ലണ്ടൻ: റഷ്യൻ പ്രതിപക്ഷ നേതാവ് അലക്സി നവൽനിക്ക് നോവിചോക് വിഷബാധയേറ്റെന്ന ജർമ്മനിയുടെ കണ്ടെത്തലിന് റഷ്യൻ സർക്കാർ ഉത്തരം പറയണമെന്ന് ബ്രിട്ടീഷ് വിദേശകാര്യ മന്ത്രി ഡൊമിനിക് റാബ് പറഞ്ഞു. നാഡീഞരമ്പുകളെ ബാധിക്കുന്ന നോവിചോക് വിഷമാണ് നൊവൽനിയുടെ ശരീരത്തിലേറ്റതെന്ന ജർമ്മൻ ഡോക്ടർമാരുടെ വെളിപ്പെടുത്തൽ റഷ്യൻ സർക്കാരിനെയാകെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. അവരുടെ കണ്ടെത്തൽ ശരിയാണെങ്കിൽ അത് ഗുരുതരമായ തെറ്റാണ്. രാസായുധങ്ങൾ സ്വന്തം മണ്ണിൽ ഉപയോഗിക്കാതിരിക്കാനുള്ള നടപടിയെങ്കിലും റഷ്യൻ സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകണമായിരുന്നുവെന്നും റാബ് പറഞ്ഞു. നവൽനിയുടെ കേസിൽ ജർമ്മനി ഡബിൾ ഗെയിം കളിക്കുകയാണെന്നാണ് റഷ്യൻ വിദേശകാര്യ വക്താവ് മറിയ സക്കറോവ പറയുന്നത്. നിരോധിത രാസവിഷം ഉപയോഗിച്ചുവെന്ന് പറയുമ്പോൾ അവർ അതിൽ രാഷ്ട്രീയം കലർത്തിയെന്ന് തങ്ങൾ കരുതുന്നതായും മറിയ പറയുന്നു.