chennai-mumbai

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മത്സരക്രമം ബി.സി.സി.ഐ പ്രഖ്യാപിച്ചു. ഉദ്ഘാടന മത്സരത്തില്‍ നിലവിലുള്ള ചാമ്പ്യന്‍മാരായ മുംബയ് ഇന്ത്യന്‍സും റണ്ണേഴ്‌സ് അപ്പായ ചെന്നൈ സൂപ്പര്‍ കിംഗ്സും തമ്മില്‍ ഏറ്റുമുട്ടും. സെപ്തംബര്‍ 19ന് അബുദാബിയിലാണ് ഉദ്ഘാടന മത്സരം നടക്കുക.


സെപ്തംബര്‍ 20ന് നടക്കുന്ന രണ്ടാമത്തെ മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സും കിംഗ്സ് ഇലവന്‍ പഞ്ചാബും തമ്മില്‍ കളിക്കും. ദുബായിലാണ് രണ്ടാമത്തെ മത്സരം നടക്കുക. സെപ്തംബര്‍ 21ന് സണ്‍ റൈസേഴ്‌സ് ഹൈദരാബാദും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും തമ്മില്‍ അടുത്ത മത്സരം നടക്കും. ഷാര്‍ജയില്‍ നടക്കുന്ന ആദ്യ മത്സരത്തില്‍ സെപ്തംബര്‍ 22ന് ചെന്നൈ സൂപ്പര്‍ കിംഗ്സും രാജസ്ഥാന്‍ റോയല്‍സും തമ്മില്‍ കളിക്കും.


ആദ്യഘട്ടത്തില്‍ 10 ദിവസങ്ങളില്‍ 2 മത്സരങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. യു.എ.ഇ സമയം ഉച്ചയ്ക്ക് 2 മണിക്ക്, അതായത് ഇന്ത്യന്‍ സമയം 3.30ന് ആയിരിക്കും ഇതിലെ ആദ്യ മത്സരം. ഇന്ത്യന്‍ സമയം വൈകീട്ട് 7.30നായിരിക്കും വൈകീട്ടത്തെ മത്സരങ്ങള്‍. യു.എ.ഇ സമയം 6 മണിക്കായിരിക്കും ഇത് നടക്കുക. പ്ലേ ഓഫിന്റെയും ഫൈനലിന്റെയും വേദികളും സമയക്രമവും പിന്നീട് പ്രഖ്യാപിക്കും. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കര്‍ശന സുരക്ഷാ സംവിധാനങ്ങളോടെയാവും ടൂര്‍ണമെന്റ് നടക്കുക.


24 മത്സരങ്ങള്‍ ദുബായിലും 20 മത്സരങ്ങള്‍ അബുദാബിയിലും 12 മത്സരങ്ങള്‍ ഷാര്‍ജയിലുമാണ് നടക്കുക. ചെന്നൈ ക്യാമ്പിലുള്ളവര്‍ക്ക് കൊവിഡ് ബാധിച്ചതിനാലാണ് ഐ.പി.എല്‍ ഷെഡ്യൂള്‍ പ്രഖ്യാപിക്കാന്‍ വൈകിയത്.