ചേർത്തല: കാറിൽ മദ്യം കടത്തിയതിന് എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ പിടിയിൽ. എറണാകുളം എക്‌സൈസ് സ്‌പെഷ്യൽ സ്‌ക്വാഡ് സി.ഐ തിരുവനന്തപുരം കരകുളം സ്വദേശി ബി.എൽ.ഷിബുവിനെയാണ് കാറിൽ ആറേമുക്കാൽ ലിറ്റർ വില കൂടിയ മദ്യവുമായി വാഹന പരിശോധനയ്ക്കിടെ ചേർത്തല പൊലീസ് പിടികൂടിയത്. മുഖ്യമന്ത്രിയുടെ അവാർഡ് നേടിയ ഉദ്യോഗസ്ഥനെ കുടുക്കിയതാണെന്നും ആരോപണമുണ്ട്.
ഓണം ഡ്യൂട്ടിക്ക് ശേഷം തിരുവനന്തപുരത്തെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു സി.ഐ. ജില്ലാ നർക്കോട്ടിക് സെല്ലിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് വാഹനം പിന്തുടർന് ഉദ്യോഗസ്ഥർ ചേർത്തല പൊലീസ് സ്റ്റേഷന് സമീപം ഇന്നലെ ഉച്ചയ്ക്ക് 12.30 ഓടെ പൊലീസിന്റെ സഹായത്തോടെ വാഹനം തടഞ്ഞ് പരിശോധന നടത്തുകയായിരുന്നു. മദ്യം പേപ്പറിൽ പൊതിഞ്ഞ് കാർഡ് ബോർഡ് കവറിൽ പിൻ സീറ്റിൽ വച്ചിരിക്കുകയായിരുന്നു. മൂന്ന് ഫുള്ളും ഒൻപത് പൈന്റ് കുപ്പികളുമാണ് ഉണ്ടായിരുന്നത്.
മികച്ച പ്രവർത്തനത്തിന് 2010ൽ മുഖ്യമന്ത്രിയുടെ അവാർഡും,ഐ.എസ്.ആർ.ഒ ചെയർമാൻ മാധവൻനായർ ഏർപ്പെടുത്തിയ റിവാർഡും മറ്റ് നിരവധി ഗുഡ് സർവീസ് എൻട്രികളും ലഭിച്ച ഉദ്യോഗസ്ഥനാണ് ഷിബു. രണ്ട് മാസം മുമ്പ് ചാരായവുമായി പൊലീസുകാരനെ ഷിബുവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അറസ്റ്റ് ചെയ്തിരുന്നു. രണ്ട് ദിവസം മുമ്പ് രണ്ട് കിലോ കഞ്ചാവും ഈ സംഘം പിടികൂടിയിരുന്നു. എറണാകുളത്തെ എക്സൈസ് സി.ഐ ഫെനിമോൻ കോൺഫിഡൻഷ്യൽ റിപ്പോർട്ട് ഫോമും രണ്ടു റിട്ട.സി.ഐമാർക്കുള്ള മദ്യവും പ്രത്യേകം പാക്ക് ചെയ്ത്, അവധികഴിഞ്ഞ് വീട്ടിലേക്കു പോകുകയായിരുന്ന തന്റെ കൈവശം ഏൽപ്പിക്കുകയായിരുന്നുവെന്ന് ചേർത്തല പൊലീസിൽ ഷിബു മൊഴി നൽകിയിട്ടുണ്ടെന്ന് സി.ഐ പി.ശ്രീകുമാർ പറഞ്ഞു.എക്സൈസ് സി.ഐയെ മൊഴിയെടുക്കാൻ വിളിച്ചു വരുത്തുമെന്നും സി.ഐ പറഞ്ഞു. ഇദ്ദേഹത്തെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.