sonia-gandhi-shashi-tharo

ലഖ്‌നൗ: 2022ൽ നടക്കുന്ന ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങൾക്കായി കോൺഗ്രസ് രൂപംകൊടുത്ത സമിതികളിൽ പ്രകടമായത് പാർട്ടിയിലെ ഗാന്ധി കുടുംബത്തിന്റെ അപ്രമാദിത്വം. നേതൃമാറ്റം ആവശ്യപ്പെട്ട് സോണിയാ ഗാന്ധിക്ക് കത്തയച്ചവരെ പൂർണമായും ഒഴിവാക്കിയാണ് സമിതികൾക്ക് പാർട്ടി രൂപം നൽകിയിരിക്കുന്നത്. കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ഏഴ് സമിതികളിൽ ഒന്നിൽ പോലും കത്തെഴുതിയ നേതാക്കളെ ഉൾപ്പെടുത്തിയില്ല.

സോണിയാ ഗാന്ധിക്ക് കത്തയച്ച 23 നേതാക്കളിൽ ഉത്തർപ്രദേശിലെ പ്രമുഖ നേതാക്കളായ ജിതിൻ പ്രസാദിനേയും രാജ് ബബ്ബാറിനേയും പോലും പരിഗണിക്കാതെ സമിതികൾക്ക് രൂപം കൊടുത്തത് വഴി വ്യക്തമായ സന്ദേശമാണ് സോണിയഗാന്ധി പാർട്ടിയിലെ നേതാക്കൾക്ക് നൽകുന്നത്. ഗുലാംനബി ഉൾപ്പടെയുള്ള നേതാക്കളെ പാർട്ടിയ്‌ക്കകത്ത് ഒതുക്കാൻ നടത്തുന്ന നീക്കങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്നിരുന്നു.

ഉത്തർപ്രദേശിൽ കോൺഗ്രസിന്റെ പ്രമുഖ നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ ആർ.പി.എൻ സിംഗിനേയും സമിതികളിലൊന്നും ഉൾപ്പെടുത്തിയിട്ടില്ല. ചൈനീസ് കടന്നുകയറ്റം സംബന്ധിച്ച പാർട്ടിയുടെ നിലപാടിനെതിരെ ആർ.പി.എൻ സിംഗ് രംഗത്തെത്തിയിരുന്നു. അതേസമയം ഗാന്ധി കുടുംബവുമായി വളരെ അടുപ്പം പുലർത്തുന്ന നേതാക്കൾ എല്ലാ സമിതികളിലും ഇടംപിടിച്ചിട്ടുണ്ട്.

സൽമാൻ ഖുർഷിദിന്റെ നേതൃത്വത്തിലാണ് പ്രകടന പത്രിക സമിതി. റാഷിദ് ആൽവിയുടെ നേതൃത്വത്തിലാണ് മീഡിയ ആൻഡ് കമ്മ്യൂണിക്കേഷൻ ഉപദേശക സമിതി. മെമ്പർഷിപ്പ് സമിതിയ്ക്ക് അനുരാഗ് നാരായൺ സിംഗും പഞ്ചായത്ത് രാജ് തിരഞ്ഞെടുപ്പ് കമ്മിറ്റിക്ക് രാജേഷ് മിശ്രയും നേതൃത്വം നൽകും. സൽമാൻ ഖുർഷിദിന്റെ നേതൃത്വത്തിലുള്ള മാനിഫെസ്റ്റോ കമ്മിറ്റി ഉത്തർപ്രദേശിലെ എല്ലാ ജില്ലകളിലും സന്ദർശനം നടത്തും. ഓരോ ജില്ലയിലേയും പ്രശ്നങ്ങളും ആവശ്യകതയും പഠിക്കും. അതിനുശേഷം തയ്യാറാക്കുന്ന പ്രകടനപത്രിക തിരഞ്ഞെടുപ്പിന് എട്ട് മാസം മുമ്പെങ്കിലും പുറത്തിറക്കാനാണ് പദ്ധതിയിടുന്നതെന്ന് സൽമാൻകുർഷിദ് വ്യക്തമാക്കി.

ഗുലാംനബി ആസാദ്, കപിൽ സിബൽ, ശശി തരൂർ തുടങ്ങിയ 23 നേതാക്കളാണ് കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിന് മുന്നോടിയായി നേതൃമാറ്റവും പാർട്ടിയിൽ അഴിച്ചുപണിയും ആവശ്യപ്പെട്ട് നേതൃത്വത്തിന് കത്തയച്ചത്. എന്നാൽ തുടർന്ന് ചേർന്ന പാർട്ടി പ്രവർത്തക സമിതിയിലും മറ്റ് ആഭ്യന്തര സമിതികളിലും കത്തെഴുതിയ നേതാക്കളെ ഒറ്റപ്പെടുത്തുന്ന സമീപനമാണ് നേതൃത്വത്തിന്റെ ഭാഗത്ത് നിന്നുണ്ടായത്.