byelection

ഈ തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഒരു കാര്യമേ. തിരഞ്ഞെടുപ്പ് ഇപ്പോ പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നപ്പോൾ ഒന്നുമുണ്ടായില്ല. ആരും പ്രതീക്ഷിക്കാതിരുന്നപ്പോൾ തിരഞ്ഞെടുപ്പ് അങ്ങ് പ്രഖ്യാപിക്കുകയും ചെയ്തു. ഇപ്പോഴിതാ ബീഹാറിനൊപ്പം ചവറയിലും തിരഞ്ഞെടുപ്പ്. എല്ലാ രാഷ്ട്രീയ നേതാക്കളും ഞെട്ടി. ഇനിയുളള അഞ്ചുമാസത്തേയ്ക്ക് ഒരു എം.എൽ.എയ്ക്ക് വേണ്ടി തിരഞ്ഞെടുപ്പോ?

അഞ്ച് കൊല്ലത്തേക്കാണേലും അഞ്ച് മാസത്തേക്കാണേലും ചെലവ് ഒരു പോലെയാണേ. കൊവിഡ് കാലത്ത് എങ്ങനെ സഹിക്കും അത്രയും തുക. കമ്മിഷൻ ചെലവാക്കാൻ അനുവദിച്ചൊരു തുകയുണ്ട്. അത് വല്ലതുമാണോ വേണ്ടത്. അഞ്ച് മാസം കൂടി കഴിഞ്ഞാണേൽ പണം കിട്ടുന്നതിന് വലിയ വിഷമമില്ലാതിരുന്നേനെ. ഇതങ്ങനാണോ, അഞ്ച് മാസം കഴിഞ്ഞാൽ പിന്നെയും പിരിക്കാനും സ്വരുക്കൂട്ടാനുമൊക്കെ ഇറങ്ങണ്ടേ? ഇതൊക്കെ പലരൂപത്തിൽ തിരിച്ചു കൊടുക്കേണ്ടേ ? എല്ലാവരും വല്ലാത്തൊരു ആശയക്കുഴപ്പത്തിലാണ്. ചിലരൊക്കെ എ.കെ. ആന്റണിയുടെ പഴയ ചേർത്തല മണ്ഡലം ചൂണ്ടിക്കാട്ടുന്നുണ്ട്. ആന്റണി രാജ്യസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടപ്പോൾ ഒരൊറ്റക്കൊല്ലമല്ലേ ചേർത്തല എം.എൽ എ ഇല്ലാതെ കിടന്നത്. ഇത് കമ്മീഷൻ കണ്ടില്ലേ?. എന്തായാലും കുറേ തുട്ട് പൊട്ടുമെന്നുറപ്പായി...

അതു മാത്രമാണോ കാര്യം? ഭരിക്കുന്ന പാർട്ടിക്കാരാകെ ബേജാറിലാണ്. കൈയിലുണ്ടായിരുന്ന സീറ്റെങ്ങാനും പോയാൽ ആകെ നാണക്കേടാവും. ഒന്നാമത് സ്വർണക്കടത്ത് മുതൽ പി.എസ്.സി ലിസ്‌റ്റ് വരെ പ്രശ്നമായി മുന്നിൽ നിൽപ്പുണ്ട്. ഈ സമയത്ത് കിട്ടിയ കൊലപാതക വിഷയവും അത്ര ഏറ്റിട്ടില്ല. ഏറ്റവും അവസാനം മുഖ്യമന്ത്രിയുടെ കള്ള ഒപ്പ് വിവാദം വേറെയും.

യു.ഡി എഫ് ക്യാമ്പിൽ ഇതൊക്കെ പ്രതീക്ഷയുടെ ചിറകുകളായി മുളയ്ക്കുന്നുണ്ടെങ്കിലും വിജയൻപിള്ളയുടെ മകനെങ്ങാനും സ്ഥാനാർത്ഥിയായാൽ ചിലപ്പോൾ അടിതെറ്റാമെന്ന സംശയമുണ്ട്. സഹതാപതരംഗം അനുകൂലമാകുമോയെന്ന അങ്കലാപ്പിലാണ് അവർ. അതുകൊണ്ട് വിവാദങ്ങളൊക്കെ ഒന്ന് ഊതിപ്പെരുപ്പിക്കാനാണ് ശ്രമം.

ബി.ജെ.പിക്കാർക്കും അഭിമാന പ്രശ്‌നമാണ് ചവറ. പണ്ടെത്തെക്കൂട്ട് വോട്ട് മറിക്കൽ നടത്തിയാൽ ഡൽഹിയിലെ അമിത് ഷാ നേരിട്ട് പൊക്കുമെന്നതിനാൽ ഇവിടെ പഴയതിന്റെ ഇരട്ടി വോട്ടെങ്കിലും പിടിച്ചേപറ്റൂ. എന്തായാലും ചവറ ചതിച്ചെന്ന് പറഞ്ഞാൽ മതിയാശാനെ...