ഇന്ന് മമ്മൂട്ടിയുടെ 69ാം ജന്മദിനമാണ്. ആരാധകരും സഹപ്രവർത്തകരുമുൾപ്പെടെ നിരവധിയാളുകൾ അദ്ദേഹത്തിന് ആശംസയറിയിച്ചുകൊണ്ടിരിക്കുകയാണ്. ഈ ദിനത്തിൽ ഏവരും ഉറ്റുനോക്കുന്നത് 'മമ്മൂക്കയ്ക്ക്' എങ്ങനെയാണ് ' ലാലേട്ടൻ' പിറന്നാൾ ആശംസ നേരുന്നത് എന്നാണ്.
ആരാധകരുടെ കാത്തിരിപ്പിനൊടുവിൽ മോഹൻലാൽ മമ്മൂട്ടിയ്ക്ക് ജന്മദിനാശംസകൾ നേർന്നിരിക്കുകയാണ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ആശംസയുമായെത്തിയിരിക്കുന്നത്. ഇരുവരും ഒന്നിച്ചെത്തിയ നമ്പർ 20 മദ്രാസ് മെയിൽ എന്ന സിനിമയിലെ ഒരു ചിത്രം ഫേസ്ബുക്കിൽ പങ്കുവച്ചുകൊണ്ടാണ് അദ്ദേഹം ആശംസയറിയിച്ചിരിക്കുന്നത്.
'പ്രിയപ്പെട്ട ഇച്ചാക്ക, നല്ലൊരു പിറന്നാൾ ദിനം നേരുന്നു, എന്നും സ്‌നേഹം മാത്രം. ദൈവം അനുഗ്രഹിക്കട്ടെ.' എന്നാണ് ചിത്രത്തിനൊപ്പം മോഹൻലാൽ കുറിച്ചിരിക്കുന്നത്. താരരാജാവിന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ നിരവധി പേരാണ് മെഗാസ്റ്റാറിന് ജന്മദിനാശംസകൾ നേർന്നിരിക്കുന്നത്.
ഫാൻസുകൾ തമ്മിൽ ചില സമയങ്ങളിൽ വഴക്കടിക്കാറുണ്ടെങ്കിലും, ഇരുവരും തമ്മിലുള്ളത് സഹോദര സ്‌നേഹമാണ്. അതിനുത്തമ ഉദാഹരണമാണ് മോഹൻലാലിന്റെ ഇച്ചാക്ക എന്ന വിളി. ഇച്ചാക്കാ എന്ന് പലരും അങ്ങനെ ആലങ്കാരികമായി വിളിക്കുമ്പോഴും തനിക്കത്ര സന്തോഷം തോന്നാറില്ലെന്നും, ലാൽ വിളിക്കുമ്പോൾ ഒരു പ്രത്യേക സുഖം തോന്നാറുണ്ടെന്നും തന്റെ സഹോദരങ്ങളിലൊരാൾ എന്നു തോന്നാറുണ്ടെന്നും മമ്മൂട്ടി മുമ്പ് പറഞ്ഞിരുന്നു.
ഹരികൃഷ്ണൻസ്,നരസിംഹം, അവിടത്തെ പോലെ ഇവിടെയും, ട്വന്റി ട്വന്റി, നമ്പർ ട്വന്റി മദ്രാസ് മെയിൽ, കരിയിലക്കാറ്റുപോലെ എന്നിങ്ങനെ ഒരുപാട് സിനിമകളിൽ ഇരുവരും ഒന്നിച്ചെത്തിയിരുന്നു. ഇതൊക്കെ ആരാധകർ ഇരുകയ്യും നീട്ടി സ്വീകരിക്കുകയും ചെയ്തു.
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ തന്റെ ഈ വർഷത്തെ പിറന്നാളിന് വലിയ ആഘോഷം പാടില്ലെന്ന് സുഹൃത്തുക്കളോടും ആരാധകരോടും മമ്മൂട്ടി അറിയിച്ചിട്ടുണ്ട്. പിറന്നാളിനോട് അനുബന്ധിച്ച് ഫാൻസ് അസോസിയേഷൻ പ്രവർത്തകർ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തും.
ഇസ്മയിലിന്റെയും ഫാത്തിമയുടെയും മകനായി 1951 സെപ്തംബർ ഏഴിന് കോട്ടയത്താണ് പി.ഐ. മുഹമ്മദ് കുട്ടി എന്ന മമ്മൂട്ടി ജനിച്ചത്.വൈക്കം ചെമ്പിലെ വീട്ടിലാണ് മമ്മൂട്ടിയും ഇബ്രാഹിംകുട്ടിയുമടക്കമുള്ള സഹോദരി സഹോദരന്മാരെല്ലാം ജനിച്ച് വളര്‍ന്നത്. 120 വര്‍ഷത്തിലേറെ പഴക്കമുള്ള ആ വീട് ഇപ്പോഴും അതുപോലെ തന്നെ സൂക്ഷിച്ചിരിക്കുകയാണ് താരകുടുംബം. നേരത്തെ ഇബ്രാഹിംകുട്ടി ഈ വീടിന്റെ വീഡിയോ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരുന്നു.