കാസർകോട്: ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങളില്‍ മാറ്റം വരുത്തുന്ന ഭേദഗതി നിയമങ്ങള്‍ക്കെതിരെ നിയമപോരാട്ടം നടത്തി ശ്രദ്ധേയനായ വ്യക്തിത്വമാണ് കേശവാനന്ദ ഭാരതി. ഇന്ന് പുലർച്ചെയായിരുന്നു അദ്ദേഹത്തിന്റെ മരണം. രാജ്യം കണ്ട ഏറ്റവും ചരിത്രപരമായ കേസുകളില്‍ ഒന്നായിരുന്നു കേശവാനന്ദഭാരതി സ്വാമിയുടെ നേതൃത്വത്തില്‍ മൗലികാവകാശ സംരക്ഷണത്തിനായി സുപ്രീംകോടതിയില്‍ നടന്നത്.
ഇ എം എസ് സര്‍ക്കാരിന്റെ സമയത്ത് ഭൂപരിഷ്‌കരണ നിയമത്തിനെതിരെ ഹർജി നല്‍കിയതോടെയാണ് കേശവാനന്ദ ഭാരതി എന്ന പേര് രാജ്യശ്രദ്ധ നേടുന്നത്. 1971ലെ 29ാമത് ഭരണഘടനാ ഭേദഗതി നിയമം, 1969ലെ കേരള ഭൂപരിഷ്‌കരണ നിയമം, 1971ലെ കേരളാ ഭൂപരിഷ്‌കരണ ഭേദഗതി നിയമം എന്നീ നിയമങ്ങള്‍ക്കെതിരെയായിരുന്നു കേശവാനന്ദ ഭാരതി കോടതിയെ സമീപിച്ചത്.
ഭൂപരിഷ്‌കരണം ഒരു നിമിത്തമായെങ്കിലും മൗലികാവകാശ നിയമഭേദഗതിക്കെതിരെ പരമോന്നത കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട ആദ്യ ഹര്‍ജിക്കാരനായി മാറി കേശവാനന്ദ സ്വാമി. ഭൂപരിഷ്കരണ നിയമത്തിന്റെ സാധുത ചോദ്യം ചെയ്തുകൊണ്ട് കേശവാന്ദ ഭാരതി നൽകിയ ഹർജി രാജ്യത്തെ ഭരണഘടനാ കേസുകളിൽ പ്രധാനപ്പെട്ടതായാണ് ഇന്നും വിലയിരുത്തപ്പെടുന്നത്.
ഭൂപരിഷ്കരണ നിയമത്തിന്റെ സാധുത ചോദ്യം ചെയ്തതിനൊപ്പം മതസ്വാതന്ത്ര്യത്തിനും മതസ്ഥാപനങ്ങൾ നടത്തുന്നതിനുമുള്ള അവകാശം, തുല്യതയ്കുള്ള അവകാശം, സമത്വത്തിനുള്ള അവകാശം, സ്വത്തവകാശം തുടങ്ങിയ തന്റെ മൗലികാവകാശങ്ങൾ സംരക്ഷിക്കണമെന്ന ആവശ്യവും 1970 മാർച്ച് 21 ന് സമർപ്പിച്ച ഈ റിട്ട് ഹർജിയിൽ കേശവാനന്ദഭാരതി ഉയർത്തിയിരുന്നു.
സ്വത്തവകാശം മൗലികാവകാശമാണോ എന്ന തർക്കം ഒടുവിൽ പാർലമെന്റിന് ഭരണ ഘടന ഭേദഗതി ചെയ്യാനുള്ള അധികാരത്തെ സംബന്ധിച്ച പരിശോധനയായി മാറി. ചരിത്രത്തിൽ തന്നെ ഏറ്റവും നീണ്ടുനിന്ന വാദമായിരുന്നു ഇത്. 68 ദിവസം നീണ്ട വാദങ്ങൾക്കൊടുവിൽ പൊതു ആവശ്യങ്ങൾക്കു വേണ്ടിയും ഭരണ ഘടനയിലെ നിർദേശക തത്ത്വങ്ങളുടെ നടപ്പാക്കലിനായും സ്വത്തവകാശമെന്ന മൗലികാവകാശത്തിൽ രാജ്യത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്താമെന്ന് കോടതി വിധിച്ചു.
68 ദിവസം നീണ്ടു നിന്ന വാദം നയിച്ചവരിൽ പ്രമുഖൻ നാനി പാൽഖിവാലാ ആയിരുന്നു. 13 സുപ്രിംകോടതി ജഡ്ജിമാരടങ്ങിയ ഭരണഘടനാ ബഞ്ചാണ് കേസ് കേട്ടത്. ദി കേശവാന്ദ ഭാരതി കേസ്, കേശവാനന്ദ ഭാരതി v/s കേരള സര്‍ക്കാര്‍ എന്ന പേരിലും പ്രസിദ്ധമായ ഈ കേസിലെ സുപ്രീം കോടതി വിധി മൗലികവകാശവും ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളും സംബന്ധിച്ച പല കേസുകളിലും വലിയ പ്രധാന്യത്തോടെ ഇന്നും പരാമര്‍ശിക്കാറുണ്ട്.