മുംബയ്: നടൻ സുശാന്ത് സിംഗ് രാജ്പുത്തിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസിൽ സുശാന്തിന്റെ പാചകക്കാരൻ ദീപേഷ് സാവന്തിനെ നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ അറസ്റ്റ് ചെയ്തു. ഇന്നലെ ദീപേഷ് സാവന്തിന്റെ മൊഴിരേഖപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ്. നടന്റെ കാമുകിയും നടിയുമായ റിയ ചക്രവർത്തിയെ അറസ്റ്റ് ചെയ്തേക്കും. റിയ മയക്കുമരുന്ന് വാങ്ങിയതിന്റെയും കൈവശം വച്ചതിന്റെയും വിറ്റതിന്റെയും കൂടുതൽ തെളിവുകൾ നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോയ്ക്ക് ലഭിച്ചു. റിയയുടെ ക്രെഡിറ്റ് കാർഡിലൂടെ ലഹരി കടത്തുകാർ പണം കെെമാറിയതിന്റെ രേഖകളും കണ്ടെത്തി.
കഴിഞ്ഞ ദിവസം അറസ്റ്റിലായ സഹോദരൻ ഷൗവിക്ക് ചക്രവർത്തിയേയും റിയയേയും ഇന്ന് ഒരുമിച്ചിരുത്തി വീണ്ടും ചോദ്യം ചെയ്യും.
ഇന്നലെ കോടതിയിൽ ഹാജരാക്കിയ ഷൗവിക്കിനെയും സുശാന്തിന്റെ മാനേജർ സാമുവൽ മിരാൻഡയേയും ഒമ്പത് വരെ നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോയുടെ കസ്റ്റഡിയിൽ വിട്ടു. ലഹരിവസ്തുക്കൾ കൈമാറ്റം ചെയ്തതിന് വെള്ളിയാഴ്ചയാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.
റിയയുടെ നിർദ്ദേശപ്രകാരം മിറാൻഡ വഴി സുശാന്തിനായി മയക്കുമരുന്ന് വാങ്ങാറുണ്ടായിരുന്നുവെന്ന് ഷൗവിക് അന്വേഷണ ഉദ്യോഗസ്ഥരോട് സമ്മതിച്ചിട്ടുണ്ട്. ഷൗവിക്കിന്റെ നിർദ്ദേശപ്രകാരം താൻ ലഹരി മരുന്ന് സംഘടിപ്പിച്ച് നൽകിയതായി സാമുവലും സമ്മതിച്ചു.
അറസ്റ്റിന് മുമ്പായി ഇരുവരുടേയും വീടുകളിൽ പരിശോധന നടത്തിയിരുന്നു. ലഹരി ഇടപാടുകാരനായ അബ്ദുൾ ബാസിത് പരിഹാറിൽ നിന്ന് ഷൗവിക് കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരി വസ്തുക്കൾ വാങ്ങിയിരുന്നുവെന്നും ഗൂഗിൽ പേ വഴി പണം കൈമാറിയിരുന്നുവെന്നും കണ്ടെത്തി.
സുശാന്തിന് വേണ്ടി കഞ്ചാവ് എത്തിച്ചു നൽകിയതായി സാമുവൽ മിരാൻഡ ചോദ്യം ചെയ്യലിൽ സമ്മതിച്ചതായാണ് റിപ്പോർട്ട്. 2019 സെപ്തംബർ മുതൽ 2020 മാർച്ച് വരെ ഇത് തുടർന്നിരുന്നു.
കേസിൽ സി.ബി.ഐയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും നാർകോട്ടിസ് ബ്യൂറോയും ചേർന്നാണ് അന്വേഷണം നടത്തുന്നത്.
സുശാന്തിന്റ വീട്ടിൽ പരിശോധന നടത്തി എയിംസിലെ വിദഗ്ദ്ധർ
നടൻ സുശാന്ത് സിംഗ് രാജ്പുത്തിന്റെ വീട്ടിൽ ഡൽഹി എയിംസിൽ നിന്നുള്ള വിദഗ്ദ്ധ സംഘം ഫൊറൻസിക് പരിശോധന നടത്തി. സി.ബി.ഐയാണ് മൂന്നംഗ പ്രത്യേക സംഘത്തെ എത്തിച്ചത്. ഇവരുടെ റിപ്പോർട്ട് ലഭിച്ചശേഷം ബാക്കി അന്വേഷണം നടത്തുമെന്നാണ് വിവരം. സുശാന്തിന്റെ മരണത്തിന്റെ എല്ലാ വശവും പരിശോധിക്കാൻ എയിംസ് സംഘത്തിന്റെ സഹായം കഴിഞ്ഞമാസം തന്നെ സി.ബി.ഐ തേടിയിരുന്നുവെന്ന് എയിംസ് ഫൊറൻസിക് മെഡിസിൻ വിഭാഗം തലവൻ ഡോ. സുധീർ ഗുപ്ത പറഞ്ഞിരുന്നു.