തിരുവനന്തപുരം: കൊവിഡ് രോഗിയായ യുവതി ആംബുലൻസിൽ പീഡനത്തിന് ഇരയായ സംഭവത്തിൽ ഉന്നതതല അന്വേഷണം വേണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. കൊലക്കേസ് പ്രതി എങ്ങനെ ആംബുലൻസ് ഡ്രൈവറായി, അയാളെ നിയമിച്ചതാര് തുടങ്ങിയ കാര്യങ്ങളിൽ ആരോഗ്യവകുപ്പ് ഉത്തരം പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
'രോഗിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയപ്പോൾ ഡ്രൈവർ മാത്രം ഉണ്ടായത് സംശയാസ്പദമാണ്. ആംബുലൻസിൽപ്പോലും രോഗികൾക്ക് പീഡനം ഏൽക്കേണ്ട സാഹചര്യമാണ്. കുറ്റക്കാർക്കെതിരെ ശക്തമായ നടപടി ഉണ്ടാവണം'- അദ്ദേഹം ആവശ്യപ്പെട്ടു.
കേസിൽ 108 ആംബുലൻസ് ഡ്രൈവറായ കായംകുളം കീരിക്കോട് സ്വദേശി നൗഫൽ(29) ആണ് അറസ്റ്റിലായത്. ആറന്മുളയിൽ രാത്രി ഒരു മണിയോടെയാണ് സംഭവം. ചികിത്സ കേന്ദ്രത്തിലേക്ക് കൊണ്ടു പോകവേയാണ് യുവതി പീഡനത്തിനിരയായത്. കോഴഞ്ചേരിയിൽ നിന്നാണ് ആംബുലൻസ് പുറപ്പെട്ടത്. ഈ സമയം വണ്ടിയിൽ പീഡനത്തിനിരയായ യുവതി ഉൾപ്പെടെ രണ്ട് രോഗികളുണ്ടായിരുന്നു.
മറ്റേയാളെ കോഴഞ്ചേരി ആശുപത്രിയിൽ ഇറക്കി. ഇതോടെ ആംബുലൻസിൽ ഡ്രൈവറും യുവതിയും മാത്രമായി. ആറന്മുള വിമാനത്താവളത്തിനായി ഏറ്റെടുത്ത പ്രദേശത്തെ ആളൊഴിഞ്ഞ സ്ഥലത്തെത്തിയപ്പോൾ വണ്ടി നിറുത്തി ഇയാൾ യുവതിയെ പീഡനത്തിനിരയാക്കുകയായിരുന്നു. ചികിത്സ കേന്ദ്രത്തിലെത്തിയ യുവതിയാണ് അധികൃതരെ വിവരമറിയിക്കുകയായിരുന്നു. ഉടൻതന്നെ ആരോഗ്യപ്രവർത്തകർ പൊലീസിൽ അറിയിച്ചു. യുവതിയുടെ വിശദമായ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്, വധശ്രമക്കേസിലടക്കം പ്രതിയാണ് നൗഫൽ.