letters

കൊവിഡ് ബാധിതയായ യുവതിയെ ആംബുലൻസിൽ പീഡിപ്പിച്ച സംഭവം കേരളത്തെ ഞെട്ടിച്ചിരിക്കുകയാണ്. ഇത്ര ഗുരുതരമായ കുറ്റകൃത്യം നടത്തിയ പ്രതി കൊലക്കേസ് പ്രതി കൂടിയാണ് എന്നറിയുമ്പോഴാണ് നമ്മുടെ സംവിധാനങ്ങളുടെ ഗുരുതരായ വീഴ്‌ചകൾ ബോദ്ധ്യപ്പെടുന്നത്. ഒരു കൊലക്കേസ് പ്രതിയെ 108 ആംബുലൻസിന്റെ ഡ്രൈവറാക്കിയവർ, ഡ്രൈവർമാരെ തിരഞ്ഞെടുക്കുമ്പോൾ എന്ത് സൂക്ഷ്‌മപരിശോധനയാണ് നടത്തുന്നത് ? ഇത്രയും പ്രധാനപ്പെട്ടതും ഉത്തരവാദിത്തവും പ്രതിബദ്ധതയും ആവശ്യമായ ജോലികളിൽ ഏർപ്പെടുന്നവർ എങ്ങനെയുള്ളവരായിരിക്കണം എന്നതിന്റെ മാനദണ്‌ഡം എന്താണ് ? അതോ ഏത് കുറ്റവാളിക്കും കയറിപ്പറ്റാവുന്ന ജോലികളാണോ ഇതൊക്കെ ?

ഇങ്ങനെ പോയാൽ കള്ളക്കടത്തുകാരും കൊലപാതകികളും ഡോക്‌ടർമാരുടെ വേഷത്തിലെത്തുന്ന കാലവും വിദൂരമല്ല. എവിടെയാണ് സാധാരണക്കാരന്റെ സുരക്ഷിതത്വം? ഇത്രയും ഗൗരവമേറിയ ഒരു വീഴ്‌ചയ്‌ക്കെതിരെയുള്ള നടപടി പതിവ് അന്വേഷണത്തിലും വിശദീകരണം ചോദിക്കലിലും ഒതുങ്ങരുത് .

കെ.എസ്. ലക്ഷ്‌മിക്കുട്ടി

ചവറ, കൊല്ലം

ബുദ്ധിരാക്ഷസന്മാരേ ജാഗ്രതൈ...

രണ്ടു കാറ്റാടിക്കഴകൾ കൂടിയില്ലെങ്കിൽ ജനാധിപത്യം ഇവിടെ നിലംപൊത്തുമെന്ന് ആരാണു തീരുമാനിച്ചത്....?

സംസ്ഥാനത്തിന്റെ എതിർപ്പ് അവഗണിച്ച് അനാവശ്യമായ ഈ തെരഞ്ഞെടുപ്പുമായി മുന്നോട്ടു പോവാൻ ആർക്കാണു നിർബന്ധം...?

ഈ തെരഞ്ഞെടുപ്പു കോപ്രായത്തിനു വേണ്ടി തുലയ്ക്കുന്ന കോടികൾ കണ്ടെത്തേണ്ടതും നികുതി നൽകുന്ന ഇവിടത്തെ കൊഞ്ഞാണന്മാർ തന്നെയല്ലേ...?

അച്ചരാഭ്യാസമുള്ള ഒരുത്തൻ പോലും നമ്മുടെ പാർട്ടിയിലില്ലേ എന്നു പണ്ടൊരു ചോട്ടാ നേതാവ് ചോദിച്ചതു പോലെ ഈ തോന്ന്യാസങ്ങൾ ചോദ്യം ചെയ്യാൻ മാത്രം വിവരമുള്ള നിയമജ്ഞരാരും ഇവിടില്ലേ...?

ഇപ്പോൾ ഈ സാംപിളിൽ കടിച്ചുപിടിച്ചു കിടന്നു , വരാൻ പോവുന്ന വലിയ കടൽ നീന്തിക്കടക്കാമെന്നു കരുതുന്ന ഇരുമുന്നണികളുമേ .നിങ്ങൾക്ക് ഹാ കഷ്ടം...!!

അവിടെ നിങ്ങൾക്കു തെറ്റും...!
നിങ്ങളുടെ കണക്കുകൂട്ടൽ തെറ്റും...!!
പണ്ഡിറ്റുകളേ ഉറപ്പായും തെറ്റും...!!!

ജനം തൊഴിക്കാൻ അറിയാവുന്ന കഴുതയാവാ
ൻ പോവുകയാണ്...!

പാർട്ടി നോക്കി ഞെക്കുന്ന കാലം കഴിഞ്ഞു...!
നല്ല സ്ഥാനാർത്ഥിയെ നിർത്തിയാൽ രക്ഷപ്പെടും...!
അല്ലെങ്കിൽ നോട്ട കൊണ്ടു പോവും....!! കട്ടായം....!!!

ചിന്തിക്കുന്ന കേവലം രണ്ടു ശതമാനം ആയിരിക്കും ഇവിടെ വരാൻ പോവുന്ന എല്ലാ തെരഞ്ഞെടുപ്പിലും ഫലം തീരുമാനിക്കുക....!!
ജാഗ്രതൈ....!!!

ജോസ് കെ. തോമസ്

കുളനട, പന്തളം