മലപ്പുറം: കരിപ്പൂർ വിമാനത്താവളം വഴി കടത്തിയ സ്വർണവുമായി പോവുകയായിരുന്ന കളളക്കടത്ത് സംഘം വിമാനത്താവള റോഡിൽ പരിശോധനയ്ക്കിടെ ഡി.ആർ.ഐ ഉദ്യോഗസ്ഥരെ വാഹനമിടിപ്പിച്ച് തെറിപ്പിച്ച കേസുമായി ബന്ധപ്പെട്ട് നാല് പേരെ അറസ്റ്റ് ചെയ്തു. വിമാനത്താവളത്തിൽ നിന്ന് സ്വർണം പുറത്തേക്ക് കടത്താൻ സഹായിച്ച ക്ളീനിംഗ് സൂപ്പർവൈസർമാരാണ് ഇന്ന് രാവിലെ അറസ്റ്റിലായത്. ഇവരെ ഡി.ആർ.ഐയും പൊലീസും ചോദ്യം ചെയ്തുവരികയാണ്. കളളക്കടത്ത് സംഘത്തിലുണ്ടായിരുന്ന മുക്കം പഴനിങ്ങൽ വീട്ടിൽ പി.നിസാറിനെ ഇന്നലെ പിടികൂടിയിരുന്നു. സ്വർണക്കടത്ത് സംഘം സഞ്ചരിച്ചിരുന്ന ഇന്നോവ കാറിന്റെ ഡ്രൈവർ അരീക്കോട് പത്തനാപുരം സ്വദേശി ഫസൽ ഓടിരക്ഷപ്പെട്ടു. ഇയാളെ കണ്ടെത്താൻ തെരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.
കരിപ്പൂർ വിമാനത്താവള റോഡിൽ ഇന്നലെ രാവിലെ ഒമ്പതിനായിരുന്നു സംഭവം. ആക്രമണത്തിൽ സാരമായി പരിക്കേറ്റ ഇൻസ്‌പെക്ടർ ആൽബർട്ട് ജോർജ്, ഡ്രൈവർ നജീബ് എന്നിവർ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കരിപ്പൂർ വഴി കടത്തിയ സ്വർണം വാങ്ങി ഇന്നോവ കാറിൽ മടങ്ങുകയായിരുന്ന നിസാറും ഫസലും. രഹസ്യവിവരത്തെത്തുടർന്ന് കാറിലും ബൈക്കിലുമായി കോഴിക്കോട് നിന്നെത്തിയ ആറംഗ ഡി.ആർ.ഐ സംഘം വിമാനത്താവള റോഡിലെ അടിവാരത്തെത്തിയപ്പോൾ കളളക്കടത്ത് വാഹനം തടഞ്ഞു.
ഡി.ആർ.ഐ സംഘമാണെന്നറിഞ്ഞതോടെ, കളളക്കടത്ത് സംഘം വാഹനം അമിതവേഗത്തിൽ വെട്ടിച്ച് , ഉദ്യോഗസ്ഥരായ ആൽബർട്ട് ജോർജ്, നജീബ് എന്നിവരെത്തിയ ബുളളറ്റ് ഇടിച്ചിട്ട ശേഷം കടന്നുകളയാൻ ശ്രമിക്കുകയായിരുന്നു. ഇടിച്ചിട്ട ബുളളറ്റ് 20 മീറ്ററോളും റോഡിലൂടെ വലിച്ചിഴച്ച വാഹനം റോഡരിൽ മരക്കുറ്റിയിൽ ഇടിച്ചാണ് നിന്നത്. വാഹനം ഓടിച്ചിരുന്ന ഫസൽ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പട്ടെങ്കിലും കാറിലെത്തിയ ഡി.ആർ.ഐ സംഘം നിസാറിനെ പിടികൂടി. വാഹനത്തിലും സമീപത്തും നിന്നാണ് നാല് കിലോയോളം സ്വർണവും കണ്ടെടുത്തു.
വീണ്ടും സ്വർണം പിടിച്ചു
അതിനിടെ കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണം പിടികൂടി. രണ്ട് വിമാനങ്ങളിൽ എത്തിയ മൂന്നു യാത്രക്കാരിൽ നിന്ന് 653 ഗ്രാം സ്വർണമാണ് കസ്റ്റംസ് പിടികൂടിയത്.