imran-khan

ഇസ്ലാമാബാദ്: അടുത്തമാസം നടക്കുന്ന ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സിന്റെ (എഫ്എടിഎഫ്) അവലോകനത്തിനായി പാകിസ്ഥാൻ ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്. നല്ല പിള്ള ചമയാൻ പാക് സർക്കാരിന്റെ കഠിന ശ്രമങ്ങളെല്ലാം നടന്നുകൊണ്ടിരിക്കുന്നു. എന്നാൽ ഈ വേളയിൽ പാകിസ്ഥാന് ഇടുത്തീയായി ചില രേഖകൾ പുറത്തുവന്നിരിക്കുകയാണ്.

തീവ്രവാദ സംഘടനകൾക്ക് ഇസ്ലാമാബാദ് തുടർച്ചയായി സാമ്പത്തിക പിന്തുണ നൽകിയെന്ന് കാണിക്കുന്ന തെളിവുകളാണ് പുറത്തുവരുന്നത്. സുരക്ഷ ഏജൻസികൾ ശേഖരിച്ച വിവരങ്ങൾ തീവ്രവാദ സംഘടനകളുമായുള്ള അടുത്ത ബന്ധം സ്ഥിരീകരിക്കുന്നു. വരാനിരിക്കുന്ന എഫ്എടിഎഫിൽ ഈ വിഷയവും ചർച്ചയായേക്കും

ഇന്ത്യയിൽ ഭീകരത വളർത്താൻ പാകിസ്ഥാൻ ഉപയോഗിക്കുന്ന പ്രധാന ഭീകര സംഘടനകളിലൊന്നാണ് സയ്യിദ് സലാഹുദ്ദീന്റെ നേതൃത്വത്തിലുള്ള ഹിസ്ബുൾ മുജാഹിദ്ദീൻ (എച്ച്എം). യുണൈറ്റഡ് ജിഹാദ് കൗൺസിലിന്റെ (യുജെസി) തലവൻ കൂടിയാണ് സലാഹുദ്ദീൻ. തന്റെ പാകിസ്ഥാൻ യജമാനന്മാരുടെ നിർദേശപ്രകാരം പ്രവർത്തിച്ച സലാഹുദ്ദീൻ, ജമ്മു കാശ്മീരിൽ ഇന്ത്യാ വിരുദ്ധ പ്രചാരണവും, ഭീകരപ്രവർത്തനങ്ങൾ നടത്തുന്നതിലും നിർണായക പങ്കുവഹിച്ചു.

ജമ്മു കാശ്മീരിലെ തീവ്രവാദ, വിഘടനവാദ പ്രവർത്തനങ്ങൾക്ക് ധനസഹായം നൽകുന്നതിൽ പാകിസ്ഥാന്റെ പങ്ക് സലാഹുദ്ദീൻ തന്നെ സമ്മതിച്ചിട്ടുണ്ട്. 2012 ജൂണിൽ ഒരു അഭിമുഖത്തിൽ പാകിസ്ഥാൻ കാശ്മീരിൽ യുദ്ധം ചെയ്യുകയാണെന്ന് സലാഹുദ്ദീൻ സമ്മതിച്ചിരുന്നു. തനിക്ക് പിന്തുണ പിൻവലിച്ചാൽ യുദ്ധം പാകിസ്ഥാനോടാകുമെന്ന് ഇയാൾ ഭീഷണിപ്പെടുത്തിയിരുന്നു.

സലാഹുദ്ദീന്റെ മക്കളായ സയ്യിദ് ഷക്കീൽ യൂസഫിനെയും സയ്യിദ് ഷാഹിദ് യൂസഫിനെയും അറസ്റ്റുചെയ്തതും അടുത്തിടെ അദ്ദേഹത്തിന്റെ അടുത്ത അനുയായികളായ റിയാസ് നായിക്കുവിനെയും ആദിൽ അഹമ്മദിനെയും ഇന്ത്യൻ സുരക്ഷാ സേന കൊലപ്പെടുത്തിയതും (2020 മെയ് 6) സലാഹുദ്ദീന് തിരിച്ചടിയായി

പാകിസ്ഥാനും സയ്യിദ് സലാഹുദ്ദീനും തമ്മിലുള്ളത് വേർപിരിയാനാകാത്ത ബന്ധം

പാകിസ്ഥാൻ ഐഎസ്‌ഐയും (ഇന്റർ സർവീസ് ഇന്റലിജൻസ്) എച്ച്എം മേധാവി സയ്യിദ് സലാഹുദ്ദീനും തമ്മിൽ നേരിട്ട് ബന്ധമുണ്ടെന്ന് ഇന്ത്യൻ സുരക്ഷാ ഏജൻസികൾക്ക് അടുത്തിടെ വ്യക്തമായ തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. മുഹമ്മദ് യൂസഫ് ഷാ എന്ന സയ്യിദ് സലാഹുദ്ദീന്റെ പേരിൽ പുറത്തിറക്കിയ ഒരു കത്ത്, അയാൾ ഡയറക്ടറേറ്റ് ഒഫ് ഇന്റലിജൻസ് ഉദ്യോഗസ്ഥനാണെന്നും, ഐഎസ്‌ഐക്ക് വേണ്ടി പ്രവർത്തിക്കുന്നുണ്ടെന്നും സാക്ഷ്യപ്പെടുത്തി.

letetr

പാകിസ്ഥാൻ ഉന്നത കേന്ദ്രങ്ങളിൽ നിന്ന് വിഐപി സേവനം ആസ്വദിക്കുന്നത് സലാഹുദ്ദീൻ മാത്രമല്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. യുഎൻഎസ്‌സി പട്ടികയിലുള്ള 130 ഓളം ഭീകരർക്ക് പാകിസ്ഥാൻ അഭയം നൽകുന്നു എന്നാണ് കണക്കാക്കുന്നത്.