vivo

ന്യൂഡൽഹി:അറോറ ബ്ലൂ, ഗ്ലേസിയര്‍ വൈറ്റ്, ഇന്റെര്‍സ്റ്റെല്ലര്‍ ബ്ലാക്ക്, മിസ്റ്റ് ബ്ലൂ, മിസ്റ്റ് വൈറ്റ്, ബ്‌സിഡിയന്‍ ബ്ലാക്ക്, ഡോണ്‍ വൈറ്റ്. സ്മാര്‍ട്ട്‌ഫോണുകള്‍ വാങ്ങുമ്പോള്‍ ഉപഭോക്താക്കളെ കുഴപ്പിക്കുന്ന നിറങ്ങളാണ് മേല്പറഞ്ഞവ. ഒരു വിധം എല്ലാ നിറങ്ങളിലും ഇപ്പോള്‍ സ്മാര്‍ട്ട്‌ഫോണുകള്‍ ലഭ്യമാണ്. അതുകൊണ്ട് തന്നെ ഒരു സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങാന്‍ തീരുമാനിച്ചാല്‍ പിന്നെ പലരും കണ്‍ഫ്യൂഷനില്‍ പെടുക ഇനി ഏത് നിറം വേണം എന്നാണ്. ഇഷ്ടത്തിന് നിറം മാറുന്ന ഫോണ്‍ ഉണ്ടായിരുന്നെങ്കില്ലോ?

സ്മാര്‍ട്ട്‌ഫോണായ വിവോ അത്തരം ഫോണുകളുടെ പണിപ്പുരയിലാണ് എന്നാണ് വിവരം. ഒരു കീ അമര്‍ത്തിയാല്‍ നിറങ്ങള്‍ മാറ്റാന്‍ കഴിയുന്ന ഇലക്ട്രോക്രോമിക് ഗ്ലാസുള്ള ബാക്ക്പാനലുകളുള്ള ഫോണ്‍ ആണ് വിവോ തയ്യാറക്കുന്നത്. ഇത്തരത്തിലൊരു ഫോണിന്റെ വീഡിയോ ചൈനീസ് സമൂഹ മാധ്യമ വെബ്സൈറ്റ് ആയ വെയ്ബോയില്‍ അടുത്തിടെ പ്രത്യക്ഷപ്പെട്ടിരുന്നു. വീഡിയോയില്‍ പക്ഷെ ഏതാണ് സ്മാര്‍ട്ട്ഫോണ്‍ ബ്രാന്‍ഡ് എന്നതിനെപ്പറ്റി പരാമര്‍ശിച്ചിട്ടില്ല. എന്നാല്‍ പിന്നീട് ഈ സവിശേഷത ഉപയോഗിച്ച് ഒരു ഫോണ്‍ തങ്ങള്‍ തയ്യാറാക്കുന്നുണ്ട് എന്ന് വിവോ ഔദ്യോഗികമായി സ്ഥിരീകരിച്ചു.

വെയ്ബോയില്‍ പോസ്റ്റ് ചെയ്ത വീഡിയോ പ്രകാരം വിവോ ഫോണിന്റെ നിറം പേള്‍ വൈറ്റില്‍ നിന്ന് ഡീപ് ബ്ലൂ നിറത്തിലേക്ക് മാറുന്നതായി ആന്‍ഡ്രോയിഡ് അതോറിറ്റി റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ ലാസ് വെഗാസില്‍ നടന്ന കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ഷോയില്‍ വണ്‍പ്ലസ് ഇത്തരം ഇലക്ട്രോക്രോമിക് ഗ്ലാസ് ബാക്ക്പാനലുകളുള്ള ഒരു കോണ്‍സെപ്റ്റ് ഫോണ്‍ അവതരിപ്പിച്ചിരുന്നു. വണ്‍പ്ലസിന്റെയും വിവോയുടെയും മാതൃകമ്പനി ബി.ബി.കെ ഇലക്ട്രോണിക്‌സ് ആയതുകൊണ്ട് വിവോ ഇത്തരമൊരു ഫോണ്‍ അവതരിപ്പിച്ചാല്‍ അത്ഭുതപ്പെടാന്‍ ഒന്നുമില്ല. എപ്പോള്‍ നിറം മാറുന്ന വിവോ ഫോണുകള്‍ വിപണിയിലെത്തും എന്ന് പക്ഷെ ഇപ്പോള്‍ വ്യക്തമല്ല.