
മലപ്പുറം: പി കെ കുഞ്ഞാലിക്കുട്ടി എം പി സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്തുന്നു. കേരളത്തിലെ ഇനിയുളള തിരഞ്ഞെടുപ്പുകളിൽ പാർട്ടിയുടെ ചുമതല അദ്ദേഹത്തിനായിരിക്കും. ദേശീയ തലത്തിലുളള തിരഞ്ഞെടുപ്പ് ചുമതല ഇ ടി മുഹമ്മദ് ബഷീറിനേയും ഏൽപ്പിച്ചു. ലീഗ് ഉന്നതാധികാര സമിതിയോഗത്തിനുശേഷം പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളാണ് ഇക്കാര്യം അറിയിച്ചത്. ഉപതിരഞ്ഞെടുപ്പ്, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുളള തിരഞ്ഞെടുപ്പ്, അടുത്ത വർഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് എന്നിവയുടെ പൂർണ ചുമതലയാണ് കുഞ്ഞാലിക്കുട്ടിയെ ഏൽപ്പിച്ചിരിക്കുന്നത്.
കുഞ്ഞാലിക്കുട്ടി കേരള രാഷ്ട്രീയത്തിൽ അനിവാര്യമാണെന്നായിരുന്നു ഇ.ടി.മുഹമ്മദ് ബഷീന്റെ പ്രതികരണം.
കുഞ്ഞാലിക്കുട്ടി നിയമസഭയിലേക്ക് മത്സരിക്കണോ എന്ന കാര്യത്തിൽ ആവശ്യംവരുമ്പോൾ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.വരാൻ പോകുന്നത് തിരഞ്ഞെടുപ്പുകളുടെ ഒരു ഘോഷയാത്രയാണെന്നും വലിയ വെല്ലുവിളിയാണ് നേരിടാനുളളതെന്നുമായിരുന്നു പി.കെ.കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. നടന്നുകൊണ്ടിരിക്കുന്ന ഭരണം കേരളത്തിന് വലിയ മോശമായ സ്ഥിതിയാണുണ്ടാക്കുന്നത്. ഒരു ഗുണവും ചെയ്യുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.