയും നാലാം റൗണ്ട് ഉറപ്പാക്കി. 2 മണിക്കൂർ 3 മിനിട്ട് നീണ്ടു നിന്ന മൂന്ന് സെറ്റ് നീണ്ട മൂന്നാം റൗണ്ട് പോരാട്ടത്തിൽ ഉക്രൈന്റെ മാർത്ത കൊസ്റ്റ്യൂക്കിനെയാണ് ഒസാക്ക തോൽപ്പിച്ചത്. 6-3, 6-7,6-2നാണ് പതിനെട്ട്കാരിയായ കൊസ്റ്റ്യൂക്കിനെ ഒസാക്ക വീഴ്ത്തിയത്. ചെക്ക് താരം പെട്രാ ക്വിറ്രോവ അമേരിക്കൻ താരം ജെസ്സീക്ക പെഗൂലയെ നേരിട്ടുള്ള സെറ്റുകളിൽ 6-4,6-3ന് കീഴടക്കിയാണ് അവസാന പതിനാറിൽ ഇടം നേടിയത്.
ബൊപ്പണ്ണ സഖ്യം രണ്ടാം റൗണ്ടിൽ
പുരുഷ ഡബിൾസിൽ ഇന്തോ-കനേഡിയൻ ജോഡിയായ രോഹൻ ബൊപ്പണ്ണ - ഡെന്നിസ് ഷാപ്പലോവ് സഖ്യം രണ്ടാം റൗണ്ടിലെത്തി. ആദ്യ റൗണ്ടിൽ അമേരിക്കൻ ജോഡി ഏണസ്റ്റോ എസ്കോബെഡോ - നോഹ് റൂബിൻ കൂട്ടുകെട്ടിനെ 6-2, 6-4നാണ് ബൊപ്പണ്ണ സഖ്യം വീഴ്ത്തിയത്.