തിരുവനന്തപുരം: സംസ്ഥാനമൊട്ടാകെ നടക്കുന്ന സമരങ്ങളിൽ പ്രതിഷേധക്കാരെ നേരിടാൻ 2000 ഫൈബർ ലാത്തി വാങ്ങാനൊരുങ്ങി കേരള പൊലീസ്. 30 ലക്ഷം രൂപ ചിലവിട്ടാണ് പുതിയ ലാത്തികൾ വാങ്ങുന്നത്. കൂടാതെ 16 ലക്ഷം രൂപ ചിലവിട്ട് സേനയ്ക്കായി പുതിയ 64 ബാരിക്കേഡുകളും വാങ്ങാൻ തീരുമാനിച്ചു.
‘ഒടിയാത്ത’ ലാത്തി വേണമെന്നും മൂന്ന് വർഷം വാറന്റി നൽകണമെന്നും പ്രത്യേകം ആവശ്യപ്പെട്ടിട്ടുണ്ട്. മൂന്ന് മാസത്തിനകം ഫൈബർ ലാത്തി സേനയ്ക്കു ലഭ്യമാക്കും. ഇതിനായി ടെൻഡർ ക്ഷണിച്ചു. എ ആർ ക്യാംപുകളിലും പൊലീസ് സ്റ്റേഷനുകളിലും ലാത്തികൾ വീതിച്ചു നൽകും. സമരക്കാരെ നേരിടുന്ന ലാത്തികൾ ഒടിയുന്നെന്ന് ഉദ്യോഗസ്ഥരുടെ ഇടയിൽ സ്ഥിരം പരാതിയുണ്ടായിരുന്നു.
മുള കൊണ്ടുള്ള ലാത്തികളാണു സേനയിൽ കൂടുതൽ. ഇടയ്ക്കു പ്ലാസ്റ്റിക് ലാത്തി പരീക്ഷിച്ചെങ്കിലും വിജയിച്ചില്ല. മൂന്ന് വർഷം മുമ്പ് വാങ്ങിയ പോളി കാർബണേറ്റഡ് ലാത്തികൾ ഒടിഞ്ഞത് വിവാദത്തിനിടയാക്കിയിരുന്നു.