covid

ന്യൂഡൽഹി: ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ ഇന്ത്യ രണ്ടാം സ്ഥാനത്തേക്ക് എത്തുന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ 90,632 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ഇന്ത്യയിലെ രോഗബാധിതര്‍ 41.13 ലക്ഷമായി. ബ്രസീലില്‍ 41.23 ലക്ഷം പേരാണ് രോഗബാധിതര്‍. മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, കർണാടക, തമിഴ്നാട്, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത്.

സജീവമായ കേസുകളിൽ 62 ശതമാനവും ഈ സംസ്ഥാനങ്ങളിൽ നിന്നാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ദിവസേനെയുള്ള കേസുകളിൽ നാലിലൊന്നും മഹാരാഷ്ട്രയിൽ നിന്നാണ്. ശനിയാഴ്ച കൊവിഡ് ബാധിച്ചവരുടെ എണ്ണം 20,489 ആയി ഉയർന്നിരുന്നു. ആകെ രോഗബാധിതരുടെ എണ്ണം 8,83,862 ആണ്. തുടർച്ചയായ നാലാം ദിവസമാണ് മഹാരാഷ്ട്രയിൽ റെക്കോർഡ് കൊവിഡ് രോഗികൾ.

നിലവില്‍ വിവിധ സംസ്ഥാനങ്ങളിലായി 8.62 ലക്ഷം പേരാണ് ചികിത്സയില്‍ കഴിയുന്നതെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം പറയുന്നു. പ്രതിദിന രോഗബാധയിലും മരണനിരക്കിലും ലോകത്ത് ഇന്ത്യയാണ് ശനിയാഴ്ചയും മുന്നില്‍. ഇന്നലെ മാത്രം 70,000ത്തിലേറെ പേര്‍ രോഗമുക്തി നേടി. രാജ്യത്ത് ഇതുവരെയുളളതില്‍ ഏറ്റവും ഉയര്‍ന്ന പ്രതിദിന രോഗമുക്തി നിരക്കാണിത്.

ലോകത്ത് ഇതുവരെ 2.70 കോടി ജനങ്ങള്‍ക്കാണ് കൊവിഡ് ബാധിച്ചത്. ഇതില്‍ 1.91 കോടി പേര്‍ രോഗമുക്തി നേടി. 8.83 ലക്ഷം ആളുകള്‍ മരിച്ചു. നിലവില്‍ 70.15 ലക്ഷം പേരാണ് ചികിത്സയില്‍ കഴിയുന്നത്.