കൊട്ടിയം: വിവാഹത്തിൽ നിന്ന് വരൻ പിന്മാറിയതിൽ മനംനൊന്ത് പെൺകുട്ടി ആത്മഹത്യ ചെയ്ത സംഭവത്തിൽ പള്ളിമുത്ത് സ്വദേശി ഹാരിസിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ ഇയാളെ അന്വേഷണ സംഘം ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നു. പിന്നാലെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
പെൺകുട്ടിയുടെയും ഹാരിസിന്റെയും ഫോൺ കോൾ രേഖകളും അന്വേഷണസംഘം പരിശോധിച്ചു. ഒരു സീരിയൽ നടിയുടെ ഭർതൃ സഹോദരനാണ് ഹാരിസ്. സംഭവത്തിൽ നടിയുടെ പങ്കിനെപ്പറ്റിയും അന്വേഷണം നടക്കുന്നുണ്ടെന്നാണ് സൂചന.
ഇരവിപുരം വാളത്തുംഗൽ വാഴക്കൂട്ടത്തിൽ പടിഞ്ഞാറ്റതിൽ നിന്ന് കൊട്ടിയം കൊട്ടുംപുറം പള്ളിക്ക് സമീപം വാടകയ്ക്ക് താമസിക്കുന്ന റഹിമിന്റെയും നദീറയുടെയും മകൾ റംസിയാണ് (24) കഴിഞ്ഞ വ്യാഴാഴ്ച ആത്മഹത്യ ചെയ്തത്. കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിലാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
ഹാരീസുമായി റംസിയുടെ വിവാഹം ഉറപ്പിച്ചിരുന്നതായി വീട്ടുകാർ പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. വളയിടൽ ചടങ്ങുകളും മറ്റ് സാമ്പത്തിക ഇടപാടുകളും കഴിഞ്ഞശേഷം ഇയാൾ വിവാഹത്തിൽ നിന്ന് പിന്മാറുകയായിരുന്നു. റംസി മരിക്കുന്നതിന് മുമ്പ് ഹാരീസിന്റെ അമ്മയുമായി നടത്തിയ ടെലിഫോൺ സംഭാഷണത്തിന്റെ ഓഡിയോ ക്ലിപ്പ് കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.