കൊല്ലം: മലയാളത്തിലെ ആദ്യത്തെ ആക്ഷൻ ഹീറോ എന്ന് വിശേഷിപ്പിക്കപ്പെടുന്ന നടൻ ജയന് സംസ്ഥാനത്ത് ആദ്യമായി സ്മാരകം ഒരുങ്ങുന്നു. ഒരുകാേടി രൂപ ചെലവിൽ ജില്ലാപഞ്ചായത്താണ് ജയന്റെ കുടുംബവീട്ടിൽ നിന്ന് 100 മീറ്റർ അകലെ സ്മാരകമായി ഹാൾ നിർമ്മിച്ചത്. ഒരാഴ്ചയ്ക്കകം നാടിനു സമർപ്പിക്കും. അവസാനവട്ട മിനുക്കുപണികളാണ് ഇപ്പോൾ നടക്കുന്നത്.
ജയന്റെ വേർപാടിന് 40 വയസാകുമ്പോഴാണ് സ്മാരകം ഉയരുന്നത്. ജയന്റെ കുടുംബ വീടിന് മുന്നിൽ തേവളളി ജയൻ സ്മാരക ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് സ്ഥാപിച്ച പൂർണകായ പ്രതിമ മാത്രമാണ് സംസ്ഥാനത്ത് നിലവിൽ അദ്ദേഹത്തിന്റെ ഓർമ്മയ്ക്കായി ഉളളത്.
ജില്ലാ പഞ്ചായത്ത് അങ്കണത്തിൽ, കല്ലുമാല സമരത്തിന്റെ സ്മാരകമായി കമ്മാൻ കുളത്തിന്റെ വശത്തുളള ഐ ടി ഹാൾ നവീകരിച്ചാണ് ജയൻ സ്മാരകം ആക്കിയത്. സെൻട്രലൈസ്ഡ് എ സി ,അത്യാധുനിക ശബ്ദ, വെളിച്ച സംവിധാനം, സി സി ടി വി എന്നിവയടക്കം സജ്ജമാക്കിയാണ് ഹാൾ നവീകരിച്ചത്. 450 പേർക്കുളള ഇരിപ്പിടങ്ങൾ ക്രമീകരിച്ചിട്ടുണ്ട്. വിവാഹം ഉൾപ്പടെയുളള ആവശ്യങ്ങൾക്ക് ഹാൾ ഉപയോഗിക്കാനാവും. സർക്കാരിന്റെ അക്രഡിറ്റഡ് ഏജൻസിയായ ആർട്ട് കോ ലിമിറ്റഡ് ആണ് നിർമാണം നടത്തിയത്. ഹാളിൽ ആറ് അടി ഉയരത്തിൽ ജയന്റെ എണ്ണഛായാ ചിത്രം സ്ഥാപിക്കും.
1970കളുടെ അവസാനത്തിൽ മലയാള സിനിമയിലെ ഏറ്റവും ജനപ്രിയ നടനായിരുന്നു കൃഷ്ണൻ നായർ എന്ന ജയൻ 1939 ജൂലായ് 25നായിരുന്നു ജനനം. കോളിളക്കം എന്ന സിനിമയുടെ ഷൂട്ടിംഗിനിടെ 41ാമത്തെ വയസിൽ ചെന്നൈ ഷോളാവാരത്ത് ഹെലികോപ്ടർ അപകടത്തിലായിരുന്നു മരണം. 125ൽ ഏറെ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. സിനിമയിൽ എത്തുന്നതിന് മുമ്പ് 15 വർഷത്തോളം നാവികസേനയിലായിരുന്നു.