തിരുവനന്തപുരം: പത്തനംതിട്ടയിൽ കൊവിഡ് രോഗി ആംബുലൻസിൽ വച്ച് പീഡനത്തിനിരയായ സംഭവത്തിൽ കർശന നടപടിയെടുക്കുമെന്ന് മന്ത്രി കെ.കെ ശൈലജ അറിയിച്ചു. ഇനിയും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാൻ പാടില്ല. ഈ സംഭവത്തിന്റെ പശ്ചാത്തലത്തിൽ കർശന നടപടി സ്വീകരിച്ചിരിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി.
കനിവ് 108 ആംബുലൻസ് സർവീസിൽ ജോലി ചെയ്യുന്ന ജീവനക്കാരിൽ പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഹാജരാക്കാത്തവരോട് ഉടൻ ഹാജരാക്കാൻ ആംബുലൻസിന്റെ നടത്തിപ്പുകാരായ ജി.വി.കെ. ഇ.എം.ആർ.ഐയോട് നിർദേശം നൽകിയിട്ടുണ്ട്. ആരോഗ്യ വകുപ്പും ഇതേപ്പറ്റി അന്വേഷണം നടത്തും. യുവതിക്ക് എല്ലാവിധ ചികിത്സയും സംരക്ഷണവും ഉറപ്പ് വരുത്തുമെന്നും മന്ത്രി പറഞ്ഞു .ആംബുലൻസ് ഡ്രൈവറെ പിരിച്ചു വിട്ടതായി ജി.വി.കെ അറിയിച്ചിട്ടുണ്ട്. 2014 - 2015ൽ ആലപ്പുഴ ജില്ലയിൽ 108 ആംബുലൻസിൽ ജോലി ചെയ്ത മുൻപരിചയത്തിന്റെ അടിസ്ഥാനത്തിലാണ് ഇദ്ദേഹത്തെ ജോലിയിൽ പ്രവേശിപ്പിച്ചതെന്നാണ് ജി..വി..കെ അറിയിച്ചിട്ടുള്ളതെന്നും മന്ത്രി വ്യക്തമാക്കി.