
ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായിരിക്കെ രണ്ടാംഘട്ട സാമ്പത്തിക ഉത്തേജക പാക്കേജ് അവതരിപ്പിക്കാൻ ഒരുങ്ങി കേന്ദ്രസർക്കാർ. പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമുണ്ടായത്. ജി.ഡി.പി ( മൊത്ത ആഭ്യന്തര ഉത്പാദനം) വലിയ തകർച്ച നേരിട്ടതാണ് രണ്ടാംഘട്ട പാക്കേജിലേക്ക് കടക്കാൻ കേന്ദ്രസർക്കാരിനെ നിർബന്ധിച്ചതെന്നാണ് സൂചന.
രാജ്യത്തെ അടിസ്ഥാന സൗകര്യ വികസനം, നിർമ്മാണമേഖല എന്നിവയ്ക്കായും പാക്കേജിൽ പ്രാധാന്യം നൽകുകയെന്നാണ് വിവരം. നഗരങ്ങളിലെ പാവപ്പെട്ടവർക്ക് തൊഴിൽ ലഭ്യമാക്കാനുള്ള പദ്ധതികളുമുണ്ടാകും. തൊഴിലുറപ്പ് പദ്ധതിയുടേതിന് സമാനമായിട്ടായിരിക്കും പദ്ധതിയെന്നാണ് കേന്ദ്രസർക്കാർ വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന സൂചന.
സ്വദേശത്തേയ്‌ക്ക് മടങ്ങിയ ഇതരസംസ്ഥാന തൊഴിലാളികൾ തിരിച്ചെത്താൻ നഗരങ്ങളിലെ തൊഴിലവസരം പ്രയോജനപ്പെടുമെന്നാണ് കേന്ദ്രസർക്കാർ കണക്കുകൂട്ടൽ. ഇതുവഴി നിർമ്മാണ തൊഴിൽ മേഖലയിൽ മാത്രം 65 ലക്ഷം ഇതരസംസ്ഥാന തൊഴിലാളികൾക്ക് ജോലി ലഭ്യമാകും. കൊവിഡ് വ്യാപനംമൂലമുള്ള തളർച്ചയിൽ നിന്ന് രാജ്യം വിമുക്തമായാൽ വികസനത്തിനുള്ള സാദ്ധ്യതകളുണ്ടാകും. അടിസ്ഥാന സൗകര്യം, നിർമ്മാണ മേഖല എന്നിവ കേന്ദ്രീകരിച്ച് പ്രഖ്യാപനങ്ങൾ കൂടിവരുമ്പോൾ സമ്പദ്ഘടനയിൽ ഉണർവ് പ്രകടമാകുമെന്നും കേന്ദ്രസർക്കാർ വിലയിരുത്തുന്നു. ഉപഭോഗം വർദ്ധിക്കുകയും അതിലൂടെ തൊഴിലവസരങ്ങൽ ഉണ്ടാവുകയും ചെയ്യും. അതിന്റെ സാദ്ധ്യതകൾ തേടിയുള്ള നിക്ഷേപമാകും കേന്ദ്രം പ്രഖ്യാപിക്കുന്ന രണ്ടാംഘട്ട ഉത്തേജക പാക്കേജിലുണ്ടാവും.ശമ്പളമില്ലാത്ത ഇടത്തരക്കാർക്കും ചെറുകിട വ്യവസായികൾക്കും പാക്കേജിൽ ഇടം ലഭിക്കും.
കഴിഞ്ഞ മേയിലാണ് കേന്ദ്രസർക്കാർ 20,00,000 കോടി രൂപയുടെ ഉത്തേജക പാക്കേജ് പ്രഖ്യാപിച്ചത്. എന്നാൽ ഇത് കാര്യമായ പ്രതിഫലനമുണ്ടാക്കിയില്ല എന്ന വിലയിരുത്തലാണ് നിലവിലുള്ളത്. സാമ്പത്തിക വർഷത്തിലെ വളർച്ച സംബന്ധിച്ചുള്ള കണക്കുകളിൽ മൊത്ത ആഭ്യന്തര ഉത്‌പാദനത്തിൽ വലിയ തകർച്ചയാണ് ഇന്ത്യ നേരിട്ടുകൊണ്ടിരിക്കുന്നത്. ലോകത്തിലെ ആദ്യ ഇരുപത് സാമ്പത്തിക ശക്തികളിൽ വലിയ തകർച്ച രാജ്യം നേരിടുമ്പോഴാണ് രണ്ടാംഘട്ട ഉത്തേജിക പാക്കേജ് നടപ്പിലാക്കാൻ കേന്ദ്രസർക്കാർ പദ്ധതിയിടുന്നത്.