വിയന്ന: ഐസ് കട്ട കൈകൊണ്ട് പിടിച്ച് ഏറെ നേരം നിൽക്കുന്നത് ഒന്ന് ആലോചിച്ച് നോക്കൂ.. കൈ മരവിച്ച് പോകുമല്ലേ?...എന്നാൽ, ജോസഫ് കൊയേബറി എന്ന ഓസ്ട്രിയക്കാരന് ഇതൊന്നും ഒരു വിഷയമേ അല്ല. രണ്ടര മണിക്കൂറാണ് ഗ്ലാസ് പെട്ടിയ്ക്കുള്ളിൽ നിറച്ച ഐസ് കട്ടകൾക്കിടയിൽ ജോസഫ് ചെലവഴിച്ചത്. ഇതോടെ, ഐസ് കട്ടകൾക്കിടയിൽ ഏറ്റവുമധികം നേരം ചെലവിട്ട വ്യക്തി എന്ന ലോക റെക്കോഡും ആശാൻ സ്വന്തമാക്കി. തന്റെ തന്നെ പേരിലുള്ള ലോക റെക്കോഡാണ് ജോസഫ് ഭേദിച്ചതും.
ജോസഫിന്റെ തോളൊപ്പം വരെയെത്താൻ 200 കിലോഗ്രം ഐസാണ് വേണ്ടി വന്നത്. നീന്തൽകുപ്പായം മാത്രം ധരിച്ചാണ് ജോസഫ് ഐസുകൾക്കിടയിൽ നിന്നത്.
2019 ലാണ് ജോസഫ് രണ്ട് മണിക്കൂർ നീണ്ട ആദ്യ റെക്കോഡ് സ്ഥാപിച്ചത്. അതൊന്ന് തിരുത്തണമെന്ന് ആഗ്രഹിച്ചാണ് ശനിയാഴ്ച വീണ്ടും ഈ സാഹസത്തിന് മുതിർന്നത്. 'തണുത്തു തുടങ്ങുമ്പോൾ സ്വാഭാവികമായും മരവിപ്പിനൊപ്പം വേദനയും അനുഭവപ്പെടും. എന്നാൽ, ആ വേദന മറി കടക്കാൻ നല്ല കാര്യങ്ങളെ കുറിച്ച് ആലോചിച്ചു' - ജോസഫ് പറയുന്നു.
അടുത്ത കൊല്ലം ലോസാഞ്ചലസിൽ വച്ച് വീണ്ടും ഒരിക്കൽ കൂടി സ്വന്തം റെക്കോഡ് ഭേഭിക്കണമെന്നാണ് ജോസഫ് ആഗ്രഹിക്കുന്നതെന്ന് അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ പറഞ്ഞു.