jose-k-mani

കോട്ടയം: കേരള കോൺഗ്രസ് മാണി വിഭാഗം ഇടത്തോട്ട് നീങ്ങാനുള്ള സാദ്ധ്യത വർദ്ധിച്ചു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന് മുമ്പ് ഇതു സംബന്ധിച്ച് തീരുമാനമുണ്ടാകും. ഇടഞ്ഞു നിന്ന സി.പി.ഐ കൂടി അനുകൂല നിലപാടെടുത്തതോടെ ഇടതുപക്ഷം ജോസ് കെ മാണിയുമായി അനൗദ്യോഗിക ചർച്ചകൾ തുടങ്ങിയിട്ടുണ്ട്. നിയമസഭയിലടക്കം അർഹമായ സീറ്റ് കിട്ടാനിടയില്ലാത്തതിനാൽ ജോസ് കെ മാണി എൽ.ഡി.എഫിലേക്ക് പോകില്ലെന്നായിരുന്നു യു.ഡി.എഫിന്റ ഇതു വരെയുള്ള വിലയിരുത്തൽ. എന്നാൽ അന്തരീക്ഷം മാറിയെന്ന് ബോധ്യമായതോടെയാണ് വിട്ടു പോകുന്നെങ്കിൽ രാജ്യസഭ സീറ്റ് രാജിവയ്ക്കാനുള്ള മാന്യത കാണിക്കണമെന്ന് കഴിഞ്ഞ ദിവസം രമേശ് ചെന്നിത്തല തുറന്നടിച്ചത്.

ജോസ് കെ മാണി നടത്തുന്ന നീക്കങ്ങളെ ഒറ്റക്കെട്ടായി നേരിടാനായിരിക്കും യു.ഡി.എഫിന്റ തീരുമാനം. ജോസ് പക്ഷം എൽ.ഡി.എഫിന്റ ഭാഗമായാൽ കുട്ടനാട്ടിൽ തിരിച്ചടിയുണ്ടാകുമോയെന്ന ആശങ്ക യു.ഡി.എഫ് നേതൃത്വത്തിനുണ്ട്. എന്നാൽ ജോസഫ് പക്ഷം സ്ഥിരമായി മത്സരിച്ചിരുന്ന മണ്ഡലത്തിൽ ജോസിനും കൂട്ടർക്കും കാര്യമായ ചലനം സൃഷ്ടിക്കാനാകില്ലെന്നാണ് ഭൂരിഭാഗം നേതാക്കളുടേയും വിലയിരുത്തൽ.

കുട്ടനാട് സീറ്റ് ജോസഫ് പക്ഷത്തിന് നൽകാനുള്ള യു.ഡി.എഫ് തീരുമാനത്തിൽ മാറ്റമുണ്ടാകില്ല. തിരഞ്ഞെടുപ്പ് കമ്മിഷന്റെ അംഗീകാരം കിട്ടിയതിന് പിന്നാലെ കോൺഗ്രസ് നേതൃത്വം പ്രകടിപ്പിച്ച മൃദുസമീപനം തള്ളിയ രീതിയിലാണ് ജോസ് പക്ഷത്തിന്റ നീക്കങ്ങൾ.കോട്ടയത്ത് ചേർന്ന സ്റ്റിയറിംഗ് കമ്മിറ്റിയോഗത്തിലും മുന്നണി മാറ്റത്തിൽ ജോസ് പക്ഷം തീരുമാനമെടുക്കാത്തതിനാൽ യു.ഡി.എഫിന് പെട്ടെന്ന് കടുത്ത നിലപാടിലേക്ക് പോകാനാവില്ല. പി ജെ ജോസഫിനേയും മോൻസ് ജോസഫിനേയും വിപ്പ് ലംഘിച്ചതിന്റ പേരിൽ അയോഗ്യരാക്കാനുള്ള നീക്കവുമായി മുന്നോട്ട് പോകാനാണ് ജോസ് വിഭാഗത്തിന്റെ തീരുമാനം.