മുംബയ്: ബോളിവുഡ് നടൻ സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ടുള്ള മയക്കുമരുന്ന് കേസിൽ നടിയും സുശാന്തിന്റെ കാമുകിയുമായ റിയ ചക്രബർത്തിയുടെ അറസ്റ്റിനുള്ള സാദ്ധ്യതയേറി. ഇന്ന് നടക്കുന്ന ചോദ്യം ചെയ്യലിന് ശേഷമായിരിക്കും റിയയുടെ അറസ്‌റ്റ് രേഖപ്പെടുത്തുക എന്ന് സൂചനയുണ്ട്. നേരത്തെ അറസ്റ്റിലായ റിയയുടെ സഹോദരൻ ഷൊവിക്കിനേയും സുശാന്തിന്റെ മുൻ മാനേജർ സാമുവൽ മിരാൻഡയെയും ഒരുമിച്ചിരുത്തിയാണ് ഇന്നത്തെ ചോദ്യം ചെയ്യൽ.
ഇന്നലെ നടന്ന ചോദ്യം ചെയ്യലിൽ സുശാന്തിന് ലഹരി മരുന്ന് ലഭിച്ചിരുന്നെന്ന് അറിയാമായിരുന്നുവെന്ന് റിയ നാർക്കോട്ടിക്സ് കൺട്രോൾ ബോർഡിനോട് സമ്മതിച്ചിരുന്നു. കഴിഞ്ഞ ദിവസം അറസ്റ്റിലായ സഈദ് വിലാത്ര, ബാസിത് പരിഹാർ എന്നിവരിൽ നിന്നാണു സുശാന്ത് മയക്കുമരുന്നു വാങ്ങിയിരുന്നതെന്നും റിയ വ്യക്തമാക്കി.
തന്റെ സഹോദരൻ ഷോവിക്ക് ചക്രവർത്തിക്കും സുശാന്തിന്റെ മാനേജർ സാമുവൽ മിറാൻഡയ്ക്കും മയക്കുമരുന്നു കടത്തുകാരുമായി ബന്ധമുണ്ടായിരുന്നെന്നും അവർക്ക് എവിടെ നിന്ന് എങ്ങനെ മരുന്നുകൾ ലഭിക്കുന്നു എന്നതടക്കമുളള വിവരങ്ങൾ അറിയാമായിരിന്നുവെന്നും റിയ പറഞ്ഞു. മാർച്ച് 17 മുതൽ സാമുവൽ മിറാൻഡ മയക്കുമരുന്ന് ഡീലർ സയിദിൽ നിന്ന് മയക്കുമരുന്ന് വാങ്ങിയതായും താരം സമ്മതിച്ചിട്ടുണ്ട്. നേരത്തേ നടത്തിയ ഡ്രഗ് ചാറ്റുകളെല്ലാം ശരിയാണെന്നും സഹോദരൻ വഴിയാണ് സുശാന്തിന് മരുന്നുകൾ എത്തിച്ചതെന്നും റിയ പറഞ്ഞെന്നാണ് വിവരം. ഇതോടൊപ്പം അറസ്റ്റിലായ ഡ്രഗ് ഡീലർ ബാഷിതിൽ നിന്നും ഷോവിക്ക് മരുന്ന് വാങ്ങിയിരുന്നതായും ഇയാൾ ഒരു തവണ തങ്ങളുടെ വീട്ടിൽ വന്നിരുന്നതായും നടി സമ്മതിച്ചു.