farming

മനുഷ്യരാശിയുടെ വികാസത്തിന്റെ ചരിത്രം കൂട്ടായ്മകളുടെ ചരിത്രം കൂടെയാണ്. കാട്ടിലും ഗുഹകളിലും അധിവസിച്ചിരുന്ന ആദിമ മനുഷ്യൻ കൃഷി ചെയ്യാൻ ആരംഭിച്ചത് മുതൽക്കാണ് നദീതീരങ്ങളിൽ കൂട്ടം കൂടി ജീവിക്കാൻ തുടങ്ങിയത്. ലോകത്തുള്ള എല്ലാ വികസിത സംസ്കാരങ്ങളുടേയും ആരംഭം നദീ തീരങ്ങളിൽ ആയിരുന്നു. നദീതട നാഗരികത എന്നത് ഒരു നദിയെ ആശ്രയിച്ചു ഉപജീവനം നേടുന്ന നാഗരികതയാണ്. ഒരു നദി എന്നും അതിന്റെ തീരത്തെ നിവാസികൾക്ക് കുടിവെള്ളത്തിനും കൃഷിക്കും വിശ്വസനീയമായ ജലസ്രോതസ്സ് ആയിരുന്നു.

മത്സ്യബന്ധനം, ഗതാഗത മാർഗം എന്നിവ നദികൾ നൽകുന്ന മറ്റു ആനുകൂല്യങ്ങളിൽ ഉൾപ്പെടുന്നു. മഴകാലങ്ങളിലെ വെള്ളപ്പൊക്കം മൂലം ഫലഭൂയിഷ്ഠമായ മണ്ണ് തീരത്തു കൃഷിചെയ്തു ജീവിച്ച മനുഷ്യർക്ക് വല്യ അനുഗ്രഹമായിരുന്നു. ആദ്യത്തെ മഹത്തായ നാഗരികതകളായ മെസൊപ്പൊട്ടേമിയ, പുരാതന ഈജിപ്ത്, സിന്ധൂ നദീതട സംസ്കാരം എന്നിവയെല്ലാം നദീതടങ്ങളിൽ വളർന്നു വന്നവയാണ്. മഹുഷ്യരുടെ കൂട്ടായ്മകളിലൂടെ ആയിരുന്നു കൃഷിയും സംസ്കാരവും വളർന്നു വന്നതും.

farming

കേരളത്തിന്റെ തെക്കേ അറ്റത്തെ ഭൂപ്രദേശത്തിന്റെ കാർഷിക സമൃദ്ധിക്ക് കാരണമായ നെയ്യാറിന്റെ കരലാളനയേറ്റു കിടക്കുന്ന ചെങ്കൽ ഗ്രാമപഞ്ചായത്തിലെ വട്ടവിളയിലെ 'യോഗാ കുടുംബാംഗങ്ങൾ' ജൈവകൃഷിയും, ആരോഗ്യ സംരക്ഷണവും, പ്രകൃതി സംരക്ഷണ സാമൂഹിക ഇടപെടലുകളുടെ ഇന്ന് സമൂഹത്തിനു മാതൃകയായി മാറുന്ന കാഴ്ച, നഷ്ടപെട്ടുപോയ്കൊണ്ടിരിക്കുന്ന കാർഷിക സമൃദ്ധിയുടേയും കുടുംബ ബന്ധങ്ങളുടേയും സാമൂഹിക ബോധങ്ങളുടേയും തിരിച്ചു വരവിന്റെ സൂചനയാണ് നമുക്കു നൽകുന്നത്.

വട്ടവിള പൊറ്റയിൽ ലൈബ്രറിയുടെ ആരംഭത്തിനു പ്രധാന കരണക്കാരനും വിരമിച്ച ഹൈസ്കൂൾ ചരിത്ര അധ്യാപകനും കൂടിയയായ ശ്രീ രാധാകൃഷ്ണൻ കൂവളശേരിയുടെ നേതൃത്വത്തിലുള്ള ഗോകുലം യോഗ ഗ്രൂപ്പിന്റെ നേതൃത്വത്തിൽ പത്തോളം കുടുംബങ്ങൾ കഴിഞ്ഞ കുറച്ചു വർഷങ്ങളായി വീട്ടിന്റെ മുറ്റത്തും, ടെറസിലും ജൈവ കൃഷി നടത്തിവരുന്നു. കാർഷിക കുടുംബത്തിൽ ജനിച്ച രാധാകൃഷ്ണൻ കൂവളശേരിക്ക് കുട്ടിക്കാലം മുതൽക്കു തന്നെ കൃഷിയോട് വളരെ താല്പര്യമുണ്ടായിരുന്നു.

തന്റെ അച്ഛനും മുത്തച്ഛനും നല്ല കർഷരായിരുന്നുഎന്നും അതിനാൽ തന്നെ എല്ലാത്തരം കൃഷി രീതികളും കാണുവാനും അവരോടൊപ്പം ചെയ്തു പരിചയപെടുവാനും സാധിച്ചതായിരുന്നു അധ്യാപക ജീവിതത്തോടൊപ്പം കൃഷികളും ചെയ്തുവരുവാനുമുള്ള പ്രചോദനമെന്നു അദ്ദേഹം അഭിപ്രായപ്പെട്ടു.

farming

കേരളത്തിന് ഇന്ന് നഷ്ടപെട്ട ഒരു കാർഷിക സംസ്കാരമുണ്ട് ഒരു ഉപഭോഗ സംസ്ഥാനമായ കേരളം ഇന്ന് എല്ലാവിധ പച്ചക്കറികളെയും മറ്റു ഭക്ഷ്യോത്പന്നങ്ങളീയും മറ്റു സംസ്ഥാനങ്ങളെയാണ് കൂടുതലും ആശ്രയിക്കുന്നത്. ഇന്നത്തെ കുട്ടികൾക്ക് കൃഷിയോട് താല്പര്യക്കുറവാണുള്ളതെന്നു അധ്യാപകൻ ആയിരുന്നതിനാൽ പലപ്പോഴും നേരിട്ടു മനസിലാക്കാൻ സാധിച്ചിരുന്നു എന്നാണ് അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നത്. അതിനു പ്രധാനമായും മാതാപിതാക്കളുടെ ഇടപെടലുകളാണ് കാരണമാകുന്നത്. മണ്ണിനേയും കൃഷികളെയും കുട്ടികളിൽ നിന്നകത്തിയത് കാർഷികവൃത്തിക്കു സമൂഹം കൊടുത്തുകൊണ്ടിരിക്കുന്ന അവഗണനയുടെ പരിണിത ഫലമാണ്.

മണ്ണിൽ പണിചെയ്യുന്നതു അന്തസ്സിനു കുറച്ചിൽതട്ടുന്ന പണിയായിട്ടാണ് നമ്മുടെ നാട്ടിലെ പരിഷ്‌കൃത സമൂഹം കാണുന്നത്. ഏതു ജോലിക്കും അതിന്റേതായ അന്തസുണ്ടെന്ന രാഷ്ട്രപിതാവിന്റെ വാക്കുകൾ നമ്മുടെ പരിഷ്‌കൃതരെന്ന് നടിക്കുന്ന സമൂഹം ചെവികൊള്ളുന്നില്ല. പരിഷ്കാരത്തിനടുവേണ്ടി യുറോപ്പിലേക്കു നോക്കിയിരിക്കുന്ന നമ്മുടെ തലമുറ അവിടെ ജനങ്ങൾ ഒരു ജോലിക്കും വേർതിരിവ് കാണാറില്ലെന്ന സത്യം കാണാതെ പോകുന്നു. അവിടെത്തെ മനുഷ്യർ എന്ത് ജ്യോലി ചെയ്യുന്നു എന്നതല്ല ഒരാളെ ബഹുമാനിക്കാനുള്ള മാനദണ്ഡമായി കണക്കാക്കുന്നത്.

നമ്മുടെ നാട്ടിലും അഭ്യസ്ത വിദ്യരായ ഒരു കൂട്ടം ആളുകൾ ഇത്തരം പഴഞ്ചൻ ചിന്താഗതിയുടെ വേലികെട്ടിൽനിന്നു പുറത്തുവന്നു തുടങ്ങിയിരിക്കുന്നു. നല്ലൊരു മാറ്റത്തിന്റെ സൂചനയാണ് ഇത് തരുന്നത്. ഈ കോവിഡ്‌ കാലം അതിനുള്ള നല്ല അവസരങ്ങൾ സമൂഹത്തിനും മനുഷ്യന്റെ മനസിനും നൽകിയിട്ടുണ്ട് . ഒരു കുഞ്ഞൻ വൈറസ് മനുഷ്യന്റെ അഹങ്കാരത്തിനേല്പിച്ച പ്രഹരം വളരെ കനത്തതു തന്നെ ആയിരുന്നു. നാം കഴിക്കുന്ന ഭക്ഷണമാണ് നമ്മുടെ ആരോഗ്യത്തിനും രോഗത്തിനും കരണമെന്നുള്ള സത്യം കുറച്ചെങ്കിലും മനുഷ്യ സമൂഹം മനസിലാക്കിത്തുടങ്ങിയിരിക്കുന്നു.

farming

മരുന്നുകൾക്കല്ല മനുഷ്യ ശരീരത്തിന്റെ രോഗപ്രതിരോധ ശേഷിക്കാണ് രോഗങ്ങളെ തടയാൻ കഴിയുന്നതെന്ന് കൊറോണ എന്ന കുഞ്ഞൻ മനുഷ്യനെ പഠിപ്പിച്ചു. പണം കൊടുത്താൽ കിട്ടുന്ന പലപല വിദേശ ഭക്ഷണങ്ങളും കഴിക്കാതെ ജീവിക്കാൻ കഴിയുമെന്നും കഴിഞ്ഞ കുറേ മാസങ്ങൾ ജനങ്ങളെ മനസിലാക്കി തുടങ്ങി . എല്ലാവരും പേടിച്ചു മുഖം മൂടിക്കെട്ടി വീട്ടിനകത്തു ഒളിച്ചപ്പോൾ, മുഖം മൂടിയില്ലാത്ത കുറേ മനുഷ്യർ കൃഷിയിടങ്ങളിൽ പണിയെടുത്തതുകൊണ്ടു മനുഷ്യർ പട്ടിണികിടന്നു മരിക്കാതെ രക്ഷപെട്ടത് എന്നത് മറക്കാതിരുന്നാൽ നല്ലത്.

മനുഷ്യൻ ഒരു സാമൂഹിക ജീവിയാണെന്നും നാം അധിവസിക്കുന്ന ഭൂമിയുടെ നിലനിൽപ്പിന് പ്രകൃതിയുടെ സംരക്ഷണവും ജൈവകൃഷിയും അത്യന്താപേക്ഷികം ആണെന്നും ഉള്ള സന്ദേശം കൂടുതൽ കുടുംബങ്ങളിലേക്ക് എത്തിക്കുന്നതിനുള്ള പ്രചോദനമാണ് ഈ കൂട്ടായ്മ നമുക്ക് നൽകുന്നത്. ജൈവ കൃഷി ചെയ്യാൻ താൽപര്യമുള്ളവരെ കണ്ടെത്തി അതിനുവേണ്ടിയുള്ള പ്രോത്സാഹനം നൽകുന്നതിന് വേണ്ടി പത്തുവർഷം മുൻപ് രാധാകൃഷ്ണൻ സാറിന്റെ താൽപര്യത്തിൽ ആരംഭിച്ച വട്ടവിളയിലെ പൊറ്റയിൽ ജംഗ്‌ഷനിലുള്ള PRA ലൈബ്രറിയുടെ കീഴിൽ കഴിഞ്ഞ നാല് വർഷമായി പരിസരത്തുള്ള കുറച്ചു കുടുംബങ്ങളെ സംഘടിപ്പിച്ചുകൊണ്ടു ജൈവകൃഷി ആരംഭിക്കുകയുണ്ടായി.

പരസ്പരം വിത്തുകളും ഉത്പന്നങ്ങളും കൈമാറുന്നതിലൂടെ പതിഞ്ഞഞ്ചോളം കുടുംബങ്ങൾ ഉൾപ്പെട്ട ആ ജൈവകൃഷി നല്ല വിജയമായിരുന്നു. കൃഷി, ആരോഗ്യം, വിദ്യാഭ്യാസം, പ്രകൃതിസംരക്ഷണം എന്നിവയിൽ ഊന്നൽ നൽകി വിവിധ പ്രവർത്തനങ്ങൾ ലൈബ്രറിയുടെ കീഴിൽ ഇവിടെ നടത്തിവരുന്നു. ഇപ്പോൾ വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ലൈബ്രറിക്ക് മൂന്നു മാസം മുൻപ് സ്വന്തമായി മൂന്നര സെന്റ് ഭൂമിവാങ്ങുവാനും ഈ കൂട്ടായ്മക്ക് സാധിച്ചു. പുതുതായി വാങ്ങിയ ഭൂമിയിൽ ഒരു ഷട്ടിൽ കോർട്ട് നിർമിച്ചു പരിശീലനം നടത്തിവരുന്നു. അവിടെ നല്ലൊരു ലൈബ്രറി മന്ദിരം നിർമ്മിക്കുന്നതിനുവേണ്ടിയുള്ള ശ്രമത്തിലാണ് ഈ കൂട്ടായ്മ.

farming

കേരള സംസ്ഥാന ഭാവന നിർമാണ ബോർഡിൽനിന്ന്‌ റിട്ടയർ ചെയ്ത സതീശകുമാറും ഭാര്യയും റിട്ടയേർമെൻറ് ജീവിതം ആഘോഷമാകുന്നത് വീട്ടിലും, മട്ടുപ്പാവിലും, പാടത്തുമായി നടത്തുന്ന ജൈവ പച്ചകൃഷി കൃഷികളിലൂടെയാണ്. നല്ലൊരു പൂന്തോട്ടവും വീടിനുമുന്നിൽ അവർ ഒരുക്കിയിട്ടുണ്ട്. പച്ചിലകളും മറ്റു ജൈവവളങ്ങളും ഉപയോഗിച്ച് എങ്ങനെയായിരുന്നു പഴയകാലത്ത്‌ കൃഷിരീതികൾ ചെയ്തിരുന്നതെന്ന് കുട്ടികൾക്ക് പറഞുകൊടുക്കണമെന്നും അതിനായി അവരെ കൂടെ കൂട്ടണമെന്നുമുള്ള ചിന്തകളാണ് വിദേശത്തു വ്യവസായം നടത്തുന്ന ചെങ്കൽ സദാനന്ദൻ പങ്കുവയ്ക്കുന്നത്.

ചെങ്കൽ ഗ്രാമപഞ്ചായത്തിൽ ജൈവകൃഷിയുടെ ആവശ്യകതകളുടെ ബോധവത്കരണത്തിനായി രാധാകൃഷ്ണൻ കൂവളശേരി സ്ക്രിപ്റ്റ് എഴുതി ബിജു കാരക്കോണം തയാറാക്കുന്ന ഡോക്യൂമെന്ററിയുടെ നിർമാണത്തിന് പുറകിലും അദ്ദേഹമാണ്. യോഗാചാര്യൻ കൂടെയായ രാധാകൃഷ്ണന്റെ നേതൃത്വത്തിൽ അദ്ദേഹത്തിന്റെ വീട്ടിൽ രണ്ടു വർഷങ്ങൾക്ക് മുൻപ് സൗജന്യ യോഗ പരിശീലനം ആരംഭിച്ചു. യോഗ ക്ലാസിലെ അംഗങ്ങൾ വർഷത്തിൽ ഇടയ്ക്കിടെ ഓരോരുത്തരുടേയും വീടുകളിൽ മാറി മാറി ഒന്നിച്ചു ചേരുകയും കൂടുംബസമേതം യാത്രകൾ പോവുകയും ചെയ്യുന്നത് ആരംഭിച്ചത് കുടുംബ ബന്ധങ്ങളുടെ, കൂട്ടായ്മകളുടെ കെട്ടുറപ്പിന് അടിത്തറപാകി.

മൂന്നു തലമുറകളുടെ സാന്നിധ്യം യാത്രകളെയും, കൂട്ടായ്മയുടെയും മാറ്റുകൂട്ടി. കൃഷിയും ആരോഗ്യ പരിപാലനവും മാത്രമല്ല പ്രകൃതി സംരക്ഷണത്തിനും കൂട്ടായ്മകളുടെ പങ്കാളിത്തത്തിലൂടെ ഇടപെടലുകൾ നടത്താൻ സാധ്യമായി. യോഗയുടെ ഭാഗമായി ആഴ്ചയിലൊരിക്കൽ നടക്കാൻ പൊയ്ക്കൊണ്ടിരുന്ന ചെങ്കൽ വലിയകുളത്തിന്റെ പരിസരപ്രദേശം വൃത്തികേടായി കിടക്കുന്നതുകണ്ട്‌ യോഗകുടുംബാംഗങ്ങൾ ചേർന്ന് പരിസരപ്രദേശം വൃത്തിയാക്കാൻ തീരുമാനിച്ചു. തിരുവനന്തപുരം ജില്ലയിലെതന്നെ ഏറ്റവും വലിയ കുളങ്ങളിൽ ഒന്നാണ് ഏകദേശം പതിനെട്ടേക്കർ വിസ്‌തൃതിയുള്ള ചെങ്കൽ വലിയകുളം. ഇവരുടെ നല്ല പ്രവർത്തികൾ കണ്ട ഗാന്ധിസ്മാരക നിധിയിലെ സനൽ കുളത്തിങ്കലും അവരോടൊപ്പം കുളവും പരിസരവും വൃത്തിയാകുന്നപ്രക്രിയകളിൽ പങ്കാളിയായി.

farming

ദിവസവും നൂറുകണക്കിന് ആളുകൾ പ്രഭാതസവാരിക്കൂ വരുന്ന സ്ഥലമാണ് വലിയകുളം. ഈ പ്രവർത്തി അതുവഴി നടക്കാൻ വരുന്ന ചിലർക്ക് പ്രചോദനമാകുകയും അവരും നമ്മളോടൊപ്പം ശുചീകരണത്തിന് പങ്കാളികളായതും നമ്മുടെ പ്രവർത്തികൾക്ക് കിട്ടിയ അംഗീകാരമായി പൊല്യൂഷൻ കൺട്രോൾ ഓഫിസിലെ ഉദ്യോഗസ്ഥനായ വിപിൻ കുമാർ അഭിപ്രായപ്പെട്ടു. യോഗകുടുംബത്തിലെ അംഗമായ ഞങ്ങൾക്ക് രാധാകൃഷ്ണൻ സാറിന്റെ പ്രചോദനമാണ് മുറ്റത്തു ഉദ്യാനമൊരുക്കുവാനും മട്ടുപ്പാവിൽ കൃഷിചെയ്യുവാനും പ്രചോദനമായാത്തതെന്നു അദ്ദേഹത്തിന്റെ ഭാര്യയും ഇംഗ്ലീഷ് കാവയത്രിയും ടീച്ചറും കൂടിയായ മിനിയുടെ അഭിപ്രായം. ഭർത്താവും മകളും ഭർത്താവിന്റെ അച്ഛനും കൃഷിയിൽ ടീച്ചറിന് മികച്ച പിന്തുണയാണ് നൽകുന്നത്. കേരളം ഹോക്‌സിംഗ് ബോർഡിൽ നിന്നും വിരമിച്ച ശേഷം ഭാര്യയുമൊത്തു വിശ്രമജീവിതംനയിക്കുന്ന സതീശനും ഭാര്യയും ജീവിതം ധന്യമാകുന്നത് കൃഷിയിലൂടെയാണ്.

Msc. ബോട്ടണിയിൽ ബിരുദാനന്തര ബിരുദം കഴിഞ്ഞു PHDക്ക് ജോയിന്റ് ചെയ്ത മകൾ ഗംഗയും, ഉദ്യാന പാലനത്തിനു കൂടുതൽ തല്പരയായ ഭാര്യയുമാണ്‌ ജ്യോലിയിൽ നിന്നും വിരമിച്ച ശേഷം കാർഷിക വൃത്തിക്ക് എന്നിക്കു എന്നും പ്രചോദനവും സഹായവുമെന്നു മുൻ മേടിക്കൽ എഡ്യൂക്കേഷൻ ഡിപ്പാർട്മെന്റിലെ റ്റീച്ചനെക്കാൾ ഓഫീസർ ആയിരുന്ന സുരേഷ് കുമാർ അഭിപ്രായപ്പെടുന്നു. ജ്യോലിയിൽനിന്നും വിരമിച്ച ശേഷം സുഹൃത്തും നാട്ടുകാരനും കൂടിയായ രാധാകൃഷ്ണൻ സാറിന്റെ പ്രചോദനമാണ് കാർഷികവൃത്തിയിലേക്കും അതിലുപരി യോഗ പരിശീലനത്തിനും ശ്രദ്ധ തിരിയാൻ ഇടയായതെന്നു അദ്ദേഹം പറയുന്നു.

ശാരീരികമായ പല ബുദ്ധിമുട്ടുകളും അനുഭവിച്ചിരുന്ന തനിക്കു സാറിന്റെ യോഗ പരിശീലനം ആരോഗ്യം തിരികെ കൊണ്ടുവരാൻ വളരെയധികം ഇടയാക്കിയെന്നും കൃഷിയെയും ഉദ്യാന പാലനത്തെയും കുറിച്ച് തന്ന ഉപദേശങ്ങളും ജീവിതത്തിൽ വളരെയധികം പ്രയോജനപ്പെടുന്നുമാണ് സുരേഷിന്റ ഭാര്യയായ ഗിരിജ ടീച്ചറിന്റെ അഭിപ്രായം. പുറത്തുനിന്നും വരുന്ന വിഷലിപ്തമായ പഴങ്ങളും പച്ചക്കറികളും പരമാവതി ഒഴിവാക്കി ജൈവകൃഷിയിലൂടെ ഉത്പാദിപ്പിക്കുന്ന പഴങ്ങളും പച്ചക്കറികളും ഉപയോഗിക്കുകയാണെങ്കിൽ ഇപ്പോൾ നമ്മെ കടന്നാക്രമിക്കുന്ന കോവിഡ് ഉൾപ്പെടെയുള്ള മാരകമായ വൈറസുകളെ തുരത്തുവാനുള്ള രോഗപ്രതിരോധ ശേഷി മനുഷ്യർക്ക് കൈവരിക്കാൻ കഴിയുമെന്നാണ് പുതിയ തലമുറയുടെ പ്രതീകമായ ഗംഗയുടെ അഭിപ്രായം.

farming

പരിസ്ഥിതിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചുള്ള ഓർമപ്പെടുത്തലാണ് ഈ കൊറോണകാലം. ഒരുമിച്ചുള്ള യാത്രകൾ കൂട്ടായ്മക്ക് വളരെയധികം ഊർജമാണ് നൽകിയിരുന്നത്. കൊറോണകാലത്തു യാത്രകളും ഒരുമിച്ചുള്ള യോഗ പരിശീലനവും മുടങ്ങിയതുകാരണം കൃഷിയിലാണ് കൂടുതൽ ശ്രെധ പതിപ്പിക്കാൻ സാധിച്ചതെന്നു പൊല്യൂഷൻ കോൺട്രോളിലെ ഉദ്യഗസ്ഥൻ കൂടിയായ തൃദീപ് കുമാർ പറഞ്ഞു.

കൂട്ടായ്മയിലെ കുടുംബങ്ങളെല്ലാം മുറ്റത്തും, മട്ടുപ്പാവിലും ജൈവകൃഷി നടത്തുന്നു കൂടാതെ ഒരു പൊതു കൃഷിയിടവുമുണ്ട്. വിരമിച്ച പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് ഉദ്യോഗസ്ഥനായ അനന്തകൃഷ്ണൻ സാറിന്റെ ഉടമസ്ഥതയിലുള്ള വയലാണ് പൊതു കൃഷിയിടം. ഉദ്യോഗത്തിൽനിന്നും വിരമിക്കുന്നതിനു മുൻപ് പൊതുപ്രവർത്തനം മാത്രമായിരുന്നു ഇദ്ദേഹത്തിന്റെ മറ്റു പ്രവർത്തികൾ. പല ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്ന ഇദ്ദേഹം യോഗ തുടങ്ങാൻ വിളിച്ചപ്പോൾ ഇതൊന്നും എന്നെകൊണ്ട് സാധിക്കുകയില്ല എന്നായിരുന്നു പറഞ്ഞത്.

യോഗ നല്ലൊരു മാറ്റമാണ് അനന്തകൃഷ്‌ണൻ സാറിന്റെയും ഭാര്യയുടേയും ജീവിതത്തിൽ കൊണ്ടുവന്നത്. ഒരേക്കറോളം പുരയിടത്തിൽ ഇന്നദ്ദേഹം ദിവസവും ആദ്ധ്വാനിക്കുന്നു. തെങ്ങും, വാഴയും, മരച്ചീനിയും മറ്റു പച്ചക്കറികളുമായി കൃഷിയിടങ്ങൾ സമൃദ്ധമായി. ആയുസുള്ള കാലത്തോളം എനിക്ക് കൃഷി തുടർണമെന്നാണ് ഇന്ന് ഇദ്ദേഹം പറയുന്നത്.

സമൂഹത്തിലെ ഏറ്റവും ചെറിയ കൂട്ടായ്മ കുടുംബമാണ്. സമൂഹത്തിൽ മാറ്റങ്ങൾ ഉണ്ടാവണമെന്ന് ആഗ്രഹിക്കുന്നുവെങ്കിൽ ആദ്യം ആ മാറ്റം നാം കൊണ്ടുവരേണ്ടത് സ്വന്തം ജീവിതത്തിലും അതിലൂടെ കുടുംബത്തിലുമാണ്. രാധാകൃഷ്ണൻ സാറിന്റെ എല്ലാ പ്രവർത്തനങ്ങളുടെ പിന്തുണയും ഭാര്യ മിനിയും മക്കൾ കൃഷ്ണേന്ദുവും മകൻ ഗോകുലമാണ്. ഓർക്കിഡ് കൃഷിയിലും പഷ്പകൃഷിയിലും താല്പര്യമുണ്ടായിരുന്ന മിനിയുടെ പിന്തുണയോടെ ഓർക്കിഡ് കൃഷിയും മറ്റു പുഷ്പച്ചെടികളുഡി കൃഷിയും ടെറസിന്റെ മുകളിൽ നടത്തിവരുന്നു. ഇടയ്ക്കു കുറച്ചുകാലം ഓർക്കിഡിലുള്ള ശ്രദ്ധകുറഞ്ഞതു കുറേ ചെടികൾ നശിക്കാൻ ഇടയാക്കി.

farming

ഇപ്പോൾ വെണ്ടയും, പയറും, പാവലയം, തക്കാളിയും, വെള്ളരിയും, കാത്തിരിയും, വഴുതനയുമായി മട്ടുപ്പാവ് നിറഞ്ഞു നിൽക്കുന്നു. വെള്ളായണി കാർഷികകോളേജിലെ നാനോടെക്നോളജിയിലെ വിദ്യാർഥികൂടിയായ മകൾ കൃഷ്ണേന്തുവും മകൻ ഗോകുലും എല്ലാവിധ സഹായവുമായി കൂടിയുള്ളതാണ് തന്റെ കരുതെന്നാണ് രാധാകൃഷ്ണൻ സാറിന്റെ അഭിപ്രായം. ഭാര്യയുടെ സഹോദരനും ഭാര്യയും അവരുടെ വീട്ടിൽ കൃഷിചെയ്തുവരുന്നു. ഇവർക്കെല്ലാം മാതൃകയായി ഭാര്യ പിതാവ് ഇന്നും വയലിൽ നല്ലൊരു കൃഷിക്കാരനായി അദ്ധ്വാനിക്കുന്ന കാഴ്ച്ച എല്ലാവർക്കും പ്രചോദനമാണ്. മൂന്ന് തലമുറയുടെ കൂട്ടായ്മ കൂടിയാണ് ഇവിടെ കാണാൻ കഴിയുന്നത്.

കൃഷി ലാഭമുണ്ടാക്കൽ മാത്രമല്ല അത് സമൂഹത്തിനു പ്രയോജനമാകുന്ന രീതിയിൽ ചെയ്യുക എന്നതാണ് ഇവരുടെ ലക്‌ഷ്യം. ഇവിടെ കൃഷി വ്യവസായമല്ല ഒരു സംസ്കാരമാകുന്നു. അധ്വാനിച്ചു ഉൽപ്പാദിപ്പിക്കുന്ന ഉത്പന്നങ്ങൾ പരസ്പരം പങ്കുവക്കുന്നു. ഇടയ്ക്കിടെ നടത്തുന്ന കുടുംബ സംഗമങ്ങളും വിനോദ വിജ്ഞാന യാത്രകളും കൂട്ടായ്മക്ക് കരുത്തു പകരുന്നു. കോവിഡ് കാലം കഴിയുമ്പോൾ മാറുന്ന സാഹചര്യങ്ങളെ അതിജീവിക്കാൻ കൃഷിയിൽ ഊന്നൽ നൽകി മാതൃകാപരമായ പ്രവർത്തനങ്ങൾക്ക് രൂപം നൽകുകയാണ് ഈ കൂട്ടായ്മ. ജൈവകൃഷി കൂടുതൽ പ്രോത്സാഹിപ്പിക്കാൻ കൂടുതൽ കുടുംബങ്ങളെ കൂട്ടായ്മയിലേക്ക് കൊണ്ടുവന്നു സമ്മിശ്ര കൃഷി പ്രോത്സാഹിപ്പിക്കലാണ് പ്രധാന ലക്ഷ്യങ്ങളിൽ ഒന്ന്.

പ്രകൃതിയേയും മനുഷ്യനേയും സ്‌നേഹിക്കുകയും സംരക്ഷിക്കുകയും വരും തലമുറയ്ക്ക് അതിനുള്ള പ്രചോദനം നൽകുകയുമാണ് കൂട്ടയ്മയിലൂടെ ലക്‌ഷ്യം വയ്ക്കുന്നത്. ഭൂമിയിലെ ജീവജാലങ്ങളിൽ ഏറ്റവും സ്രേഷ്ടമാണ് മനുഷ്യ ജന്മം. ഓരോ ജീവജാലങ്ങളും ഓരോ നിയോഗവുമായാണ് ഭൂമിയിലേക്ക്‌ പിറവിയെടുക്കുന്നത് അത് നിർവഹിക്കുക എന്ത് ഓരോരുത്തരുടേയും കടമയാണ്. ഭക്ഷണം കഴിക്കുന്നവരെല്ലാം ഭക്ഷ്യോത്പാദന പ്രക്രിയയിൽ അവനാൽ കഴിയുന്ന രീതിയിൽ പങ്കാളികളാവണമെന്നുള്ളതാവണം പുതിയ മുദ്രാവാക്യം.

അറിവും, നന്മകളും അടുത്ത തലമുറയിലേക്കു പകർന്നു കൊടുക്കേണ്ടത് വാക്കുകളിലൂടെയല്ല പ്രവർത്തികളിപ്പോടെയാണെന്നുള്ള സന്ദേശമാണ് ഇവരുടെ കൂട്ടായ്മകൾ സമൂഹത്തിനു കാണിച്ചുകൊടുക്കുന്നതും. വീടിന്റെ നാല് ചുവരുകൾക്കപ്പുറവും വിശാലമാണ് കുടുംബമെന്നുള്ള സത്യമാണ് ഇവരുടെ കൂട്ടായ്മകൾ കാണിച്ചുതരുന്നത്. ലോകമേക തറവാടെന്നുള്ള ഭാരതത്തിന്റെ കാഴ്ചപ്പാടിന് കൂട്ടാകട്ടെ ഇത്തരം കൂട്ടായ്മകൾ. ഇത്തരത്തിലുള കൂട്ടായ്മകളാണ് സമൂഹത്തിനും രാജ്യത്തിനും ആവശ്യം. ഈ കൂട്ടായ്മ മറ്റുള്ളവർക്കും പ്രചോദനമാകട്ടെ എന്ന് പ്രതീക്ഷിക്കുന്നു. നമുക്കെന്ത് കിട്ടും എന്നതിനേക്കാൾ നമുക്ക് എന്ത് സമൂഹത്തിനും രാജ്യത്തിനും നൽകാൻ കഴിയും എന്നതാവണം ഓരോ മനുഷ്യനും ചിന്തിക്കേണ്ട വിഷയം. നാം കാണാൻ ആഗ്രഹിക്കുന്ന മാറ്റം നമ്മളിനിന്നും തുടങ്ങാം.