ന്യൂഡൽഹി: മരണശേഷം തന്റെ കണ്ണുകൾ ദാനം ചെയ്യുമെന്ന് ഇന്ത്യൻ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യ റിവാബ ജഡേജ. തന്റെ ജന്മദിനത്തിലാണ് റിവാബ ഇക്കാര്യം വ്യക്തമാക്കിയത്. റിവാബയ്ക്ക് ജന്മദിനാശംസകൾ നേർന്ന് ജഡേജ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് കണ്ണുകൾ ദാനം ചെയ്യുമെന്ന കാര്യം റിവാബ പ്രഖ്യാപിച്ചത്. റിവാബയുടെ മാതൃകാപരമായ തീരുമാനത്തിന് വലിയ അഭിനന്ദനമാണ് എങ്ങുനിന്നും കിട്ടുന്നത്.
കഴിഞ്ഞയിടെ മാസ്ക് ധരിക്കാത്തത് ചോദ്യം ചെയ്ത പൊലീസുകാരുമായി റിവാബ വാക്പോരിൽ ഏർപ്പെട്ടത് വിവാദമായിരുന്നു. കഴിഞ്ഞ വർഷം ബി.ജെ.പിയിൽ ചേർന്ന റിവാബ തുടർന്ന് ഗുജറാത്തിൽ കർണിസേനയുടെ വനിതാ വിഭാഗം അധ്യക്ഷയായി നിയമിതയായി.
ദൈവാനുഗ്രഹത്താൽ ഒരു മനുഷ്യശരീരത്തിന് ആവശ്യമായ അവയവങ്ങളെല്ലാം എനിക്കുണ്ട്. കാഴ്ചയില്ലാത്തവർക്ക് ഏതെങ്കിലും വിധത്തിൽ സഹായം ഉറപ്പാക്കാൻ എനിക്ക് സാധിക്കുമെങ്കിൽ അതിൽ അഭിമാനിക്കുന്നു. ഇപ്പോൾ എന്റെയുള്ളിൽ അലയടിക്കുന്ന ആഹ്ലാദം പറഞ്ഞറിയിക്കാൻ എനിക്കു വാക്കുകളില്ല. എന്നെ സംബന്ധിച്ച് വളരെയധികം സമാധാനം നൽകുന്ന, സന്തോഷം നൽകുന്ന നിമിഷമാണിത്. നമ്മുടെയൊക്കെ മരണം ആർക്കെങ്കിലുമൊക്കെ ഉപകാരപ്രദമാകുന്നതിന് ഇത്തരം നല്ല കാര്യങ്ങൾ ചെയ്യാൻ ഞാൻ എല്ലാവരോടും ആഹ്വാനം ചെയ്യുന്നു.-
റിവാബ വീഡിയോയിൽ പറഞ്ഞത്.