tik-tok

ഇന്ത്യയിൽ നിരോധിക്കപ്പെട്ട ചൈനീസ് ആപ്പായ 'ടിക് ടോക്കി'നെതിരെ ബ്രിട്ടനിൽ വ്യാപക പരാതികൾ ഉയരുന്നു. ആപ്പ് കൗമാരക്കാരെ, വഴിതെറ്റിക്കുന്നുവെന്നാണ് ഉയരുന്ന പ്രധാന പരാതി. ബ്രിട്ടനിലെ കൗമാരപ്രായത്തിലുള്ള കുട്ടികൾ, പ്രത്യേകിച്ചും പെൺകുട്ടികൾ തങ്ങളുടെ ലൈംഗികാനുഭവങ്ങളും മറ്റും യാതൊരു മറയുമിലാതെ വീഡിയോ ഷെയറിംഗ് ആപ്പ് വഴി പങ്കുവയ്ക്കുന്നുവെന്നാണ് രാജ്യത്തെ മാതാപിതാക്കൾ പറയുന്നത്.

കൗമാരക്കാരിയുടെ ഇത്തരത്തിലുള്ള പെരുമാറ്റം കുട്ടികളോട് ലൈംഗികാസക്തി പുലർത്തുന്നവരെ(പീഡോഫൈലുകൾ) ക്ഷണിച്ചുവരുത്തുന്ന തരത്തിലുള്ളതാണെന്നും അതിനാൽ തങ്ങൾക്ക് ഇക്കാര്യത്തിൽ ആശങ്കയുണ്ടെന്നുമാണ് ഇവർ പറയുന്നത്. സ്വന്തം അദ്ധ്യാപകരോട് പോലും പെൺകുട്ടികൾ, തങ്ങളുടെ കാമുകന്മാരും മറ്റുമായി ബന്ധപ്പെട്ടുള്ള സ്വകാര്യ വിവരങ്ങൾ ഇവർ പങ്കുവയ്ക്കാറുണ്ടെന്നും ഇത് ഒട്ടും സുരക്ഷിതമല്ലെന്നും മാതാപിതാക്കൾ പറയുന്നുണ്ട്.

അവസരം മുതലാക്കി, നഗ്നചിത്രങ്ങൾക്കും മറ്റും പ്രായപൂർത്തിയെത്താത്ത ഈ പെൺകുട്ടികളെ സമീപിക്കുന്ന പ്രവണതകളും കണ്ടുവരുന്നുണ്ട്. പത്ത് വയസ് പോലും പ്രായമെത്താത്ത പെൺകുട്ടികളും ടിക് ടോക് ഉപയോഗിക്കുന്നവരുടെ കൂട്ടത്തിലുണ്ടെന്നുള്ളതും മാതാപിതാക്കളെ കടുത്ത ആശങ്കയിലാക്കുന്നുണ്ട്.

ആപ്പ് 'ഒട്ടും സുരക്ഷിതമല്ലാത്ത സൈബർ സ്‌പേസുകൾ' ആണ് സൃഷ്ടിക്കുന്നതെന്ന് അമേരിക്കയിലെ 'നാഷണൽ സെന്റർ ഓൺ സെക്ഷ്വൽ എക്പ്ലോയിറ്റേഷൻ' കണ്ടെത്തിയിട്ടുണ്ട്. ലൈംഗിക ചൂഷണത്തിന് വഴി തെളിക്കുന്ന ആപ്പ് ആയാണ് നാഷണൽ സെന്റർ ഓൺ സെക്ഷ്വൽ എക്പ്ലോയിറ്റേഷനും ടിക് ടോക്കിനെ കാണുന്നത്. എന്നിവരുന്നാലും ഇന്ത്യയുടെ വഴി പിന്തുടർന്നുകൊണ്ട് ആപ്പ് നിരോധിക്കാൻ അമേരിക്ക ഇനിയും തയാറായിട്ടില്ല.