musthafizur

ധാക്ക: സൂപ്പർ പേസർ മുസ്തഫിസുർ റഹിമിനായി ബംഗ്ലാദേശ് ക്രിക്കറ്ര് ബോർഡിനെ സമീപിച്ച ഐ.പി.എൽ ടീമുകളായ കൊൽക്കത്ത നൈറ്ര് റൈഡേഴ്സിനും മുംബയ് ഇന്ത്യൻസിനും മിരാശ. മുസ്തഫിസുറിന് എൻ.ഒ.സി കൊടുക്കാൻ ബംഗ്ലാദേശ് ക്രിക്കറ്ര് ബോർഡ് തയ്യാറായില്ല. അടുത്ത മാസം നടക്കുന്ന ബംഗ്ലാദേശിന്റെ ശ്രീലങ്കൻ പര്യടനം ചൂണ്ടിക്കാട്ടിയാണ് എൻഒസി നൽകാതിരുന്നത്. സെപ്തംബർ 19ന് തുടങ്ങുന്ന ഐ.പി.എൽ 13-ാം സീസണിലേക്ക് പകരക്കാരൻ ബൗളറായി മുസ്തഫിസുറിനെ ടീമിലുൾപ്പെടുത്താനാണ് മുംബയ്‌യും കൊൽക്കത്തയും ശ്രമിച്ചത്.

ലസിത് മലിംഗ വ്യക്തിപരമായ കാരണങ്ങളാൽ ഐ.പി.എല്ലിൽ നിന്ന് പിന്മാറിയതോടെയാണ് മുംബയ് ഇന്ത്യൻസ് മുസ്തഫിസുറിനെ ടീമിലെത്തിക്കാൻ ശ്രമം തുടങ്ങിയത്. നേരത്തേ മുംബയ് ടീമിൽ ഉണ്ടായിരുന്ന താരമാണ് മുസ്തഫിസുർ. ബി.സി.ബി പറ്രില്ലെന്ന് പറഞ്ഞതോടെ ഓസീസ് താരം ജയിംസ് പാറ്റിൻസണെ ടീമിലുൾപ്പെടുത്തിയിരിക്കുകയാണ് മുംബയ് ഇന്ത്യൻസ് .

ഈ സീസണിൽ നിന്ന് പിന്മാറിയ ഇംഗ്ലീഷ് പേസ് ബൗളർ ഹാരി ഗുർണിക്ക് പകരക്കാരമായാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് മുസ്തഫിസുറിനെ തങ്ങളുടെ പാളയത്തിലെത്തിക്കാൻ നീക്കം നടത്തിയത്. കഴിഞ്ഞ താരലേലത്തിൽ മുസ്തഫിസുറിനെ വാങ്ങാൻ ആളുണ്ടായിരുന്നില്ല.