ന്യൂഡൽഹി: വിമാന ടിക്കറ്റ് നേരത്തെ ബുക്ക് ചെയ്ത ശേഷം കൊവിഡ് നിയന്ത്രണത്യാതെ തുടർന്ന് പിന്നീട് യാത്രതുടരാൻ സാധിക്കാതെവന്ന എല്ലായാത്രക്കാർക്കും മുഴുവൻ തുകയും റീഫണ്ട് നൽകണമെന്ന് കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകി. പ്രവാസികൾ അടക്കമുള്ള വിമാനയാത്രക്കാർക്ക് മുഴുവൻ തുകയും റീഫണ്ട് നൽകണമെന്ന് ആവശ്യപ്പെട്ട് ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രവാസി ലീഗൽ സെൽ നൽകിയ പൊതു താൽപര്യ ഹർജിയിലാണ് കേന്ദ്ര സർക്കാർ സത്യവാങ്ങ് മൂലം നൽകിയത്. ബുധനാഴ്ച്ച വിഷയത്തിൽ കോടതി വാദം കേൾക്കും.
ലോക്ക് ഡൗൺ കാലാവധിക്കുള്ളിൽ ബുക്ക് ചെയ്ത ടിക്കറ്റുകളുടെ കാര്യത്തിൽ റീഫണ്ട് ഉടൻ നൽകണമെന്ന് സത്യവാങ്മൂലത്തിൽ പറയുന്നു.ലോക്ക് ഡൗൺ കാലാവധിക്ക് മുമ്പ് എടുത്ത ടിക്കറ്റ് അടക്കമുള്ളവയുടെ കാര്യത്തിൽ പതിനഞ്ച് ദിവസത്തിനകം റീഫണ്ട് നൽകണം. എന്നാൽ, സാമ്പത്തിക ബുദ്ധിമുട്ട് മൂലം വിമാനക്കമ്പനികൾക്ക് നിലവിൽ റീഫണ്ട് നൽകാൻ സാധിക്കില്ലെങ്കിൽ ക്രെഡിറ്റ് ഷെല്ലിലേക്ക് മാറ്റിവെക്കാം.
യാത്രക്കാരന് വേണമെങ്കിൽ 2021 മാർച്ച് 31 വരെ ഏത് റൂട്ടിലേക്കും യാത്ര അനുവദിക്കും. യാത്ര ചെയ്യുന്ന സമയത്ത് ടിക്കറ്റ് നിരക്ക് കൂടുതലാണെങ്കിൽ ബാക്കിയുള്ള തുക അടയ്ക്കുകയും കുറവാണെങ്കിൽ ബാക്കി തുക റീഫണ്ട് ലഭിക്കും. ഇങ്ങിനെ മാറ്റിവെക്കുന്ന തുകക്ക് നഷ്ടപരിഹാരമായി ജൂൺ 2020 വരെ അര ശതമാനം ഇൻസെൻറീവും അതിന് ശേഷം വരുന്ന കാലാവധിക്ക് മുക്കാൽ ശതമാനം ഇൻസെൻറിവും ലഭിക്കും.
ക്രെഡിറ്റ് ഷെല്ലിലേക്ക് മാറ്റി വെച്ച ടിക്കറ്റ് മറ്റൊരാളുടെ പേരിലേക്ക് മാറ്റി നൽകാനും കഴിയും
നേരത്തെ ബുക്ക് ചെയ്ത യാത്രക്കാരൻ മരണപ്പെട്ടിട്ടുണ്ടെങ്കിൽ അയാളുടെ അവകാശികൾക്ക് എത്രയും പെട്ടെന്ന് തുക മടക്കി നൽകണം.
2021 മാർച്ച് മാസം 31 ന് ശേഷവും യാത്ര ചെയ്തിട്ടില്ലെങ്കിൽ ടിക്കറ്റിന്റെ മുഴുവൻ തുകയും റീഫണ്ട് ലഭിക്കാൻ അർഹതയുണ്ടായിരിക്കും.