anil-akkara-mla

തിരുവനന്തപുരം: വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് അനിൽ അക്കര എം.എൽ.എ നട്ടാൽ കുരുക്കാത്ത നുണകൾ പ്രചരിപ്പിക്കുകയാണെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി എ.സി.മൊയ്തീൻ പറഞ്ഞു. പദ്ധതിയുമായി ബന്ധപ്പെട്ട് താൻ പണം വാങ്ങിയെന്നതിന് തെളിവുണ്ടെങ്കിൽ ഹാജരാക്കാനും അനിൽ അക്കരെയെ മൊയ്തീൻ വെല്ലുവിളിച്ചു.

തദ്ദേശ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ലൈഫ് പദ്ധതിയുടെ പേരിൽ സർക്കാരിനെതിരെ പ്രതിപക്ഷം നിരന്തരം നുണകൾ പ്രചരിപ്പിക്കുകയാണെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ പറ‍ഞ്ഞു. സുതാര്യമായി നടക്കുന്ന ലൈഫ് മിഷൻ ഫ്ളാറ്റ് നിർമാണത്തെക്കുറിച്ച്‌ ആക്ഷേപം ഉന്നയിക്കുന്നത്‌ കിടപ്പാടമില്ലാത്തവരോടുള്ള വെല്ലുവിളിയാണ്. പ്രവാസി വ്യവസായി യൂസഫലി ഉൾപ്പെടെയുള്ള വ്യവസായ പ്രമുഖരുടെ സാന്നിദ്ധ്യത്തിലാണ് യു.എ.ഇ റെഡ്ക്രസന്റ് , ലൈഫിന്റെ ഈ പദ്ധതിക്ക് പണം മുടക്കാൻ തയ്യാറായത്. ഇതിന്റെ അടിസ്ഥാനത്തിൽ എം.ഒ.യു ഉണ്ടാക്കി സുതാര്യമായാണ് വടക്കാഞ്ചേരിയിലെ ഫ്ളാറ്റ് സമുച്ചയ നിർമ്മാണം പുരോഗമിക്കുന്നത്. എം.ഒ.യു അനുസരിച്ച് സർക്കാരുമായി നേരിട്ട് ഒരു സാമ്പത്തിക ഇടപാടും ഇല്ല. ഡിസംബറിൽ സർക്കാരിന് കൈമാറുന്ന ഫ്ളാറ്റ് തുടർന്ന് അർഹർക്ക് നൽകും. നിർമ്മാണക്കരാർ നൽകുന്നതിനിടെ റെഡ്ക്രസന്റോ മറ്റാരെങ്കിലുമോ അനധികൃതമായി പണമിടപാട് നടത്തിയിട്ടുണ്ടെങ്കിൽ അത് അന്വേഷിക്കുന്നതിൽ ഒരു എതിർപ്പുമില്ലെന്നും മന്ത്രി പറഞ്ഞു. നിർമ്മാണം അവസാനഘട്ടത്തിൽ എത്തിനിൽക്കെയാണ് പദ്ധതിയെ കരിനിഴലിലാക്കി തകർക്കാൻ യു.ഡി.എഫ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.