മമ്മൂട്ടി മലയാളികൾക്കെല്ലാം പ്രിയപ്പെട്ട മമ്മൂക്കയാണ്. സ്നേഹത്തിന്റെയും തലയെടുപ്പിന്റെയും ആൾരൂപമായ വല്യേട്ടൻ.
അദ്ദേഹത്തെ സ്നേഹാദരപൂർവം മമ്മൂക്കയെന്ന് വിളിച്ചപ്പോൾ ദുൽഖർ സൽമാൻ എന്ന സ്വന്തം ഡി.ക്യൂവിന് മലയാളി നൽകിയ വിളിപ്പേര് കുഞ്ഞിക്കയെന്നാണ്.മമ്മൂക്കയെയുംകുഞ്ഞിക്കയെയും കുറിച്ചറിയാൻ ആരാധകർ ആഗ്രഹിക്കുന്ന വിശേഷങ്ങളിലൂടെ...
ദുൽഖർ സിനിമയിൽ അഭിനയിച്ച് തുടങ്ങിയ കാലം മുതൽ ആരാധകർ ചോദിക്കുന്ന ചോദ്യമാകട്ടെ ആദ്യം.
''മമ്മൂക്കയും കുഞ്ഞിക്കയും ഒന്നിച്ചൊരു സിനിമ എന്നുണ്ടാകും?
""അങ്ങനെയൊരു പ്രോജക്ട് ഉണ്ടാകുമോയെന്നറിയില്ല. അത് ദുരൂഹമായിത്തന്നെയിരിക്കട്ടെ", ദുൽഖർ കള്ളച്ചിരിയോടെ പറയുന്നു.എന്നാൽ ആ സിനിമ സമീപഭാവിയിലൊന്നും സംഭവിക്കാൻ സാദ്ധ്യതയില്ലെന്നാണ് ഇവരുടെ അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന. മമ്മൂട്ടിയുടെയും ദുൽഖറിന്റെയും വഴികൾ രണ്ടാണ്. ലൊക്കേഷനിലും വീട്ടിലും പെട്ടെന്ന് ക്ഷുഭിതനാകുന്ന പ്രകൃതമാണ് മമ്മൂട്ടിയുടേത്. പറയാനുള്ളത് ആരുടെ മുഖത്തുനോക്കിയും പറയും. പക്ഷേ, പത്തു മിനിട്ടിനപ്പുറം ക്ഷോഭം നീളില്ല. പറഞ്ഞത് അല്പം കൂടിപ്പോയെന്ന് തോന്നിയാൽ അദ്ദേഹം തന്നെ മഞ്ഞുരുക്കാൻ മുൻകൈയെടുക്കും. ഇഷ്ടമായതെന്തെങ്കിലും കണ്ടാലും തുറന്ന് പ്രകടിപ്പിക്കുന്നതാണ് രീതി. എന്നാൽ അല്പംകൂടി ഡിപ്ളോമാറ്റിക്കാണ് ദുൽഖർ. ലൊക്കേഷനിൽ പോലും എന്തെങ്കിലും ഇഷ്ടക്കേട് തോന്നിയാൽ പ്രകടിപ്പിക്കില്ല. പക്ഷേ, വീട്ടുകാരോട് അക്കാര്യം പറയും.
ഒട്ടും കർക്കശക്കാരനായ വാപ്പുച്ചിയല്ല മമ്മൂട്ടി. ആവശ്യമെങ്കിൽ മാത്രം സ്ട്രിക്ടാകും. മറ്റുള്ളവരോട് പെരുമാറുന്ന അതേ കാർക്കശ്യത്തോടെയും കണിശതയോടെയുമാകും ചിലപ്പോൾ കുടുംബത്തോടും പെരുമാറുക. അവർക്കത് മനസിലാകും. എത്രയോ കാലമായി കാണുന്നതാണ് ആ സ്നേഹമുള്ള സിംഹത്തെ.
ഒരിക്കലും ദുൽഖർ തന്റെ തണലിൽ താരമാകാൻ മമ്മൂട്ടി അനുവദിച്ചിട്ടില്ല. സകല താരങ്ങളുടെയും സിനിമകളെ സ്വന്തം ഫേസ്ബുക്ക് പേജിലൂടെ പ്രൊമോട്ട് ചെയ്യുമ്പോഴും ദുൽഖറിന്റെ ഒരു ഫോട്ടോ പോലും പോസ്റ്റ് ചെയ്യാത്തതിന് കാരണവും മറ്റൊന്നല്ല.കേരളത്തിലെ ഏറ്റവും അറിയപ്പെടുന്ന സംവിധായകന്റെ, ബാനറിന്റെ ചിത്രത്തിലൂടെ മകനെ ലോഞ്ച് ചെയ്യാമെന്നിരിക്കെ മമ്മൂട്ടി അതിന് തയ്യാറായില്ല. ദുൽഖറിനെ സിനിമയിൽ അവതരിപ്പിക്കാൻ പലരും സമീപിച്ചപ്പോഴും ഒരു ശ്രമവും നടത്തിയില്ല. അഭിനയിക്കാനുള്ള താത്പര്യം ദുൽഖറിനുമുണ്ടായിരുന്നില്ല. "ഒന്നുനോക്കിയാലോ?" പിന്നെയും പിന്നെയും ഒാഫറുകൾ തേടിവന്നപ്പോൾ ദുൽഖർ വാപ്പുച്ചിയോടു തന്നെ ചോദിച്ചു. ''നിനക്ക് ഇഷ്ടമുണ്ടെങ്കിൽ ചെയ്യൂ." എന്നായിരുന്നു മറുപടി. അന്ന് മുതൽ ഇന്നുവരെ ദുൽഖറിന്റെ സിനിമാക്കാര്യങ്ങളിൽ മമ്മൂട്ടി ഇടപെട്ടിട്ടില്ല. ദുൽഖറിനോട് ഒരു കഥപറയണമെന്ന ആവശ്യവുമായി ചിലർ മമ്മൂട്ടിയുടെയടുത്ത് വരും. "എന്നോട് കഥ പറയാനുണ്ടെങ്കിൽ പറ. ദുൽഖറിനോട് പറയാനുള്ള കഥ അവനോട് തന്നെ പറയണം." ഇതാണ് പതിവ് മറുപടി.
മമ്മൂട്ടി മകന്റെ സിനിമയെക്കുറിച്ച് ചോദിച്ചറിയുന്നത് ഷൂട്ടിംഗ് തുടങ്ങിയ ശേഷം ആ സിനിമയുടെ അണിയറപ്രവർത്തകരെ ആരെയെങ്കിലും കണ്ടുമുട്ടുമ്പോഴാണ്. ഇരുവരും ഒന്നിക്കുന്ന ഒരു സിനിമക്കായി പലരും മമ്മൂട്ടിയെ സമീപിക്കാറുണ്ട്. എല്ലാവരും വരുന്നത് അച്ഛനും മകനുമായി അല്ലെങ്കിൽ ചേട്ടനും അനിയനുമായി അഭിനയിക്കേണ്ട കഥകളുമായിട്ടായിരിക്കും. അവരോടെല്ലാം മമ്മൂട്ടി സന്തോഷത്തോടെ പറയും: "ഞാൻ റെഡിയാണ്. അവനോട് ചോദിക്ക് എന്റെ അച്ഛനായിട്ടോ ചേട്ടനായിട്ടോ അഭിനയിക്കാൻ പറ്റ്വോന്ന്!" ആ മറുപടിയിൽത്തന്നെ കഥ പറയാൻ വന്നവർ തകർന്നുപോകും.
മമ്മൂട്ടിയും കുടുംബവും ഹോം തിയേറ്ററിലാണ് മിക്ക സിനിമകളും കാണുന്നത്. ദുൽഖറാണ് മമ്മൂട്ടിയുടെ ഏറ്റവും വലിയ ക്രിട്ടിക്. ഏത് സിനിമ കണ്ടാലും കൃത്യമായി അഭിപ്രായം പറയും. ദുൽഖറിന്റെ ഏറ്റവും വലിയ ക്രിട്ടിക് സുൽഫത്തും. ഉമ്മച്ചിയുടെ അഭിപ്രായം അറിയാനാണ് ദുൽഖർ നെഞ്ചിടിപ്പോടെ കാത്തിരിക്കുന്നത്.
കോസ്റ്റ്യൂമും കൂളിംഗ് ഗ്ളാസും ഹെയർ സ്റ്റൈലും തുടങ്ങി മലയാളി എക്കാലവും നെഞ്ചേറ്റിയ സ്റ്റൈലുകളും ട്രെൻഡുകളും അവതരിപ്പിച്ചിട്ടുള്ളത് മമ്മൂട്ടിയാണ്. പുതിയ സംവിധായകരുടെ കാര്യവും അങ്ങനെ തന്നെ. മലയാളത്തിലെ ന്യൂജൻ ഹിറ്റ് മേക്കർമാരിൽ അധികവും മമ്മൂട്ടി പരിചയപ്പെടുത്തിയ സംവിധായകരാണ്. പുതിയ ട്രെൻഡുകളെക്കുറിച്ച് മമ്മൂട്ടിക്ക് ഏറ്റവുമധികം വിവരങ്ങൾ നൽകുന്നതും അക്സസറീസുകൾ തിരഞ്ഞെടുക്കുന്നതും ദുൽഖർ തന്നെ.
മമ്മൂട്ടിയുടെ വാഹന കമ്പം പ്രസിദ്ധമാണ്. ആ കമ്പം മകനും അതേ അളവിലുണ്ട്. ഇവരുടെ പോഷ് കാറുകളിൽ ഏറിയ പങ്കും ദുൽഖർ തിരഞ്ഞെടുത്തതാണ്. ഒരു ജന്മദിനത്തിൽ എസ്. ക്ളാസ് ബെൻസ് സമ്മാനമായി നൽകി ദുൽഖർ വാപ്പുച്ചിയെ ഞെട്ടിച്ചു. പിറന്നാൾ ദിവസം അർദ്ധരാത്രി പന്ത്രണ്ട് മണിക്ക് ആ ആഡംബര കാർ വീട്ടിലെത്തി. അവസാന നിമിഷം വരെ അതീവ രഹസ്യമായാണ് ദുൽഖർ കാര്യങ്ങൾ നീക്കിയത്.
യാത്രകളാണ് വാപ്പുച്ചിയും മകനും ഒരുപോലെ ഇഷ്ടപ്പെടുന്ന മറ്റൊരു കാര്യം. ഒന്നിച്ചുകൂടുമ്പോൾ ഏറ്റവുമധികം ചർച്ച ചെയ്യുന്നതും അവധിക്കാല യാത്രകളെക്കുറിച്ചാണ്.ബാംഗ്ലൂരിലുള്ള മകൾ സുറുമിയുടെയും ഭർത്താവിന്റെയും ഒഴിവനുസരിച്ചാണ് യാത്രകൾ പ്ലാൻ ചെയ്യുന്നത്. ലോകത്തിന്റെ ഏത് കോണിലേക്കായാലും അവധിക്കാലം ആഘോഷിക്കാൻ ഭാര്യയ്ക്കും മക്കൾക്കും മരുമക്കൾക്കും കൊച്ചുമക്കൾക്കും ഒപ്പമേ മമ്മൂട്ടി പോകൂ. യാത്രയ്ക്കുള്ള ഒരുക്കങ്ങളുടെ മേൽനോട്ടം ദുൽഖറിനാണ്. ഇന്റർനെറ്റിലൂടെ ടിക്കറ്റും ഹോട്ടലുകളും ബുക്ക് ചെയ്യുന്നതും അവിടെ എത്തിയ ശേഷമുള്ള യാത്രകൾ സംഘടിപ്പിക്കുന്നതും ദുൽഖറാണ്.
മമ്മൂട്ടി കുടുംബത്തിന്റെ ഏറ്റവും വലിയ ഭാഗ്യമെന്താണെന്ന് ചോദിച്ചാൽ അടുത്തറിയുന്ന ആരും ഒരേയൊരു ഉത്തരമേ പറയൂ, സുൽഫത്ത്. മമ്മൂട്ടിയുടെ ഭാര്യ, ദുൽഖറിന്റെ ഉമ്മ.മമ്മൂക്കയുടെ സ്വന്തം സുലുവാണ് ആ വീടിന്റെ എല്ലാമെല്ലാം. മമ്മൂട്ടിയുടെ ഉമ്മച്ചിയെ സ്വന്തം ഉമ്മച്ചിയെ പോലെയാണവർ നോക്കുന്നത്. ഉമ്മച്ചിയെ നോക്കാനായി മാത്രം പല യാത്രകളും ഒഴിവാക്കി വീട്ടിൽതന്നെയിരിക്കുന്നയാളാണ് സുൽഫത്ത്. ഉമ്മച്ചിക്കൊപ്പമേ മമ്മൂട്ടിയും സുൽഫത്തും പ്രാതൽ കഴിക്കാറുള്ളൂ. ഉമ്മച്ചിയും സുൽഫത്തും തമ്മിലുള്ള ഇഴയടുപ്പം തന്നെയാണ് സുൽഫത്തും ദുൽഖറിന്റെ ഭാര്യ അമാൽ സൂഫിയയും (അമ്മു) തമ്മിലുള്ളത്.
വീട്ടിൽ നിന്ന് മമ്മൂട്ടിയും ദുൽഖറും ഒരുമിച്ച് ഷൂട്ടിംഗിന് പോകുന്ന ദിവസങ്ങളുണ്ട്. ഒരേ സമയം രണ്ട് വഴികളിലേക്ക്. രണ്ട് സിനിമകളിലേക്ക്. രാവിലെ ഇവർക്കു വേണ്ടി ഭക്ഷണമൊരുക്കുന്നത് സുൽഫത്തും അമ്മുവും ചേർന്നാണ്. വാപ്പുച്ചിയെയും ദുൽഖറിനെയും യാത്രയാക്കാൻ ഇരുവരും വാതിൽക്കലെത്തുകയും ചെയ്യും. എറണാകുളത്താണ് ഷൂട്ടിംഗെങ്കിൽ രണ്ടുപേർക്കുമുള്ള ഉച്ചയ്ക്കുള്ള ഭക്ഷണം വീട്ടിൽ നിന്ന് കൊടുത്തയയ്ക്കുയാണ് പതിവ്. ലൊക്കേഷനിലെ സുഹൃത്തുക്കൾക്ക് കൂടി കണക്കാക്കിയാണ് ഭക്ഷണം കൊടുത്തയയ്ക്കുക. മമ്മൂട്ടി എല്ലാ വിഭവങ്ങളും കഴിക്കും. എല്ലാത്തിലും എണ്ണ ഒഴിവാക്കുകയോ കുറയ്ക്കുകയോ ചെയ്യുമെന്ന് മാത്രം.
കുടുംബത്തിലെ ചടങ്ങുകളിലെല്ലാം പങ്കെടുക്കാൻ ഇരുവരും സമയം കണ്ടെത്താറുണ്ട്. എറണാകുളത്തുള്ളപ്പോൾ സിനിമാസുഹൃത്തുക്കളുടെ മക്കളുടെ കല്യാണങ്ങൾക്കും മറ്റും മമ്മൂട്ടി നിശ്ചയമായും പങ്കെടുത്തിരിക്കും. ഒരു മരണം സംഭവിച്ചാലും അവിടെ ആദ്യമെത്തുന്നൊരാൾ മമ്മൂട്ടിയായിരിക്കും. ദുൽഖർ അക്കാര്യത്തിൽ വാപ്പുച്ചിയുടെ പാത പിന്തുടരുന്നുണ്ട്.
മമ്മൂട്ടിയും ദുൽഖറും സിനിമകൾ തിരഞ്ഞെടുക്കുന്ന രീതി വ്യത്യസ്തമാണ്. ചില സിനിമകൾ പരാജയപ്പെടുമ്പോൾ മമ്മൂട്ടിയോട് പലരും ചോദിക്കും, മമ്മൂക്കാ ഇത് വേണമായിരുന്നോയെന്ന്. ഒരു പുതിയ സംവിധായകനും പുതിയ തിരക്കഥാകൃത്തും വന്ന് അവരുടെ ആഗ്രഹം പറയുമ്പോൾ എങ്ങനെയാണ് അവരെ നിരാശപ്പെടുത്തുക! ''സ്ക്രിപ്റ്റ് ഇഷ്ടപ്പെട്ടില്ലെങ്കിൽ നന്നാക്കണമെന്ന് പറയാറുണ്ട്. അവരുടെ ഭാവിയാണ് " ഇതാണ് മമ്മൂട്ടിയുടെ മറുപടി. സിനിമയുടെ ജയപരാജയങ്ങളുടെ ഉത്തരവാദിത്വത്തെക്കുറിച്ച് സംവിധായകനോ എഴുത്തുകാരനോ ഉറപ്പു നൽകിയാലും നിർമ്മാതാവിന് ഇത് ഓക്കെയാണോയെന്ന് മമ്മൂട്ടി അന്വേഷിക്കാറുണ്ട്. അദ്ദേഹം മനസില്ലാമനസോടെ അഭിനയിച്ച ചില സിനിമകൾ മഹാവിജയങ്ങളായിട്ടുമുണ്ട്.