അഗർത്തല: കൊവിഡ് രോഗബാധിതരായ കൗമാരക്കാരി പെൺകുട്ടികൾ ലൈംഗിക പീഡനത്തിനിരയായി. ത്രിപുരയിലെ കുമാർഘട്ടിലുള്ള പി.ആർ.ടി.ഐ കൊവിഡ് കെയർ സെന്ററിൽ വച്ചാണ് സംഭവം നടന്നത്. പതിനഞ്ചും പതിനാറും വയസ് പ്രായമുള്ള കുട്ടികലെ കെയർ സെന്ററിലെ ക്ളീനർ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. ക്ളീനറിനെതിരെ പെണ്‍കുട്ടികള്‍ വെള്ളിയാഴ്ച പരാതി നല്‍കി.
പത്ത് ദിവസം മുമ്പ് കെയർ സെന്ററില്‍ വച്ച് 50 വയസ് പ്രായമുള്ള ക്ലീനര്‍ തങ്ങളെ പീഡിപ്പിച്ചതായാണ് പെൺകുട്ടികൾ പരാതി നൽകിയിരിക്കുന്നത്. ഇയാൾ തുടക്കം മുതൽ തന്നെ തങ്ങളോട് മോശമായാണ് പെരുമാറിയിരുന്നതെന്നും തങ്ങളോട് അശ്ലീലമായി സംസാരിച്ചുവെന്നും പെൺകുട്ടികൾ പരാതിയിൽ പറയുന്നുണ്ട്.
പ്രതിക്കെതിരേ ഇന്ത്യന്‍ ശിക്ഷാ നിയമം 354 (എ), പോക്‌സോ നിയമത്തിലെ സെക്ഷന്‍ 08 എന്നിവ പ്രകാരം ത്രിപുര പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും പോലീസ് പറഞ്ഞു. ഏതാനും ദിവസം മുൻപാണ് കൊവിഡ് പോസിറ്റീവായ പെൺകുട്ടികളെ ഇവിടേക്ക് കൊണ്ടുവന്നത്.