china-and-who

കൊവിഡ് രോഗവ്യാപനം ലോകമാകമാനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ രോഗത്തിന് പ്രതിവിധിയായി വാക്സിനുകൾ വികസിപ്പിച്ചെടുക്കാനുള്ള നെട്ടോട്ടത്തിലാണ് ലോകരാജ്യങ്ങൾ. വിവിധ രാജ്യങ്ങളിലായി 321ഓളം വാക്സിനുകൾ ഇപ്പോൾ നിർമാണ പ്രക്രിയയിൽ ഇരിക്കുകയാണെങ്കിലും, പേരുകേട്ട ആരോഗ്യ വിദഗ്ദരെല്ലാം ഏറ്റവും കൂടുതൽ പ്രതീക്ഷയർപ്പിക്കുന്നത് ഫാർമസ്യൂട്ടിക്കൽ കമ്പനിയായ 'ആസ്‌ട്രാ സെനേക്ക'യുടെ സഹായത്തോടെ ഓക്സ്ഫോർഡ് സർവകലാശാല വികസിപ്പിച്ചെടുക്കുന്ന 'കൊവിഷീൽഡ്' വാക്സിനിലാണ്.

'ഓക്സ്ഫോർഡ് വാക്സിൻ' എന്ന പേരിൽ കൂടി അറിയപ്പെടുന്ന ഈ വാക്സിൻ നിലവിൽ ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിൽ മനുഷ്യരിലുള്ള പരീക്ഷണങ്ങൾ(ഹ്യൂമൻ ട്രയൽസ്) നടത്തിക്കൊണ്ടിരിക്കുകയാണ്. എന്നിരുന്നാലും സെപ്റ്റംബർ മാസം പകുതിയെങ്കിലും ആകാതെ വാക്സിൻ കൊവിഡ് രോഗത്തിനെതിരെ ഫലപ്രദമാണോ എന്ന അനുമാനത്തിലേക്ക് എത്താനാകില്ല എന്ന നിലപാടിലാണ് ആരോഗ്യ വിദഗ്ദർ.

ബ്രിട്ടനിലെ ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മാത്രമല്ല വാക്സിന് വേണ്ടിയുള്ള പരീക്ഷണങ്ങളിൽ മുഴുകിയിരിക്കുന്നത്. ഇന്ത്യ, അമേരിക്ക, ചൈന, ഇറാൻ, റഷ്യ എന്നീ രാജ്യങ്ങളും തക്കസമയത്ത് കൊവിഡ് വാക്സിൻ പുറത്തിറക്കാനുള്ള തത്രപ്പാടിലാണ്. ഇതിൽ റഷ്യയാകട്ടെ വാക്സിൻ പരീക്ഷണങ്ങളുടെ അവസാന ഘട്ടത്തിലാണെന്നും ഈ ആഴ്ച മുതൽ 'സ്പുട്നിക് 2' എന്ന് പേരിട്ടിരിക്കുന്ന കൊവിഡ് വാക്സിൻ രാജ്യം, ജനങ്ങൾക്കിടയിൽ വിതരണം ചെയ്തുതുടങ്ങും എന്നുമാണ് പുറത്തുവരുന്ന വിവരം.

എന്നാൽ ലോകത്തിന്റെ ഈ 'വാക്സിൻ നെട്ടോട്ട'ത്തിനിടെ ഞെട്ടിപ്പിക്കുന്ന മറ്റൊരു വിവരം ഇപ്പോൾ പുറത്തുന്നുവന്നിരിക്കുകയാണ്. വാക്സിൻ നിർമ്മാണം സംബന്ധിച്ച അമേരിക്ക, ബ്രിട്ടൻ, ക്യാനഡ എന്നീ രാജ്യങ്ങളുടെ കൈവശമുള്ള നിർണായക വിവരങ്ങൾ, ചൈന, ഇറാൻ തുടങ്ങിയ രാജ്യങ്ങൾ രഹസ്യമായി കൈവശപ്പെടുത്താൻ ശ്രമിക്കുകയാണെന്ന വിവരമാണ് പുറത്തുവരുന്നത്. അമേരിക്കൻ വാർത്താ മാദ്ധ്യമമായ 'ന്യൂയോർക്ക് ടൈംസ്' ആണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടിരിക്കുന്നത്.

ഹാക്കർമാരെ ഉപയോഗിച്ചുകൊണ്ട് അമേരിക്കയുടെ വാക്സിൻ ഗവേഷണം സംബന്ധിച്ച വിവരങ്ങൾ കൈക്കലാക്കാനാണ് ചൈന ശ്രമിക്കുന്നതെന്നാണ് മാദ്ധ്യമത്തിന്റെ ഓൺലൈൻ വിഭാഗം റിപ്പോർട്ട് ചെയ്യുന്നത്. അധികം ബുദ്ധിമുട്ടാതെ വിവരങ്ങൾ എളുപ്പത്തിൽ കൈക്കലാക്കാൻ സി.ഡി.സി(സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവെൻഷൻ) പോലെയുള്ള അമേരിക്കയുടെ പ്രധാന ആരോഗ്യ സ്ഥാപനങ്ങളെ വിട്ടുകൊണ്ട് കൊവിഡ് വാക്സിൻ ഗവേഷണം നടത്തുന്ന രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളെയാണ് ചൈന സൈബർ സ്പേസ് വഴി ലക്ഷ്യമിട്ടിരിക്കുന്നത്. ഇതിന്റെ ഭാഗമായി നോർത്ത് കരോലീന സർവകലാശാല തുടങ്ങിയ അമേരിക്കൻ വിദ്യാഭ്യാസ സ്ഥാപങ്ങളിൽ ചൈന 'ചാര പണികൾ' നടത്തിയിട്ടുണ്ടെന്നും മാദ്ധ്യമം പറയുന്നുണ്ട്.

'വാക്സിൻ' ഉടൻതന്നെ പുറത്തിറക്കും' എന്ന് പ്രഖ്യാപിച്ചിട്ടുള്ള റഷ്യയും വാക്സിനുമായി ബന്ധപ്പെട്ട വിവരങ്ങൾ ചോർത്താൻ മുൻപന്തിയിലുണ്ട്. റഷ്യയുടെ 'ഫോറിൻ ഇന്റലിൻജൻസ് സർവീസ്(എസ്.വി.ആർ)' ആണ് വിവരങ്ങൾ ചോർത്തുന്നതിന് പിന്നിൽ പ്രവർത്തിക്കുന്നതെന്നും മാദ്ധ്യമം പറയുന്നു. ഒരു ബ്രിട്ടീഷ് ചാര ഏജൻസിയാണ് ഇതിലെ റഷ്യൻ ഇടപെടലുകളെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുകൊണ്ടുവന്നത്. അമേരിക്കയും റഷ്യയും തമ്മിലെ ശീത യുദ്ധകാലത്തെ അനുസ്മരിപ്പിക്കുന്നതാണ് ഈ വസ്തുതകളെന്നും 'ന്യൂയോർക്ക് ടൈംസ്' പറയുന്നു. അക്കാലത്ത് ബഹിരാകാശ പര്യവേക്ഷണ രംഗത്ത് ഇരു രാജ്യങ്ങളും തമ്മിൽ നിലനിന്ന കിടമത്സരത്തോടാണ്(സ്പേസ് റേസ്) വാക്സിന് വേണ്ടിയുള്ള ഇപ്പോഴത്തെ ഈ പോരാട്ടത്തിന് സാമ്യം.

സമാനമായ രീതിയിൽ ഇറാനും വാക്സിൻ വിവരങ്ങൾ കൈക്കലാക്കാനുള്ള ഒരുക്കത്തിലാണ്. വാക്സിൻ ഗവേഷണ വിവരങ്ങൾ കൈവശപ്പെടുത്താനുള്ള 'അതിദ്രുത ശ്രമങ്ങൾ' ഇറാൻ ചാര സംഘടനകൾ ആരംഭിച്ചതായും മാദ്ധ്യമം പറയുന്നുണ്ട്. വിവരങ്ങൾ അപഹരിക്കാനുള്ള ചൈനയുടെ ശ്രമങ്ങൾക്ക് പിന്നിൽ ലോകാരോഗ്യ സംഘടനയുടെ സഹായമുണ്ടെന്നുള്ള സൂചനകളും 'ന്യൂയോർക്ക് ടൈംസ്' നൽകുന്നു. അമേരിക്കൻ, യൂറോപ്യൻ രഹസ്യങ്ങൾ ഹാക്ക് ചെയ്യാനായി ചൈനീസ് ഏജന്റുമാർ ഇറങ്ങിത്തിരിച്ചത്. ലോകാരോഗ്യ സംഘടന നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണെന്നാണ് വിവരം. ഇതിനായി ലോകാരോഗ്യ സംഘടനയ്ക്ക് മേൽ തങ്ങൾക്കുള്ള സ്വാധീനം ചൈന ഉപയോഗിച്ചുവെന്നും മാദ്ധ്യമം പറയുന്നുണ്ട്.

എന്നാൽ ലോകമാകെ നടക്കുന്ന വാക്സിൻ ഗവേഷണങ്ങളുടെ സൂക്ഷ്മ വശങ്ങളെ കുറിച്ച് കൃത്യമായി മനസിലാക്കാൻ ചൈന ഏത് മാർഗമാണ് ഉപയോഗിക്കുന്നതെന്ന് വ്യക്തമല്ല. സാധാരണയായി ലോകമാകമാനം നടക്കുന്ന കൊവിഡ് വാക്സിൻ ഗവേഷണങ്ങൾ സംബന്ധിച്ച വിവരങ്ങൾ ലോകാരോഗ്യ സംഘടന ശേഖരിക്കാറുണ്ട്. ഈ വിവരങ്ങൾ സമയാസമയം പുറത്തുവിടുകയാണ് ഡബ്‌ള്യു.എച്ച്.ഒ ചെയ്യാറുള്ളത്.

എന്നാൽ സംഘടനയുടെ മേലുള്ള സ്വാധീനം ഉപയോഗിച്ചുകൊണ്ട് ഗവേഷണങ്ങൾ സംബന്ധിച്ച വിവരങ്ങൾ ചൈന നേരത്തെ തന്നെ കൈക്കലാക്കുകയായിരുന്നു. തുടർന്ന് ഏത് രാജ്യങ്ങളിൽ നടക്കുന്ന വാക്സിൻ പരീക്ഷണങ്ങളാണ് വിജയത്തിലേക്കടുക്കുന്നതെന്ന് മനസിലാക്കി അതാത് രാജ്യങ്ങളിൽ നിന്നുമുള്ള വാക്സിൻ വിവരങ്ങൾ ചോർത്താനാണ് ചൈന ലക്ഷ്യമിടുന്നത്. ഏതായാലൂം ചൈന, റഷ്യ, ഇറാൻ തുടങ്ങിയ രാജ്യങ്ങളുടെ ഉദ്ദേശങ്ങൾ പുറത്തായതോടെ അമേരിക്കൻ യൂറോപ്യൻ സുരക്ഷാ ഏജൻസികൾ തങ്ങളുടെ സൈബർ രംഗത്തെ പ്രതിരോധം ശക്തമാക്കിയിട്ടുണ്ടെന്നാണ് വിവരം.