തിരുവനന്തപുരം: മമ്മൂട്ടിയുടെ ഏതു താടിക്ക് പ്രേക്ഷകർ ഹൈ ഗ്രേഡ് കൊടുക്കും? വടക്കൻ വീരഗാഥയിലെ ചന്തുവിന്റെ മാസ്റ്റർപീസ് താടി, അഥർവത്തിലെ അനന്തപദ്മനാഭന്റെ പ്രതികാരത്താടി, ദാദാ സാബേബിന്റെ ദേശസ്നേഹത്താടി, പാഥേയത്തിലെ ചന്ദ്രദാസിന്റെ എഴുത്തുതാടി, അമരത്തിലെ അച്ചൂട്ടിയുടെ കുറ്റിത്താടി...! താടിയോടു കൂടിയായാലും അല്ലാതെയായാലും മലയാളത്തിന്റെ പൗരുഷത്തികവാണ് മമ്മൂട്ടി.
എങ്കിൽ, സിനിമയിലെത്തുന്നതിനു മുമ്പ് മമ്മൂട്ടി സ്നേഹപൂർവം പരിപാലിച്ചു പോന്നിരുന്ന ഒറിജിനൽ താടിയുടെ കഥയാണിത്. ഈ പിറന്നാൾ ദിനത്തിൽ പഴയ സുഹൃത്തുക്കളുടെ ആശംസകൾക്കിടയിൽ മമ്മൂട്ടി ഓർത്തുവയ്‌ക്കുന്ന താടിക്കഥ. ഒരുപാടു വർഷം പുറകിലാണ്. എറണാകുളം ലാ കോളേജിലെ ആറംഗ സംഘത്തിലെ മൂന്നു പേർ പരസ്പരം ചോദിച്ചു: തങ്ങൾ കലാകാരന്മാരല്ലേ? പക്ഷേ അതിനു തെളിവായി താടി എവിടെ? ആദ്യ ചോദ്യകർത്താവ് സാക്ഷാൽ മമ്മൂട്ടി തന്നെ!
നീട്ടി വളർത്താൻ കല്ല് കെട്ടിയിടുന്നതൊഴികെ താടിയിൽ സർവ പരീക്ഷണങ്ങളും സംഘം നടത്തി. അവിടെയും ഇവിടെയുമൊക്കെയായി എത്തിനോക്കിയിരുന്ന താടിരോമങ്ങളെ പ്രണയപൂർവം പരിപാലിച്ചു വളർത്തി. അന്നത്തെ താടിസംഘത്തിന്റെ സൗഹൃദത്തിന് ഇന്നും ഒരു കുറവുമില്ല. പിന്നീട് ജില്ലാ കളക്ടർ ആയ കെ.ആർ. വിശ്വംഭരൻ, ഷറഫുദ്ദീൻ എന്നിവരായിരുന്നു സൂപ്പർ താടിപ്രേമികൾ. കലാഭവൻ അൻസാറിന്റെ സഹോദരനായിരുന്നു ഷറഫുദ്ദീൻ. ഇവർക്ക് പ്രചോദനമായത് മഹാരാജാസിൽ എം.എ വിദ്യാർത്ഥിയായിരുന്ന എബ്രഹാം കൊച്ചീപ്പന്റെ നീളൻ താടി!
മുരളി, ടി.കെ മധു, ആന്റണി പാലാക്കാരൻ എന്നിവരും കൂട്ടായ്മയിലെ അംഗങ്ങളായിരുന്നെങ്കിലും അത്രയ്‌ക്ക് താടി പ്രേമികളല്ല! താടി പ്രേമത്തിന്റെ ഓർമ്മയ്ക്കായി ഇവർ ഒരു ചിത്രവും എടുത്തുവച്ചു. തങ്ങളുടെ പ്രചോദനമായ എബ്രഹാം കൊച്ചീപ്പനെയും ഫോട്ടോയിൽ ഉൾപ്പെടുത്തിയിരുന്നു. കുറച്ചു നാൾ കഴിഞ്ഞ് 'മേള'യിൽ പ്രധാന കഥാപാത്രമാകാൻ മമ്മൂട്ടിക്ക് അവസരം ലഭിച്ചപ്പോൾ ഷറഫുദ്ദീൻ അതേ സിനിമയിൽ വില്ലനായി. ചെന്നൈയിൽ ഡബ്ബിംഗ് നടക്കുന്ന സമയത്ത് ഷറഫുദ്ദീന് ഗൾഫിൽ ഒരു ജോലി ശരിയായി. കൺഫ്യൂഷനിലായ ഷറഫ് ഒടുവിൽ ഗൾഫ് തന്നെ തിരഞ്ഞെടുത്തു.
ഈ താടി എന്നും നിലനില്‍ക്കണമെന്നില്ലല്ലോ എന്നു തിരിച്ചറിഞ്ഞാണ് സംഘം സ്റ്റുഡിയോയിലെത്തി ഒന്നാന്തരമൊരു ഗ്രൂപ്പ് ഫോട്ടോ എടുത്തത്. പിന്നീട് സുഹൃത്തുക്കൾ പല വഴിക്കു പിരിഞ്ഞെങ്കിലും ആ ചിത്രം ഒരാൾ സൂക്ഷിച്ചുവച്ചു- ആന്റണി പാലാക്കാരൻ. കൂട്ടുകാരന്റെ വീട്ടിൽ സൗഹൃദ സന്ദർശനത്തിന് മമ്മൂട്ടി ഒരിക്കൽ എത്തിയപ്പോഴാണ് ഫോട്ടോയ്ക്ക് വീണ്ടും ജീവൻ വച്ചത്. താടിക്കൂട്ടത്തിന്റെ ഒത്തുചേരൽ വീണ്ടും നടത്തണമെന്ന് അന്ന് തീരുമാനമെടുത്തെങ്കിലും പല കാരണങ്ങളാൽ നീണ്ടുപോയി. ഇനിയിപ്പോൾ കൊവിഡ് കാലം കഴിയട്ടെ എന്നാണ് പഴയ താടിക്കൂട്ടത്തിന്റെ തീർപ്പ്.