ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്നു. കൊവിഡ് രോഗികളുടെ എണ്ണം 42 ലക്ഷത്തിലേക്ക് അടക്കുകയാണ്. കൊവിഡ് രൂക്ഷമായ രാജ്യങ്ങളുടെ പട്ടികയിൽ ബ്രസീലിനെ മറികടന്ന് ഇന്ത്യ രണ്ടാമതെത്തിയിട്ടുണ്ട്. ഇന്ത്യയിലിപ്പോൾ 41.96 ലക്ഷം രോഗികളാണുള്ളത്. ബ്രസീലിൽ രോഗബാധിതരുടെ എണ്ണം 41.50 ലക്ഷമാണ്. 64 ലക്ഷത്തിലേറെ രോഗികളുമായി അമേരിക്കയാണ് പട്ടികയിൽ ഒന്നാമത്.
പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണത്തിലും ഇന്ത്യയിൽ റെക്കാഡ് വർദ്ധനയാണ് രേഖപ്പെടുത്തിയത്. 24 മണിക്കൂറിനിടെ രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 90,633 ആണ്. 1044 പേർ മരണമടയുകയും ചെയ്തു. കൊവിഡ് ബാധിച്ച് ആകെ 71,741 പേരാണ് മരിച്ചത്. ജൂലായ് 29 മുതൽ ഇന്ത്യയിലെ പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം 50,000 കടന്നിരുന്നു. ആഗസ്റ്റ് 25 മുതൽ അത് 60,000ന് മുകളിലായി. ഈ മാസം രണ്ട് ആയപ്പോഴേക്കും പ്രതിദിന രോഗികൾ 80,000 കടന്നു, നാല് ദിവസം കൊണ്ട് രോഗികളുടെ എണ്ണം 90,000 കടക്കുകയും ചെയ്തു. ഈ മാസം മാത്രം ഇതുവരെ അഞ്ചു ലക്ഷത്തിലേറെ പുതിയ കൊവിഡ് രോഗികളുണ്ടായി. നിലവിൽ രാജ്യത്ത് 8.62 ലക്ഷം പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്.
രൂക്ഷമായി 35 ജില്ലകൾ
ഡൽഹിയിലെ 11 ജില്ലകൾ, പശ്ചിമബംഗാളിലെ 4, മഹാരാഷ്ട്രയിലെ 17, ഗുജറാത്തിലെയും പോണ്ടിച്ചേരിയിലെയും ജാർഖണ്ഡിലെയും ഓരോ ജില്ലകളിലാണ് കൊവിഡ് വ്യാപനം അതിരൂക്ഷമായിരിക്കുന്നത്. ഇവിടങ്ങളിൽ കൊവിഡ് പരിശോധന ഉയർത്താനും പ്രതിരോധ നടപടികൾ ശക്തമാക്കാനും കേന്ദ്ര ആരോഗ്യസെക്രട്ടറി സംസ്ഥാനങ്ങൾക്ക്
നിർദ്ദേശം നൽകി. കൊവിഡ് കേസുകളുയരുന്ന പഞ്ചാബിലേക്കും കേന്ദ്രഭരണപ്രദേശമായ ചണ്ഡീഗഡിലേക്കും ഉടൻ കേന്ദ്രസംഘത്തെ അയയ്ക്കും.