narendra-modi

ന്യൂഡൽഹി: വിഷയങ്ങൾ പഠിക്കുന്നതിനേക്കാൾ കുട്ടികൾ ജ്ഞാനം ആർജിക്കുന്നതിനാണ് പുതിയ വിദ്യാഭ്യാസ നയം കൂടുതൽ ശ്രദ്ധ പതിപ്പിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തിന്റെ സ്വപ്‌നം സാക്ഷാത്കരിക്കുന്നതിന് വിദ്യാഭ്യാസ നയം വഹിക്കുന്ന പങ്ക് സുപ്രധാനമാണ്. വിദ്യാഭ്യാസ സമ്പ്രദായത്തിൽ കേന്ദ്രവും സംസ്ഥാന സർക്കാരുകളും തദ്ദേശ സ്ഥാപനങ്ങളും അടക്കം എല്ലാവർക്കും ഉത്തരവാദിത്തമുണ്ട്. എന്നാൽ വിദ്യാഭ്യാസ നയത്തിൽ സർക്കാർ ഇടപെടൽ നാമമാത്രമായിരിക്കുമെന്നും പ്രധാനമന്ത്രി പറ‌ഞ്ഞു. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഗവർണറുമാരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവിധ സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസമന്ത്രിമാരും സർവകലാശാല വൈസ് ചാൻസലർമാരും യോഗത്തിൽ പങ്കെടുത്തു.

അദ്ധ്യാപകരുടെയും രക്ഷിതാക്കളുടെയും പങ്കാളിത്തം വർദ്ധിപ്പിക്കുന്നതാണ് പുതിയ വിദ്യാഭ്യാസ നയം. വിദ്യാർത്ഥികൾക്കാണ് ഇതിൽ ഏറ്റവുമധികം പ്രാധാന്യം. സമഗ്രമായ നയത്തിനാണ് രൂപം നൽകിയിരിക്കുന്നത്. അതിനാൽ വിദ്യാഭ്യാസ നയത്തിന്റെ പ്രധാന്യവും ഏറെയാണ്. വിദ്യാഭ്യാസ നയവും വിദ്യാഭ്യാസ സമ്പ്രദായവും രാജ്യത്തിന്റെ അഭിലാഷങ്ങൾ നിറവേറ്റുന്നതിനുള്ള പ്രധാന മാർഗങ്ങളാണ്. പുതിയ വിദ്യാഭ്യാസ നയത്തിൽ വിദ്യാർത്ഥികളുടെ സമ്മർദം കുറയ്‌ക്കുന്നതിനുള്ള നടപടികളാണ് ആദ്യം സ്വീകരിച്ചത്.

വിദ്യാർത്ഥികളുടെ അഭിനിവേശം, പ്രായോഗികത, പ്രകടനം എന്നിവയിൽ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് പാഠ്യപദ്ധതിയെക്കാൾ വിമർശനാത്മക ചിന്തയെ അടിസ്ഥാനമാക്കിയുള്ളതാണ് ദേശീയ വിദ്യാഭ്യാസ നയം. ഇന്ത്യയിൽ അന്താരാഷ്ട്ര നിലവാരമുള്ള ക്യാമ്പസുകൾ തുറക്കാനും മികച്ച സാമ്പത്തിക വിദ‌ഗ്‌ദ്ധരെ വാർത്തെടുക്കാനും ദേശീയ വിദ്യാഭ്യാസനയം വഴി സാധിക്കും. ഈ നയം അക്ഷരത്തിലും ആത്മാവിലും നടപ്പാക്കേണ്ടത് സർക്കാരിന്റെ കൂട്ടായ ഉത്തരവാദിത്തമാണ്. അദ്ധ്യാപകരും മാതാപിതാക്കളും വിദ്യാർത്ഥികളും ഇഴചേർന്ന വിശാല കാഴ്ചപ്പാടാണ് ദേശീയ വിദ്യാഭ്യാസനയത്തിനുള്ളതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.