മലപ്പുറം: മീൻ പിടുത്ത ബോട്ടുകൾ അപകടത്തിൽപ്പെട്ട് മത്സ്യത്തൊഴിലാളികളെ കാണാതായി. നാട്ടിക എടമുട്ടത്ത് ബോട്ടുമുങ്ങി ആറ് മത്സ്യത്തൊഴിലാളികളെ കാണാതായി. ഇവരെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുകയാണ്. മോശം കാലാവസ്ഥ രക്ഷാപ്രവർത്തനത്തെ ബാധിക്കുന്നുണ്ട്.
ഇവർ നടുക്കടലിൽ കുടുങ്ങിയിട്ട് പത്ത് മണിക്കൂറോളമായി. ബോട്ട് കടലിൽ മുങ്ങിക്കൊണ്ടിരിക്കുകയാണെന്നും, രക്ഷിക്കണമെന്നും അഭ്യർത്ഥിച്ച് മത്സ്യത്തൊഴിലാളികൾ സന്ദേശമയക്കുകയായിരുന്നു. ഉടൻ രക്ഷാപ്രവർത്തനം ആരംഭിച്ചു. പുലർച്ചെ നാല് മണിക്ക് ശേഷം ഇവരുമായി ബന്ധപ്പെടാൻ സാധിച്ചിട്ടില്ല.
താനൂരിലും മത്സ്യബന്ധന ബോട്ട് മുങ്ങി. അഞ്ചുപേരായിരുന്നു ബോട്ടിലുണ്ടായിരുന്നത്. മൂന്ന് പേർ കരക്കെത്തി. കാണാതായ രണ്ടുപേർക്കായി തിരച്ചിൽ തുടരുകയാണ്. പൊന്നാനിയിൽ വള്ളം മുങ്ങി ഒരാളെ കാണാതായി. മൂന്ന് പേർ രക്ഷപ്പെട്ടു.
സംസ്ഥാനത്ത് രണ്ടു ദിവസം കൂടി ശക്തമായ മഴ
മലപ്പുറം,കോഴിക്കോട്,വയനാട്,കണ്ണൂർ,കാസർകോട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.ഈ ജില്ലകളിൽ 24 മണിക്കൂറിൽ 64.5 മി.മി മുതൽ 115.5 മി.മി വരെ മഴ ലഭിക്കും. തെക്കൻ ജില്ലകളിലും മഴ ശക്തമായിരിക്കും.അറബിക്കടലിൽ ലക്ഷദ്വീപ് കവരത്തിക്ക് സമീപമായി ഇന്നലെ രൂപം കൊണ്ട ന്യൂനമർദവും കാലവർഷക്കാറ്റുമാണ് മഴയ്ക്ക് കാരണം. നാളെയോടെ വടക്കു പടിഞ്ഞാറൻ ദിശയിൽ ന്യൂനമർദ്ദം നീങ്ങും.ഇതോടെ തെക്കൻ കേരളത്തിൽ മഴ കുറയുകയും വടക്കൻ ജില്ലകളിൽ കാസർകോട് ഒഴികെ മഴ കൂടുകയും ചെയ്യും .