akhilesh-sharma

ന്യൂഡൽഹി: കരിപ്പൂർ വിമാനാപകടത്തിൽ മരിച്ച സഹപൈലറ്റ് അഖിലേഷ് ശർമ്മയ്ക്ക് ഒരു ആൺകുഞ്ഞ് പിറന്നു. കഴിഞ്ഞദിവസമാണ് അഖിലേഷിന്റെ ഭാര്യ മേഘ നാേയിഡയിലെ ആശുപത്രിയിൽ ആദ്യ കൺമണിക്ക് ജന്മം നൽകിയത് . അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നുവെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. നേരിട്ട കടുത്ത ദുഃഖത്തിൽ നിന്ന് കരകയറാനുളള പ്രതീക്ഷയുടെ തിരിനാളമാണ് കുഞ്ഞിന്റെ ജനനമെന്നാണ് അഖിലേഷിന്റെ പിതാവ് തുളസി റാം ശർമ്മ പറഞ്ഞത്.

ഓഗസ്റ്റ് ഏഴിനുണ്ടായ അപകടത്തിലാണ് അഖിലേഷ് മരിച്ചത്. കുഞ്ഞിനൊപ്പം കൂടുതൽ സമയം ചെലവഴിക്കാനായി ലീവുകൾ എടുക്കാതെ കരുതിവച്ചിരിക്കുകയായിരുന്നു അഖിലേഷ്. ഓഗസ്റ്റ് 21 മുതൽ പതിനഞ്ചു ദിവസത്തേക്ക് ലീവെടുക്കാനായിരുന്നു പ്ളാൻ ചെയ്തിരുന്നത്.ആരോഗ്യകാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കണമെന്നും കരിപ്പൂരെത്തിയശേഷം വിളിക്കാമെന്നും അമ്മയോട് പറഞ്ഞതിനുശേഷമായിരുന്നു അഖിലേഷിന്റെ അവസാനയാത്ര.

മേഘയും അഖിലേഷും ഒരുമിച്ചാണ് താമസിച്ചിരുന്നത്. എന്നാൽ പ്രസവമടുത്തതോടെ മേഘ മാതാപിതാക്കളുടെ അടുത്തേക്ക് പോവുകയായിരുന്നു. പൂർണഗർഭിണിയായ മേഘയുടെ ആരോഗ്യസ്ഥിതിയോർത്ത് കുടുംബാംഗങ്ങൾ അഖിലേഷിന്റെ വിയോഗവാർത്ത ആദ്യമൊന്നും അറിയിച്ചിരുന്നില്ല. സംസ്കാരത്തിന് അല്പംമുമ്പ് മാത്രമാണ് മരണവാർത്ത അറിയിച്ചത്.

മഹാരാഷ്ട്രയിലെ ഓക്സ്ഫർഡ് ഏവിയേഷൻ അക്കാദമിയിൽ നിന്നാണ് അഖിലേഷ് പൈലറ്റ് പരിശീലനം പൂർത്തിയാക്കിയത്. ഗൾഫിലെ പ്രവാസികളുമായി കോഴിക്കോട്ടേയ്ക്ക് എത്തിയ ആദ്യ വന്ദേ ഭാരത്‌ ദൗത്യവിമാനത്തിന്റെ സഹവൈമാനികൻ കൂടിയായിരുന്നു അഖിലേഷ് കുമാർ. വിമാനത്താവളത്തിൽ നിന്ന് പുറത്തേക്ക് വന്ന അഖിലേഷ് അടക്കമുളളവരെ അന്ന് കൈയ്യടികളോടെയാണ് കരിപ്പൂർ സ്വീകരിച്ചത്.