mammootty

മലയാളികളുടെ പ്രിയ നടന്‍ മമ്മൂട്ടിയുടെ പഴയ അഭിമുഖമാണ് താരത്തിന്റെ പിറന്നാൾ ദിനത്തിൽ സോഷ്യൽ മീഡിയയിൽ വെെറലാവുന്നത്. 1992ൽ മമ്മൂട്ടിയുമായി നടത്തിയ അഭിമുഖവുമാണ് ഏ.വി.എം ഉണ്ണി യൂട്യൂബില്‍ പങ്കുവച്ചത്.

യൂട്യൂബിൽ ലഭ്യമായ മമ്മുട്ടിയുടെ ഏറ്റവും പഴയ അഭിമുഖം ഇതായിരിക്കുമെന്നും വീഡിയോയ്ക്കൊപ്പമുള്ള കുറിപ്പിൽ പറയുന്നു. ‘മെഗാസ്റ്റാര്‍ മമ്മൂട്ടി നൈറ്റ്’ എന്ന പേരില്‍ 1992ല്‍ ഖത്തറില്‍ അരങ്ങേറിയ സ്റ്റേജ് ഷോയ്ക്കിടെയാണ് അഭിമുഖം നടത്തിയത്.

'സിനിമ പുറത്തു നിന്ന കാണുന്ന പോലെയല്ല അകത്ത് നിന്നെന്നും ഇന്ന് ജനങ്ങൾക്കും വല്യ അത്ഭുതമല്ല സിനിമയെന്നും മമ്മൂട്ടി വീഡിയോയിൽ പറയുന്നുണ്ട്. ഇന്ന് സിനിമ ജനങ്ങളിലേക്കിറങ്ങി. സിനിമാ ഷൂട്ടിംഗ് നേരിട്ട് കാണാം. സിനിമയുടെ ഭയങ്കരമായ രഹസ്യം പുറത്തായി. അതിന്റെ തോട് പൊളിച്ചൊരവസ്ഥയാണ് സിനിമയ്ക്കിന്നെന്നും നടൻ പറയുന്നു. സിനിമയുടെ പ്രൈവസി ഉണ്ടല്ലോ, നമ്മുടെ പ്രൈവസ് എന്തായാലും പോകും. സിനിമയുടെ പ്രൈവസി... അതിന്റെ പല കാര്യങ്ങളും ജനങ്ങളുടെ മുൻപിൽ വച്ചെടുക്കുന്നതുകൊണ്ട് അവരെ വിശ്വസിപ്പിച്ചെടുക്കാൻ ബുദ്ധിമുട്ടാണ്.

വെറും സിനിമാ മോഹം കൊണ്ട് മാത്രം ആരും സിനിമയിലേക്ക് വന്ന് അബദ്ധത്തിൽ ചാടരുത്. സിനിമയെ കുറിച്ചും, സിനിമാ ചിത്രീകരണത്തെ കുറിച്ചും അറിയാതെ ഉള്ള ജോലി നഷ്ടപ്പെടുത്തി സിനിമാക്കാരനാകാൻ നോക്കരുത്' എന്നിങ്ങനെയുള്ള ഉപദേശവും ഗൾഫിൽ നിന്ന് സിനിമാ രംഗത്തേക്ക് വരുന്നവരോടും മമ്മൂട്ടി അഭിമുഖത്തിൽ പറയുന്നുണ്ട്.

ഷോയില്‍ പങ്കെടുക്കാനെത്തിയവര്‍ക്ക് ഒരുക്കിയ സ്വീകരണവും വീഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മമ്മൂട്ടിയുടെ ഭാര്യ സുല്‍ഫത്ത്, മകന്‍ ദുല്‍ഖര്‍ സല്‍മാന്‍, മുരളി, സൈനുദ്ദീന്‍, കൊച്ചിന്‍ ഹനീഫ, ശോഭന, ലോഹിതദാസ് എന്നിവരേയും വീഡിയോയില്‍ കാണാം.