ബംഗളൂരു: ജൂലായില്‍ കൊവിഡ് മുക്തയായ 27കാരിയ്ക്ക് വീണ്ടും രോഗബാധ. ബംഗളൂരുവില്‍ ഇതാദ്യമായാണ് കൊവിഡ് മുക്തയായ ആളില്‍ വീണ്ടും വൈറസിന്റെ സാന്നിധ്യം കണ്ടെത്തുന്നത്. നഗരത്തിലെ സ്വകാര്യ ആശുപത്രിയിലാണ് ആശങ്കയുണര്‍ത്തുന്ന സംഭവം ഉണ്ടായിരിക്കുന്നത്. ഫോര്‍ട്ടിസ് ഹോസ്പിറ്റല്‍ പുറത്തിറക്കിയ പത്രക്കുറിപ്പനുസരിച്ച് ജൂലായില്‍ കൊവിഡ് മുക്തയായി ആശുപത്രി വിട്ട യുവതിയാണ് വീണ്ടും രോഗലക്ഷണങ്ങള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കൊവിഡ് പോസിറ്റീവായത്.
ജൂലായ് മാസത്തില്‍ ചെറിയ രീതിയിലുള്ള രോഗലക്ഷണങ്ങളെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് യുവതി കൊവിഡ് പോസിറ്റീവാണെന്ന് വ്യക്തമായത്. പിന്നീട് പൂര്‍ണ്ണമായും രോഗമുക്തയായി പരിശോധനാ ഫലം നെഗറ്റീവായതോടെയായിരുന്നു ഇവര്‍ ആശുപത്രി വിട്ടത്. ഒരു മാസം കഴിഞ്ഞതോടെ വീണ്ടും നേരിയ രോഗലക്ഷണങ്ങള്‍ പ്രകടമായതോടെ നടത്തിയ പരിശോധനയിലാണ് രണ്ടാമതും കൊവിഡ് പോസിറ്റീവാണെന്ന് വ്യക്തമായത്.
യുവതി ജൂലായ് 24നാണ് ആദ്യം കൊവിഡ് മുക്തയായി ആശുപത്രി വിട്ടതെന്ന് ഫോര്‍ട്ടിസ് ഹോസ്പിറ്റലിലെ ഡോക്ടര്‍ പ്രതിക് പാട്ടീല്‍ പറഞ്ഞു. 'ജൂലായ് ആദ്യവാരമാണ് നേരിയ രോഗലക്ഷണങ്ങളോടെ യുവതിയെ പരിശോധനയ്ക്ക് വിധേയമാക്കിയത്. പോസിറ്റീവായതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തു, പിന്നീട് പരിശോധനാ ഫലം നെഗറ്റീവായതോടെ ജൂലായ് 24നാണ് ഡിസ്ചാര്‍ജ്ജ് ചെയ്യുന്നത്' ഡോക്ടര്‍ പറഞ്ഞു.
'മാസങ്ങള്‍ക്ക് ശേഷം ആഗസ്റ്റ് അവസാന ആഴ്ചയാണ് യുവതിയില്‍ വീണ്ടും രോഗലക്ഷണങ്ങള്‍ പ്രകടമായത്. കൊവിഡ് പരിശോധന നടത്തിയപ്പോള്‍ ഫലം പോസിറ്റീവുമായിരുന്നു. രണ്ട് തവണയും അവർക്ക് വലിയ രോഗങ്ങളൊന്നും ഇല്ലായിരുന്നു. ബംഗളൂരുവില്‍ രോഗമുക്തി നേടിയ ഒരാള്‍ക്ക് വീണ്ടും വൈറസ് ബാധയേല്‍ക്കുന്ന ആദ്യത്തെ സംഭവമാകും ഇത്' ഡോ. പ്രതിക് പാട്ടീല്‍ പറയുന്നു. രോഗബാധയ്ക്ക് ശേഷം യുവതിയ്ക്ക് പ്രതിരോധശേഷി വര്‍ദ്ധിക്കാത്തതാകും വീണ്ടും പോസിറ്റീവാകാന്‍ കാരണമെന്നാണ് ഡോക്ടര്‍ പറയുന്നത്.