kaavan

ഇസ്ലാമാബാദ്​: മൃഗശാലയിലെ ഇടുങ്ങിയ കൂട്ടിൽ വർഷങ്ങളായി കാവൻ അനുഭവിച്ച് കൊണ്ടിരുന്ന ഏകാന്തതയ്ക്ക് അവസാനമായി. ലോകമെമ്പാടുമുള്ള മൃഗസ്നേഹികളുടെ നിരന്തര പരിശ്രമത്തിന്റെ ഫലമായാണ് കാവൻ എന്ന ആന മോചിതനാകുന്നത്.

പാകിസ്ഥാന്റെ തലസ്ഥാനമായ ഇസ്ലാമാ​ബാദിലെ മൃഗശാലയിൽ ഏകാന്തനായി ഒരു കൂട്ടിൽ കഴിഞ്ഞിരുന്ന കാവനെ രക്ഷിക്കാൻ മൃഗസ്നേഹികൾ ഒരു ക്യാംപെയ്ൻ ആരംഭിച്ചിരുന്നു. 35 വർഷമായി ഇവിടെയാണ് കാവൻ കഴിയുന്നത്. 'ലോകത്തിലെ ഏറ്റവും ഏകാന്തനായ ആന' എന്നാണ് കാവൻ വിശേഷിക്കപ്പെട്ടിരുന്നത്.കാവനെ കുറിച്ചുള്ള വാർത്തകൾ 2016 മുതൽ പുറത്തുവന്നിരുന്നു. ആക്​ടിവിസ്​റ്റുകൾ നൽകിയ ഹർജിയിൽ ആനയെ കംബോഡിയയിലേക്ക്​ മാറ്റാൻ ഇസ്ലാമാബാദ് ഹൈക്കോടതി കഴിഞ്ഞ മേയിൽ ഉത്തരവിട്ടിരുന്നു. നിലവിലെ മൃഗശാലയിൽ മതിയായ ശ്രദ്ധയോ പരിചരണമോ ആനയ്ക്ക് ലഭിക്കുന്നുണ്ടായിരുന്നില്ല.

വെള്ളിയാഴ്ച കാവന്റെ ആരോഗ്യ പരിശോധന പൂർത്തിയായെന്നും യാത്രചെയ്യാൻ അവൻ പ്രാപ്തനാണെന്നും മൃഗക്ഷേമത്തിനായി പ്രവർത്തിക്കുന്ന ഫോർ പോസ് സംഘടനയുടെ വക്താക്കൾ പറഞ്ഞു. കാവൻ ഉൾപ്പടെ മൃഗശാലയിൽ അവശേഷിക്കുന്ന മൃഗങ്ങളെ സുരക്ഷിതമായി മറ്റിടങ്ങളിലേക്ക് മാറ്റാൻ ഫോർ പോസിനാണ് ചുമതല.