കൊച്ചി: അഞ്ച് മാസത്തെ ഇടവേളയ്ക്ക് ശേഷം രാജ്യത്ത് മെട്രോ ഇന്ന് സർവീസ് പുനരാരംഭിച്ചു. കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചാണ് മെട്രോ സർവീസ് നടത്തുക. പനിയുണ്ടെങ്കിൽ യാത്ര അനുവദിക്കില്ല.
യാത്രക്കാർക്ക് മാസ്ക് നിർബന്ധമാണ്. കൂടാതെ യാത്ര ചെയ്യുന്നവരെ തെർമൽ സ്ക്രീനിംഗിന് വിധേയരാക്കും.ലഗേജുകൾ അണുവിമുക്തമാക്കും. ഒന്നിടവിട്ടുള്ള സീറ്റുകളിൽ മാത്രമേ ഇരിക്കാൻ അനുവാദമുള്ളൂ. നിശ്ചിത അകലത്തിൽ ദേഹ പരിശോധന നടത്തും.കണ്ടെയിൻമെന്റ് സോണുകളിൽ സ്റ്റോപ്പ് ഉണ്ടായിരിക്കില്ല.
ഡൽഹിയിൽ ആദ്യഘട്ടത്തിൽ രാവിലെ ഏഴ് മുതൽ 11വരെയും വൈകീട്ട് നാല് മുതൽ എട്ടുവരെയുമാണ് സർവീസ് നടത്തുക. കൊച്ചി മെട്രോ ഇന്ന് രാവിലെ 7 മണി മുതൽ വീണ്ടും പ്രവർത്തനം ആരംഭിച്ചു. പേട്ടയിലേക്ക് നീട്ടിയ മെട്രോ ലൈനിന്‍റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിംഗിലൂടെ ഇന്ന് നിർവഹിക്കും.പേട്ട സ്റ്റേഷൻ യാത്രക്കാർക്കായി തുറന്നുനൽകുന്നതോടെ കൊച്ചി മെട്രോയിൽ ഡിഎംആർസിയുടെ ചുമതലകൾ പൂർത്തിയാകും. ആലുവ മുതൽ തൈക്കൂടം വരെയായിരുന്നു ഇതുവരെ സർവീസ്. തൈക്കുടത്ത് നിന്നും ഒരു കിലോമീറ്ററും മുന്നൂറ് മീറ്ററുമാണ് പേട്ടയിലേക്കുള്ളത്.