amazon

വാഷിംഗ്ടണ്‍: ഓര്‍ഡര്‍ ചെയ്യാതെ വിത്തുകള്‍ നിറച്ച പാക്കറ്റുകള്‍ ലഭിക്കുന്നുണ്ടെന്ന വ്യാപക പരാതിയെ തുടര്‍ന്ന് ആമസോണ്‍ വിദേശത്തുനിന്നുള്ള കാര്‍ഷിക വിത്ത് വില്‍പന നിരോധിച്ചു. ആയിരക്കണക്കിന് അമേരിക്കക്കാര്‍ക്കാണ് അവര്‍ ആവശ്യപ്പെടാത്ത വിത്ത് അടങ്ങിയ പാക്കേജുകള്‍ ലഭിച്ചത്.

കൂടുതലായും ചൈനയില്‍ നിന്നാണ് പാക്കറ്റുകള്‍ എത്തിയിരിക്കുന്നത്. വിത്തടങ്ങിയ ഈ നിഗൂഢമായ പാക്കറ്റിന് പുറകില്‍ എന്താണെന്ന് അന്വേഷിക്കുകയാണ് ആമസോണ്‍. വിത്തുകള്‍ അടങ്ങിയ പാക്കില്‍ കടുക് ഉള്‍പ്പടെയുള്ളവ ഉണ്ടായിരുന്നുവെന്ന് ജൂലായില്‍ യു.എസ് കാര്‍ഷിക വകുപ്പ് (യു.എസ്.ഡി.എ) കണ്ടെത്തിയിരുന്നു. ഈ വിത്തുകള്‍ നടരുതെന്ന് കാര്‍ഷിക വകുപ്പ് അമേരിക്കക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ലോകത്തിന്റെ മറ്റു ഭാഗങ്ങളില്‍ നിന്നുള്ള വിത്തുകള്‍ നാണ്യവിളകള്‍ക്ക് ദോഷം വരുത്തുന്ന സ്വദേശികളല്ലാത്ത ഇനങ്ങളാകാമെന്ന് സസ്യവിദഗ്ദ്ധരുടെ അഭിപ്രായപ്പെട്ടു. ഇനി മുതല്‍ യു.എസ് ആസ്ഥാനമായുള്ള വില്‍പനക്കാരെ മാത്രമാണ് വിത്ത് വില്‍ക്കാന്‍ അനുവദിക്കുകയെന്ന് ആമസോണ്‍ ശനിയാഴ്ച ഇമെയില്‍ പ്രസ്താവനയില്‍ അറിയിച്ചു. വിത്ത് വില്‍പന സംബന്ധിച്ച നയം ബുധനാഴ്ച കമ്പനി മാറ്റിയതായി വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു. കമ്പനിയുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കാത്ത വില്‍പനക്കാര്‍ അവരുടെ അക്കൗണ്ടുകള്‍ നീക്കംചെയ്യുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ക്ക് വിധേയമാകുമെന്ന് ആമസോണ്‍ വ്യക്തമാക്കി.

ആമസോണിന്റെ പോളിസി വെബ് പേജ് അനുസരിച്ച് നിലവിലെ നിരോധനം സസ്യങ്ങളിലേക്കും സസ്യ ഉല്‍പന്നങ്ങളിലേക്കും വ്യാപിക്കും. ചൈനയില്‍ നിന്ന് ലഭിച്ച വിത്തുകള്‍ വിശകലനം ചെയ്ത വിദഗ്ദ്ധര്‍ വളരെ കുറച്ച് പ്രശ്‌നങ്ങള്‍ മാത്രമാണ് കണ്ടെത്തിയതെന്ന് യു.എസ്.ഡി.എയുടെ അനിമല്‍ ആന്‍ഡ് പ്ലാന്റ് ഹെല്‍ത്ത് ഇന്‍സ്‌പെക്ഷന്‍ സര്‍വീസിന്റെ (എ.പി.ഐ.എസ്) ഡെപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റര്‍ ഒസാമ എല്‍-ലിസി ഓഗസ്റ്റ് 11ന് പറഞ്ഞിരുന്നു.