തിരുവനന്തപുരം: അവാർഡ് നൽകുമ്പോൾ തന്നെ പരിഗണിക്കരുതെന്ന് ഇടതുപക്ഷ സർക്കാരിനോട് അഭ്യർത്ഥിച്ച് നടൻ ഹരീഷ് പേരടി. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് നടൻ അപേക്ഷയുമായെത്തിയിരിക്കുന്നത്. താൻ ചെയ്ത ഒരു പാട് നല്ല കഥാപാത്രങ്ങൾ ഈ വർഷവും അടുത്ത വർഷവുമൊക്കെ അവാർഡ് കമ്മിറ്റിയുടെ മുന്നിലെത്തുമെന്നും, എന്നാൽ തന്നെ പരിഗണിക്കരുതെന്നുമാണ് നടന്റെ അഭ്യർത്ഥന.
തനിക്ക് അവാർഡ് നൽകുന്നത് ഒരു ജനകീയ സർക്കാരിന്റെ പ്രതിഛായയെ കളങ്കപെടുത്തുമെന്ന് അദ്ദേഹം കുറിപ്പിലൂടെ പറയുന്നു.തന്റെ എഴുത്തുകൾ അവാർഡിനു വേണ്ടിയുളള മലക്കം മറിച്ചിലാണെന്ന വ്യാപകമായ ആരോപണമുണ്ടെന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം
കേരളത്തിലെ ഇടതുപക്ഷ സർക്കാരിനോട് ഒരു അഭ്യർത്ഥന..എന്റെ ഒരു പാട് നല്ല കഥാപാത്രങ്ങൾ ഈ വർഷവും അടുത്ത വർഷവുമൊക്കെ അവാർഡ് കമ്മിറ്റിയുടെ. മുന്നിലെത്തും..ദയവ് ചെയ്യത് അതിനൊന്നും എന്നെ പരിഗണിക്കാതിരിക്കുക..പരിഗണിച്ചാൽ ഒരു കലാകാരൻ എന്ന നിലക്ക് അതിനെ അവഗണിക്കാൻ എനിക്ക് പ്രയാസമാവും...എന്റെ കഥാപാത്രങ്ങളുടെ മനസ്സിന്റെ ഉഷ്ണത്തിന് ഞാൻ കൂലി വാങ്ങുന്നതുപോലെയാണ്...അല്ലെങ്കിൽ അതിനേക്കാൾ ബാലിശമായ ഒന്നാണ് അവാർഡുകൾ..എന്നാലും എന്റെ കഥാപാത്രങ്ങളോടുള്ള എന്റെ ബഹുമാനം എന്ന് നിലക്ക് എനിക്കതു വാങ്ങേണ്ടിവരും...
പക്ഷെ എന്നെ പരിഗണിക്കരുത് എന്ന് ഒരിക്കൽ കൂടി സത്യസന്ധമായി ആവർത്തിക്കുന്നു..അത് ഒരു ജനകിയ സർക്കാറിന്റെ പ്രതിഛായയേയും കളങ്കപെടുത്തും..കാരണം എന്റെ എഴുത്തുകൾ അവാർഡിനു വേണ്ടിയുളള മലക്കം മറിച്ചിലാണെന്ന വ്യാപകമായ ആരോപണമുണ്ട് ...ഞാനിടുന്ന പോസ്റ്റുകൾ എന്റെ രാഷ്ട്രീയമാണ്...മനുഷ്യപക്ഷത്ത് നിൽക്കുന്ന രാഷ്ട്രീയം കലാകാരന്റെ പ്രാണവായുവാണ്..അതിനിയും തുടരും..വ്യക്തിഹത്യ എന്റെ രാഷ്ട്രീയമല്ല...ഞാൻ പറയുന്ന കാര്യങ്ങൾ ആരെയെങ്കിലും ഉദ്യേശിച്ചാണന്ന് അവർക്ക് തോന്നുന്നുണ്ടെങ്കിൽ അത് അവരുടെ മാത്രം പ്രശനമാണ്...ഈ ജീവിതം മുഴുവൻ പ്രേക്ഷക മനസ്സിലെ കഥാപാത്രങ്ങളായി മാറുക എന്നുള്ളത് മാത്രമാണ് എന്റെ സ്വപ്നം...