news

കോട്ടയം : അവിശ്വാസപ്രമേയ ചര്‍ച്ചയിലും, രാജ്യസഭാ തിരഞ്ഞെടുപ്പിലും പാര്‍ട്ടി വിപ്പ് ലംഘിച്ച എം.എല്‍.എമാരെ അയോഗ്യരാക്കണമെന്നാവശ്യപ്പെട്ട് സ്പീക്കര്‍ക്ക് രേഖാമൂലം പരാതി നൽകുമെന്ന് ജോസ് കെ.മാണി. ഇത് സംബന്ധിച്ച് കേരളകോൺഗ്രസ് എം. സ്റ്റിയറിംഗ് കമ്മിറ്റിയോഗം തീരുമാനമെടുത്തതായി ജോസ്. കെ..മാണി അറിയിച്ചു.

അതേസമയം തീരുമാനത്തെ പി.ജെ.ജോസഫ് പരിഹസിച്ചു. ജോസ് കെ മാണിയുടെ ഭീഷണി മന്തുകാലന്റെ തൊഴി പോലെയാണെന്ന് പിജെ ജോസഫ് പറഞ്ഞു. അയോഗ്യത ഏൽക്കില്ല.. ചിഹ്നത്തെക്കാളും പ്രധാനമാണ് ജനപിന്തുണയെന്നും കോടതി വിധി അനുകൂലമാകുമ്പോൾ തീരാവുന്ന പ്രശ്നമേ ഇപ്പോഴുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി.

നിയമസഭയില്‍ വിപ്പ് ലംഘിച്ച പി.ജെ ജോസഫും, മോന്‍സ് ജോസഫും രാഷ്ട്രീയ വഞ്ചനയാണ് കാട്ടിയെതെന്നാണ് സ്റ്റിയറിംഗ് കമ്മിറ്റി യോഗം വിലയിരുത്തിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഇരുവരെയും അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് രേഖാമൂലം പരാതി നല്‍കുന്നതിന് നിയമസഭയിലെ കേരളാ കോണ്‍ഗ്രസ് (എം) ന്റെ ചീഫ് വിപ്പ് റോഷി അഗസ്റ്റിനെ ചുമതലപ്പെടുത്തുകയും ചെയ്തു. ഇതിന് പിന്നാലെയാണ് പി.ജെ.ജോസഫിന്റെ പ്രതികരണം.

യു.ഡി.എഫില്‍ നിന്ന് പുറത്താക്കപ്പെട്ടതിനെത്തുടര്‍ന്ന് ചേര്‍ന്ന സ്റ്റിയറിംഗ് കമ്മറ്റി യോഗം സ്വതന്ത്രരാഷ്ട്രീയ നിലപാട് സ്വീകരിക്കാനാണ് തീരുമാനിച്ചിരുന്നത്. മുന്നണി പ്രവേശനം സംബന്ധിച്ച് തീരുമാനം പഞ്ചായത്ത് തിരഞ്ഞെടുപ്പിന് മുമ്പായി സ്വീകരിക്കാന്‍ യോഗം തീരുമാനിച്ചു. നിലവിലുള്ള രാഷ്ട്രീയ സാഹചര്യം വിലയിരുത്തി ഉചിതമായ തീരുമാനം വേഗത്തില്‍ തീരുനാനിക്കാന്‍ ജോസ് കെ.മാണി എം.പിയെ യോഗം ചുമതലപ്പെടുത്തി.