judith-ravin-

ചെന്നൈ: ചെന്നൈയിലെ പുതിയ അമേരിക്കൻ കോൺസൽ ജനറലായി ജൂഡിത്ത്‌ റേവിൻ ഈമാസം ആറിന് ചുമതലയേറ്റെടുത്തു. 'ദക്ഷിണേന്ത്യയിൽ അമേരിക്കയെ പ്രതിനിധീകരിക്കാൻ ലഭിച്ച ഈ അവസരം വലിയ അംഗീകാരമായി ഞാൻ കാണുന്നു; പ്രത്യേകിച്ച് കൊവിഡ് മഹാമാരിയാൽ നാമെല്ലാം ബുദ്ധിമുട്ടുന്ന ചരിത്രപരമായ ഈ കാലത്ത്. കേരളം, തമിഴ്നാട്, കർണാടകം, ആൻഡമാൻ നിക്കോബാർ ദ്വീപസമൂഹം, ലക്ഷദ്വീപ്, പുതുച്ചേരി എന്നിവിടങ്ങളിൽ അമേരിക്കയുടെയും ഇന്ത്യയുടെയും പൊതുലക്ഷ്യങ്ങളിലേക്ക് കൂടുതൽ മുന്നേറാനായിരിക്കും എന്റെ ശ്രമം'- ജൂഡിത്ത്‌ റേവിൻ പറഞ്ഞു.

ചെന്നൈയിൽ വരുന്നതിന് മുൻപ് പെറുവിന്റെ തലസ്ഥാനമായ ലിമയിലെ യു എസ് എംബസിയിൽ പബ്ലിക് അഫയർസ് കൗൺസിലറായി പ്രവർത്തിക്കുകയായിരുന്നു ജൂഡിത്ത്‌റേവിൻ. അതിന് മുൻപ് വാഷിംഗ്ടണിൽ ഹെയ്റ്റി സ്‌പെഷ്യൽ കോർഡിനേറ്ററുടെ കാര്യാലയത്തിൽ വിദേശകാര്യ ഉദ്യോഗസ്ഥയായിരുന്നു. പാക്കിസ്ഥാനിലെ ഇസ്ലാമാബാദിലും ഡൊമിനിക്കൻ റിപ്പബ്ളിക്കിൽ സാന്തോ ഡൊമീൻഗോയിലും സുഡാനിൽ ഖാർത്തൂമിലും കാമറൂണിൽ യാവുന്തേയിലും മെക്സിക്കോയിൽ സിയൂദാദ് ഹ്വാരേസിലും നയതന്ത്രജ്ഞയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

യു എസ്, ഫ്രാൻസ്, സ്‌പെയിൻ എന്നീ രാജ്യങ്ങളിലെ സർവകലാശാലകളിൽ നിന്ന് ബിരുദംനേടിയിട്ടുളള ജൂഡിത്ത്‌ റേവിൻ ഇംഗ്ലീഷിന് പുറമെ ഫ്രഞ്ച്, സ്പാനിഷ് ഭാഷകളും അനായാസമായി സംസാരിക്കും. യു എസ് സ്റ്റേറ്റ് വകുപ്പിൽ ജോലിയിൽ പ്രവേശിക്കുന്നതിന് മുൻപ് പത്രപ്രവർത്തകയായും എഡിറ്ററായും വിവർത്തകയായും ഏഷ്യയിലും ആഫ്രിക്കയിലും ലാറ്റിൻ അമേരിക്കയിലും വർഷങ്ങളോളം റേവിൻ പ്രവർത്തിച്ചിട്ടുണ്ട്. 'ബാലേ ഇൻ ദ കെയ്ൻ ഫീൽഡ്സ്: വിന്യറ്റ്സ് ഫ്രം എ ഡൊമിനിക്കൻ വാണ്ടർലോഗ്' (2014) എന്ന പുസ്തകം എഴുതിയിട്ടുളള ജൂഡിത്ത്‌റേവിൻ 'ബിയോണ്ട് അവർ ഡിഗ്രീസ് ഓഫ് സെപ്പറേഷൻ: വാഷിംഗ്ടൺ മൺസൂൺസ് ആൻഡ് ഇസ്ലാമാബാദ് ബ്ലൂസ്' (2017) എന്ന പുസ്തകത്തിന്റെ സഹരചയിതാവുമാണ്.