തിരുവനന്തപുരം: വടക്കാഞ്ചേരി ലെെഫ് മിഷൻ പദ്ധതിയിൽ നുണപ്രചരണം തുടരുകയാണെന്ന് മന്ത്രി എ സി മൊയ്തീൻ. അനിൽ അക്കര എം എൽ എ നട്ടാൽ കുരുക്കാത്ത നുണ പറയുകയാണെന്നും താൻ പണം വാങ്ങിയതിന് തെളിവുണ്ടോ എന്നും മന്ത്രി ചോദിച്ചു.
പഞ്ചായത്ത് തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് പ്രതിപക്ഷം വടക്കാഞ്ചേരി ലെെഫ് പദ്ധതിയെ കുറിച്ച് നിരന്തരം നുണ പ്രചരിപ്പിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. മണ്ഡലത്തിൽ ഒന്നും ചെയ്യാൻ കഴിയാത്ത ഒരു ജനപ്രതിനിധി അദ്ദേഹത്തിന്റെ ദൗർബല്യം മറച്ചുവയ്ക്കുകയാണ്. അതുകൊണ്ടാണ് ഇത്തരം ആക്ഷേപങ്ങൾ വഴി സ്വന്തം ദൗർബല്യങ്ങൾക്ക് മറയിടാൻ ശ്രമിക്കുന്നതെന്നും മന്ത്രി ആരോപിച്ചു. ലെെഫ് മിഷനിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സംസ്ഥാന സർക്കാരിന്റെയും വിഹിതം ഉൾപ്പെടുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
വടക്കാഞ്ചേരി ഫ്ലാറ്റ് ഇടപാടുമായി ബന്ധപ്പെട്ട് മന്ത്രി എ സി മൊയ്‌തീനെതിരെ അനിൽ അക്കര രംഗത്തെത്തിയിരുന്നു. ഇടപാടിൽ ഇടനിലക്കാരനും ഉപകരണവുമാണ് മന്ത്രിയെന്നായിരുന്നു അനിൽ അക്കരയുടെ ആരോപണം. നാട്ടിൽ നടന്നുകൊണ്ടിരിക്കുന്ന 20 കോടിയുടെ നിർമാണത്തിനു അനുമതി നൽകിയിട്ടുണ്ടെന്ന് പറയുന്ന മൊയ്‌തീൻ ഇപ്പോൾ നടക്കുന്ന നിർമാണത്തിന്റെ രേഖകളും റെഡ് ക്രസന്റുമായി ഒപ്പുവച്ച കരാറും പുറത്തുവിടുകയാണ് വേണ്ടതെന്ന് അനിൽ അക്കര പറഞ്ഞിരുന്നു.